Wednesday, September 23, 2009

വ്രതാനന്തര വാര്‍ത്തകള്‍ !

ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ്‌ ആഘോഷിച്ചു.

സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ്‌ ആഘോഷിച്ചു.

ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.

ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,

ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..

ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ്‌ അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ്‌ ആഘോഷിച്ചു.

ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ്‌ ആഘോഷിച്ചു.

പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...

ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ

ഇനിയുള്ള ജീവിത രംഗങ്ങള്‍..

അതോ,

അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !

എക്സ്‌ ക്യൂസ്മി.

....................................