Sunday, July 8, 2012

ഹിറ, ചരിത്രത്തിന്റെ ഉള്‍വിളികള്‍


ജ്യാമിതീയ രൂപമായ ക്യൂബ് പോലെ കഅബ കണ്മുന്നില്‍ മനോഹര ദൃശ്യമായി.  ലോകത്തിലെ ആദ്യത്തെ ആരാധനാലയം. മാലാഖമാര്‍ പ്രദക്ഷിണം ചെയ്യുന്ന ശാന്തിയുടെ തീരം. അവിടെ ഒരു നമസ്കാരം നിര്‍വഹിക്കപെടുകയാണ്. കഅബക്ക് ചുറ്റും തിരിഞ്ഞു കൊണ്ടിരുന്ന ജനസഞ്ചയവും രാഷ്ട്ര, ഭാഷ, വര്‍ണ, വര്‍ഗ്ഗ, ധനിക, ദരിദ്ര വിത്യാസമില്ലാതെ  അവിടെക്കൊഴുകിയെത്തിയവരും കഅബക്ക് ചുറ്റും സ്വയം വൃത്തമായി. ഒരു വൃത്തത്തിന്റെ  തരംഗങ്ങള്‍ പോലെ, പൂവിന്റെ ഇതളുകള്‍ പോലെ  ലോകം  സുജൂദില്‍ നിന്നും ഒരേ താളത്തില്‍ വിടരുന്ന കാഴ്ച. തികഞ്ഞ നിശബ്ദതയില്‍ ഏകാഗ്രമായ മനസ്സുകള്‍ ഒരേ ഭാഷയില്‍ സൃഷ്ടാവിനോട് സംസാരിക്കുകയാണ്.  നിലക്കാതെയുള്ള പ്രവാഹം അപ്പോഴും ഓരോ വൃത്തവും  പൂര്‍ണമാക്കി കൊണ്ടു അടുത്തതിലേക്ക് പ്രവേശിക്കുന്നുണ്ട്‌. 

നമസ്കാരം സമത്വത്തിനപ്പുറം സൃഷ്ടാവിന് മുന്നില്‍ ജീവിതത്തെ സമര്‍പ്പിക്കുന്നുവേന്നതിന്റെ നേര്‍ കാഴ്ചയാണ്. പല വിഭാഗീയതയും നടമാടുന്ന ആധുനിക ലോകത്ത് നിന്നു കൊണ്ടു വീക്ഷിക്കുമ്പോള്‍ ലോകത്തിലെ വിവിധ രാജ്യാങ്ങളില്‍ നിന്നുള്ളവര്‍ ഒരു മനസ്സാകുന്ന കാഴ്ചയില്‍ മക്ക ഒരു നിത്യവിസ്മയമാണ്.  നമസ്കാരത്തില്‍ നിന്നും വിരമിച്ചു കൊണ്ടു പല രാജ്യങ്ങള്‍, ഭാഷകള്‍, വര്‍ണ വര്‍ഗ്ഗ വിത്യാസമില്ലാതെ  ഒന്നായി ഹറമിന്റെ വാതിലുകളിലൂടെ പുറത്തേക്കൊഴുകി. അതിലൊരാളായി ഞാനും. 

വിശാലമായ ഹറമിന്റെ ചുറ്റുമുള്ള എല്ലാ വാതിലുകളും  ജനസഞ്ചയത്തെ  പുറത്തേക്കു  കടത് തിവിടുകയാണ്. തിരക്കുകളില്‍ പെട്ട് ഞാനും ഒരു വാതിലിലൂടെ പുറത്തെത്തി. ഈ വഴിയാകണം എന്റെ ചെരുപ്പുകള്‍ അഴിച്ചു വെച്ചു പ്രവേശിച്ചത്‌. ഞാനെന്റെ ചെരുപ്പ് അന്വേഷിക്കാന്‍ തുടങ്ങി. വെച്ച സ്ഥലത്ത് അവ കാണുന്നില്ല. നിലക്കാതെ ഒഴുകിയെത്തുന്ന  ഈ ജനലക്ഷങ്ങളില്‍ ആരെങ്കിലും മാറി എടുത്തു കാണണം. തിരക്കില്‍ നഷ്ടപെടാന്‍ സാധ്യതയുടെന്നരിഞ്ഞു കൊണ്ടു തന്നെ വിലകുറഞ്ഞ സ്ലിപ്പര്‍ ആണ് കരുതിയിരുന്നത്. അത്ര മാത്രം ചെരുപ്പുകള്‍ പുറത്തു ചുമരിനോട് കൂടി സ്ഥാപിച്ചിരിക്കുന്ന റാക്കുകളില്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ ഞാന്‍ മറ്റൊരു വാതിലില്‍ കൂടിയായിരിക്കണം പ്രവേശിച്ചത്‌. തിരക്കിനിടയിലൂടെ സംശയിക്കുന്ന ഭാഗത്തേക്ക് ഞാന്‍ നടന്നു. അവിടെയും ഫലം തഥൈവ  ! തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരേ പോലെയുള്ള പ്രവേശന മാര്‍ഗ്ഗങ്ങള്‍. ഇതുപോലെ ചുറ്റുഭാഗത്തും  95 വാതിലുകള്‍ ഉണ്ടെന്നാനരിഞ്ഞത്‌.  നഗ്ന പാദനായി പുറത്തെ വിശാലമായ  സ്ഥലത്തേക്ക് ഞാന്‍ നടന്നു...ചൂടിനെ അവഗണിച്ചു കൊണ്ടു  ഓരോ ഭാഗത്തും ആളുകളുടെ ഓരോ കൂട്ടങ്ങള്‍ ! അവര്‍ ചുറ്റും കൂടിയിരുന്നു അവരുടെ ഭാഷയില്‍ സംസാരിക്കുന്നു. സൂര്യന്‍ ചൂടിന്റെ കാഠിന്യം കുറച്ച്‌ കൊണ്ടു സയാഹ്നതിലെക്കുള്ള യാത്രയിലാണ്.

ഹറമിന് ചുറ്റും മലകളാണ്. ചരിത്രത്തിന്റെ സ്മരണകള്‍ ചില മലകള്‍ക്കൊക്കെ  ഉണ്ടായത് കൊണ്ടായിരിക്കണം അവ ഇപ്പോഴും നിശബ്ദമായി നിലകൊള്ളുന്നത്. ചിലത് കെട്ടിടങ്ങള്‍ നിറഞ്ഞു മലയുടെ രൂപം തന്നെ മാറ്റിയിരിക്കുന്നു.   മാര്ബ്ല്‍ ഫ്ലോറിലൂടെ സഅ'യ് ചെയ്യുമ്പോള്‍ ഹാജറ (റ ) ഓടി തളര്‍ന്ന മലകള്‍ക്ക് പകരം  ഹറമി നകത്ത് രണ്ടറ്റങ്ങള്‍  അടയാളപെ ടുത്തിയ ഭാഗം സഫ-മര്‍വ മലകളുടെതാനെന്നു  തിരിച്ചറിയാന് ‍ പോലും കഴിഞ്ഞില്ലെന്നത് ഓര്‍ത്തു.   എന്റെ നോട്ടം സമീപത്തുള്ള ഒരു കുന്നിന്റെ നേരെ തിരിഞ്ഞു. വികസനത്തിന്‌ വേണ്ടിയായിരിക്കണം ആ കുന്നിനു മുകളില്‍ ഒരു കാറ്റര്‍ പില്ലര്‍ പാറകളെ ഇടിച്ചു പൊട്ടിക്കുന്നുണ്ട്. ഒരു കുന്നു ഇല്ലാതാവുകയാണ്...അതിലെവിടെയോ ഉണ്ടായിരുന്ന ആവാസം നഷ്ടമായത് കൊണ്ടാവണം കുറച്ച്‌  പക്ഷികള്‍  അകലേക്ക്‌ പറന്നു പോകുന്നത് കാണാം...കുന്നിടിച്ചു നിരത്താന്‍ നമുക്കെന്തവകാശം...പ്രകൃതിയെ രൂപ ഭേദം വരുത്തുന്നതിന്റെ ന്യായീകരണം വികസനമാനെങ്കില്‍ അത്‌ പ്രകൃതി വിരുദ്ധമായ വികസനമല്ലേ ? സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നത് എത്രമാത്രം ശരിയാണ്...പരിസ്ഥിതിയോടുള്ള പ്രവാചകന്റെ തൌഹീദ് ഈ വികസനവുമായി  എങ്ങിനെ പൊരുത്തപെടും!  എന്റെ ചിന്തകളുമായി ഞാന്‍ ഒറ്റയ്ക്ക് വിശാലമായ ഹറമിന്റെ ഫ്ലോറിലൂടെ  നടന്നു കൊണ്ടിരുന്നു. ഓരോ ആള്കൂട്ടങ്ങളെയും കടന്നു ഞാന്‍ വാഹനങ്ങളുമായി ചീറി പായുന്ന റോഡിലെക്കെത്തി. 

പ്രവാചകന്‍ നടന്നു പോയ വഴികള്‍ മിനുസമാര്‍ന്ന റോഡായി മാറിയിരിക്കുന്നു. ആ പാദസ്പര്‍ശനങ്ങളൊക്കെ ഏറ്റു വാങ്ങിയ മണല്‍തരികള്‍ അതിനടിയില്‍ ഉണ്ടായിരിക്കാം. ഇനി പ്രവാചക ജീവിതത്തെ വരച്ചെടുത്ത  ജബല്‍ നൂറു കാണണം. ലോകത്തിന്റെ അന്ധകാരത്തിലേക്ക് പ്രകാശം പരത്തിയ പര്‍വതം!  മലകള്‍ക്കിടയിലെ വെറും ഒരു മലയല്ലല്ലോ ജബല്‍ നൂര്‍.   കുറച്ച്‌ മുന്നോട്ടു നടക്കവേ വലിയ  പാറകെട്ടിലെ  തുരങ്കത്തിലൂടെ ഒരു പാത കടന്നു പോകുന്നു. വിവിധ ഭാഷക്കാരായ ആളുകള്‍ സമീപത്തുകൂടി എതിരെയും കുറുകെയും പോകുന്നുണ്ട്. പെട്ടെന്ന് ഒരു ടാക്സി മുന്നില്‍ വന്നു നിന്നു. ഡ്രൈവര്‍ അറബിയാണ്. ഹിന്ദിയും അറബിയും കൂട്ടി കലര്‍ത്തി എന്നോട് എവിടെക്കെന്നു ചോദിച്ചു. ജബല്‍ നൂറിലെക്കെന്ന് പറഞ്ഞു ഞാന്‍ ടാക്സിയില്‍ കയറി. പതിനഞ്ചു മിനിട്ട് എടുക്കും അവിടെയെത്താന്‍. കാറ് അതിവേഗത്തില്‍ ഓരോ സിഗ്നലുകളും, തിരിവുകളും പിറകിലാക്കി മുന്നോട്ടു പോയ്കൊണ്ടിരുന്നു. ഡ്രൈവര്‍ താഇഫ്‌ കാരനെന്നു സ്വയം പരിചയപെടുത്തി.  പ്രവാചകനെ ഉപദ്രവിച്ച സമൂഹത്തിന്റെ നാട്. ആ പേരു കേട്ടപ്പോള്‍ രക്തം വാര്‍ന്നു തളര്‍ന്നു പാതയോരത്ത് ഇരിക്കുന്ന പ്രവാചകനെ ഓര്മ വന്നു. 

മക്കയിലെ ഉപദ്രവം കഠിനമായപ്പോള്‍ പ്രതീക്ഷയോടെ തന്റെ പ്രബോധന ദൌത്യവുമായി യാത്ര തിരിച്ച പ്രവാചകന്‍ താഇഫിലെത്തി. സന്ദേശം കേട്ടരിഞ്ഞവര്‍ പ്രവാചകനെ നാല് ഭാഗത്ത്‌ നിന്നും ആക്രമിച്ചു. തളര്‍ന്നിരുന്ന പ്രവാചകനെ ഭ്രാന്തന്‍ എന്ന് വിളിച്ചു വലിച്ചിഴച്ചു. മര്ധനതിന്റെ പാരമ്യത്തില്‍ ദാഹജലം പോലും നിഷേദിച്ചു. പൊള്ളുന്ന വെയിലില്‍ താഇഫുകാരുടെ മര്‍ദ്ദനത്തിന്റെ മുറിവും  പേറി മരച്ചുവട്ടിലിരുന്നു പ്രവാചകന്‍ പ്രാര്‍ഥിച്ചു. "അല്ലാഹുവേ നീ മര്‍ദ്ദിക്കപ്പെടുന്നവരുടെ നാഥനാണ്‌നീയാണെന്റെ നാഥന്‍, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധം എന്റെ അറിവ് പകര്‍ന്നു കൊടുക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് എന്നെ മനസ്സിലാക്കതിരുന്നത്‌അവരെ ശിക്ഷക്ക്‌ വിധേയമാക്കരുതേ..." 

പ്രവാചകന്റെ പ്രാര്‍ഥനയുടെ ഫലം ! കല്ലെറിഞ്ഞു ആട്ടിയോടിച്ച ജനതയില്‍ നിന്നും ഈ മാറ്റതിലെക്കുള്ള പ്രയാണത്തിന് വേണ്ടി  പ്രവാച്ചകനേറ്റു വാങ്ങിയ വേദനകള്‍, മുറിവുകള്‍ ചരിത്രത്തില്‍ മായാതെ കിടക്കുന്നു.  പ്രവാചകനെ ഏറ്റു വാങ്ങിയ താഇഫ്‌ പ്രദേശത്ത് നിന്നും ഒരാള്‍ ഇപ്പോള്‍ ജബല് നൂറിലെക്കുള്ള എന്റെ വഴികാട്ടിയായി. സംസാരത്തി നിടെ ഞാന്‍ കേരളത്തില്‍ നിന്നാനെന്നരിഞ്ഞപ്പോള്‍  സംസാരം കേരളത്തെയും, മലയാളികളെയും കുറിച്ചായി. മലയാളികള്‍ നല്ലവരെന്നു സര്ടിഫികട്റ്റ് തന്നു. ആ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞില്ല ! മാര്‍ഗ മദ്ധ്യേ ഇടതു വശത്ത് പല ഭാഗത്തായി ചിതറിയ മലകള്‍ പ്രത്യക്ഷമായി തുടങ്ങി. പരസ്പരം തൊട്ടു തൊട്ടു ചെറുതും, വലുതുമായ ഓരോ കുന്നുകള്‍. കാണുന്നത്ര അടുത്തല്ല അവയൊന്നും. ആരൊക്കെയോ നടന്നു കയറി പോകുന്നത് അവ്യക്തമായി കാണാം. പറഞ്ഞ സമയം അടുത്തെത്തി. അവിടെയവിടെയായി കുറച്ച്‌ കടകള്‍. വാഹനത്തിന്റെ സ്പീഡ് കുറച്ച്‌ കൊണ്ടു ഡ്രൈവര്‍ കൈ ചൂണ്ടി പറഞ്ഞു. അതാ ആ കാണുന്നതാണ് ജബല്‍ നൂര്‍ !

കാര്‍ ജബല്‍ നൂറിലേക്ക് തിരിഞ്ഞു പോകുന്ന റോഡിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ടാക്സി ചാര്‍ജ് കൊടുത്തു പരസ്പരം സലാം പറഞ്ഞു ഞാന്‍ കാറില്‍ നിന്നും ഇറങ്ങി മുന്നോട്ടു  നടന്നു.  നല്ല ഉയരത്തില്‍ ജബല്‍ നൂര്‍. സന്ദര്‍ശകര്‍  മലയുടെ മുകളിലേക് കും, താഴെക്കുമായി ചലിച്ചു കൊണ്ടിരിക്കുന്നു. പ്രവാചക ദൌത്യത്തിന്റെ ചരിത്രം പറയുന്ന ജബല്‍ നൂറിനു അതിന്റെ പേരിലുള്ള ചൂഷണം ഒഴിവാക്കാനായിരിക്കണം പ്രത്യേക പരിവേഷമോന്നും നല്കീയിട്ടില്ല!    ഇനിയും കുറച്ച്‌ നടക്കണം മലയുടെ അടിവാരത്തിലെത്താന്‍. ഞാന്‍ റോഡിലൂടെ മുന്നോട്ടു  നടന്നു മലയുടെ സമീപം എത്തി. ഒന്നു രണ്ടു ചെറിയ ഷോപ്പുകള്‍. ഒരു ഗ്രാമാന്തരീക്ഷത്തിന്റെ സുഖം. ആ നാട്ടുകാരായ കുറച്ച്‌ പേര്‍ കടയില്‍ നിന്നും എന്തൊക്കെയോ വാങ്ങുന്നു. ആ കടയില്‍ നിന്നും വെള്ളവും, മറ്റെന്തൊക്കെയോ വാങ്ങി കിറ്റിലാക്കി എനിക്ക് മുന്നില്‍ ആരൊക്കെയോ മലയിലേക്കു കയറുവാന്‍ തുടങ്ങുകയാണ്. ഞാനും രണ്ടു  കുപ്പി വെള്ളം വാങ്ങി കയ്യില്‍ വെച്ചു. താഴെ നിന്നു കൊണ്ടു നിന്നു മുകളിലേക്ക് ഒന്നു കൂടി നോക്കി.  പൊട്ടുപോലെ തോന്നുന്ന  മനുഷ്യര്‍ മലയുടെ  നെറുകയിലേക്ക് കയറി പോകുന്നുണ്ട്. ഞാന്‍ മല കയറാന്‍ ആരംഭിച്ചു. അഞ്ചോ ആറൊ ചുവടു മുന്നോട്ടു നീങ്ങിയപ്പോഴാണ് കുത്തനെയുള്ള കയറ്റം കാലുകള്‍ക്ക്  അത്ര എളുപ്പമായിരിക്കില്ല എന്ന് മനസ്സിലായത്. കുറച്ച്‌ നേരം കണ്ണടച്ചു നിന്നു. പ്രവാചകന്റെ പദസഞ്ചലനം ഒരു ഗദ്ഗദമായി മനസ്സില്‍ നിറഞ്ഞു. 

ആരും ഇല്ലാതെ ഏകനായി മല കയറി പോകുന്ന ഒരു പ്രവാചകന്‍  മനസ്സില്‍ തെളിഞ്ഞു. ഇന്ന് കാണുന്ന  സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തില്‍ ഈ മലയിലേക്കു കയറി പോകാനുള്ള പ്രചോദനം  എന്തായിരിക്കണം. ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു കയറാന്‍ തുടങ്ങിയപ്പോള്‍ നേരിയ കിതപ്പും, ശ്വാസഗതി വേഗത്തില്‍ ആകാനും തുടങ്ങി. കിതപ്പില്‍  നിന്നും ഞാനറിയാതെ ഒരാത്മഗതം വന്നു. അല്ലയോ പ്രവാചകാ, അങ്ങെന്തിനായിരുന്നു ദുര്‍ഘടം പിടിച്ച ഈ മല മുകളിലേക്ക് കയറി പോയത് ?  ജീവിത സായാഹ്നത്തിലും  അങ്ങയെ കാണാന്‍ വഴി ദൂരം താണ്ടി ഭക്ഷണ പാത്രവുമായി നടന്നു കയറിയ അങ്ങയുടെ പത്നിയെ ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നു. കാലുകള്‍ തളരാതെ അവര്‍ ഒറ്റയ്ക്ക്  എത്ര വട്ടം ഈ മലയുടെ ഉയരവും, താഴ്ചയും താണ്ടിയിട്ടുണ്ടാകണം.  ഞാന്‍ വെറും കാഴ്ചക്കാരന്‍. എനിക്ക്  മല കയറുവാനുള്ള ഊര്‍ജ്ജം നല്‍കുന്നത് ഒരു ചരിത്രമാണല്ലോ. അതൊന്നുമില്ലാതെ ഉത്തുംഗമായ    ഗിരി ശ്രുംഗതിലേ ക്ക്   അങ്ങയെ  അവാഹിച്ചത് ഏത് ഊര്‍ജ്ജമാണ്. ഓരോ കിതപ്പിനോടൊപ്പം  ഞാന്‍ പ്രവാചകനെ സ്വയം അനുഭവിക്കുകയായിരുന്നു, അറിയുകയായിരുന്നു ! 

ആളുകള്‍ മല കയറിയതിനെ തുടര്‍ന്നാകണം ദുര്‍ഘടമെങ്കിലും ഒരു വഴി രൂപപെട്ടു വന്നത്.  കയറുവാനുള്ള എളുപ്പത്തിനായി  ചിലയിടങ്ങളില്‍ പാറകഷ്ണങ്ങള്‍ പാകിയിട്ടുണ്ട്. കയറ്റതിനിടയിലുള്ള  ഓരോ വിശ്രമഘട്ടങ്ങളില്‍ നില്‍ക്കുന്ന  മല കയറുന്നവരെ നോക്കി ഇടയ്ക്കിടയ് ക്ക് അംഗവൈകല്യം ബാധിച്ച മനുഷ്യര്‍ ദൈന്യതയോടെ  സഹായം ചോദിചു കൊണ്ടിരിക്കുന്നത് കാണാം.  തീര്‍ഥാടനസ്ഥലമെന്ന പോലെ അവിടേക്ക് വരുന്നവരെ ചൂഷണം ചെയ്യുന്ന ഏതോ സംഘം ആയിരിക്കണം ആരോഗ്യമുള്ളവര്‍ പോലും  കയറാന്‍ ബുദ്ധിമുട്ടുന്ന ഈ മല  മുകളിലേക്കുള്ള ഓരോ വഴിയിലും ഇവരെ ഇരുത്തിയിരിക്കുന്നത്. പ്രവാചകനെ കുറിച്ചുള്ള ചിന്തയില്‍ നിന്നും മനസ്സിനെ  കുറച്ച്‌ നേരത്തേക്ക് അവര്‍ നടത്തുന്ന യാചന  വഴിതിരിച്ചു വിട്ടു. യാചിച്ചു വന്നവനോട്‌   അയാളുടെ പക്കല്‍  അവശേഷിച്ചിരുന്ന  പുതപ്പു വിറ്റ്  മഴു വാങ്ങി കൊടുത്തു അദ്വാനിച്ചു ജീവിക്കാ ന്‍ ഉപദേശിച്ച പ്രവാചകന്‍ വീണ്ടും ചിന്തയിലേക്ക് വന്നു.    

എത്ര ദൂരം പിന്നിട്ടുവെന്നറിയാന്‍   ഞാന്‍ താഴേക്കു നോക്കി. പകുതിയോളം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള വഴി ശ്രമകരമാണ്. ഞാന്‍ വീണ്ടും ഉയരങ്ങളിലേക്ക് നടന്നു കയറി കൊണ്ടിരുന്നു. ജബല്‍ നൂറിന്റെ നിറുകയില്‍ എത്തി ഹിറ കണ്ടു തിരിച്ചു വരുന്ന സംഘങ്ങള്‍ എതിരെ വരുന്നുണ്ട്. അവര്‍ക്ക് വഴിയോതുങ്ങി ഞാന്‍ നടന്നു കയറി. ഒരുവേള  പാതി വഴിയില്‍ നിറുത്തി തിരിച്ചു പോയാലോ എന്ന് മുന്നോട്ടുള്ള കയറ്റം ചിന്തിപിച്ചു ! പക്ഷെ ഹിറയുടെ അനുഭവം നല്‍കുന്നത് എന്തായിരിക്കും എന്ന ആകാംഷയില്‍  പിന്തിരിയെണ്ടാതില്ലെന്നു തീരുമാനിച്ചു മുന്നോട്ടു കയറി.

സൂര്യന്‍ അസ്തമയതോടടുക്കുകയാണ്. മല കയറി തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇനി ഉച്ചിയില്‍ എത്താന്‍ കുറച്ച്‌ കൂടി മാത്രം. ഞാന്‍ താഴേക്കു നോക്കി. താഴ്വാരത്തില്‍ മനുഷ്യര്‍ അവ്യക്തമായ രൂപങ്ങളായി. ഹിറയുടെ സാമീപ്യം അടുത്തെന്നു തോന്നുന്നു.  ഹിറ കണ്ടു  കഴിഞ്ഞു തിരിച്ചു വരുന്നവരുടെയും, കാണാന്‍ വേണ്ടി കയറുന്നവരുടെയും തിരക്ക്. ഞാന്‍ മുകളിലെത്തി ! പ്രവാചകന്‍ ധ്യാന  നിരതനായിരുന്ന ഹിറയുടെ മുമ്പില്‍ ! കൂറ്റന്‍ പാറകളാല്‍ അടുക്കിവേചെന്ന പോലെ രൂപപെട്ട ഒരാള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയുന്ന ഒരു ഗുഹ. മലയുടെ ഏറ്റവും ഉച്ചിയില്‍ അങ്ങിനെയൊരു സ്ഥലം അല്ഭുതപെടുത്തി.  അങ്ങകലെ ഹറമിന്റെ മിനാരങ്ങള്‍  ഉയര്‍ന്നു കാണാം. കെട്ടിടങ്ങള്‍ നിറഞ്ഞു മക്കാ പ്രദേശം...ഹൈവേകളിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ കളിപാട്ടങ്ങള്‍  പോലെ തോന്നിച്ചു.   പ്രവാചക കാലഘട്ടാതില്‍ നിന്നും ഈ നാട് എത്രയോ വികാസം പ്രാപിച്ചിരിക്കുന്നു. 

എന്റെ മനസ്സ്‌ ഗതകാലത്തിലേക്ക്‌ ചിറകടിച്ചു.   മുന്നില്‍ കണ്ട എല്ലാ ആധുനിക സൌകര്യങ്ങളും വാഹനങ്ങളുടെ ഇരംബലുകളും, തിരക്കുകളും അപ്രത്യക്ഷമാക്കി യാത്രക്കും മറ്റുമായി ഒട്ടകങ്ങളും , കുതിരകളും  മാത്രമുള്ള ഒരു കാലഘട്ടതിലേക്ക് പ്രവേശിച്ചു.  അവിടെയവിടെയായി ആണ് പനയോല കൊണ്ടും, മണ്ണുകൊണ്ടും നിര്‍മിച്ച വീടുകള്‍ ഉണ്ടായിരുന്നിരിക്കണം.  വിനോദങ്ങളിലും, ചൂഷനങ്ങളിലും, അടിമ കച്ചവടങ്ങളിലും, അശ്ലീലതകലിലും അഭിരമിക്കുന്ന മക്കയുടെ തെരുവുകള്‍.  മരുഭൂമിയെ തഴുകി കൊണ്ടു  ചെറിയൊരു കാറ്റു വീശി. ഒരു ഒട്ടകം പ്രത്യക്ഷമായി...അതിനെ തഴുകി കൊണ്ടു ഒരു മനുഷ്യന്‍ !  

കഅബ പല പേരിട്ടു വിളിക്കുന്ന വിഗ്രഹങ്ങളെ പൂജിക്കുന്ന ആരാധന കേന്ദ്രമാണ് അന്ന്.  ആരാധിക്കപെടാനായി പല പേരുകളില്‍ ഉള്ള ദൈവങ്ങള്‍ വിഗ്രഹങ്ങളായി ഇന്നു പല നാട്ടിലും ഉള്ളത് പോലെ അന്ന് ഈ സമൂഹത്തിലും ഉണ്ടായിരുന്നു എന്നത് ഇപ്പോള്‍ ഒരു ചരിത്രം  മാത്രമായിരിക്കുന്നു.  അന്ധവിശ്വാസങ്ങളുടെ കേന്ദ്രങ്ങളായിരുന്നു ആരാധനാ ലയങ്ങള്‍.  പരസ്പരം പോരടിച്ചു രക്തമൊഴുക്കുന്ന അറബ് ഗോത്ര സമൂഹങ്ങള്‍. മദ്യത്തിലും, എല്ലാ വിധ ചൂഷനതിലും, സ്ത്രീ പീടനങ്ങളിലും തിമിര്ത്താടുന്ന അറബികള്‍.  മദ്യലഹരിയില്‍  കവിതകളും, നൃത്തങ്ങളും ആസ്വദിക്കുന്ന തെരുവില്‍ അടിമകളെ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്നവരുടെ തിരക്ക്. അതില്‍ നിന്നൊക്കെ വേറിട്ട്  ചിന്താമഗ്നനായി ഒരാള്‍ മക്കയുടെ തെരുവിലൂടെ പോകുന്നുണ്ട്. മുഹമദ് ഇബ്നു അബ്ദുല്ലഹ് !തെരുവിന്റെ പ്രലോഭനങ്ങളില്‍ നിന്നകന്നു മനസ്സിനെ കലുഷിതമാക്കുന്ന കാഴ്ചകളില്‍ നിന്നൊക്കെ  മാറി ഏകനായി നടന്നു നീങ്ങുമ്പോള്‍ അതൊരു മാറ്റത്തിനുള്ള തുടക്കമായിരുന്നു. 

ജബല്‍ നൂറിനെ ലക്ഷ്യമാക്കി പ്രവാചകന്‍ നടക്കുകയാണ് തന്റെ ദൌത്യം എന്തെന്നറിയാതെ.  പ്രവാചകന്റെ കാഴ്ചയില്‍ ആകാശത്തിന് കീഴെ ഉയര്‍ന്നു നില്‍ക്കുന്ന ജബല്‍ നൂര്‍ ദൃശ്യമായി. പ്രവാചകന്റെ പദ സഞ്ചലനത്തിന്       കാതോര്തീട്ടാവണം ജബല്‍ നൂര്‍ ധ്യാനനിരതമെന്നപോലെ നിശബ്ദമാണ്. ഓരോ കാല്‍ ചുവടുകളും  ജബലിന്റെ ഉയരങ്ങളിലേക്ക്  അടുപ്പിച്ചു കൊണ്ടിരിക്കുന്നു. 

ജബല്‍ നൂറിന്റെ ഉച്ചിയില്‍ കൂറ്റന്‍ പാറകളാല്‍  ഒരു ഗുഹാമുഖം. തികഞ്ഞ നിശബ്ദത. എവിടെയോ വീശിയ തണുത്ത കാറ്റ് മല മുകളിലൂടെ സ്പര്‍ശിച്ചു പോകുന്നു.   സൂര്യന്റെ അസ്തമയ ശോഭയില്‍ മുങ്ങി നില്‍ക്കുന്ന മക്ക പ്രദേശം അങ്ങകലെ കാണാം.  ഏകാന്തമായ അന്തരീക്ഷത്തില്‍ പ്രവാചകന്‍ ഗു ഹക്കകത്തേക്ക് പ്രവേശിച്ചു,  തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ അന്ധകാ രതിലാനെന്ന ചിന്തയില്‍ ഒരു പുതിയ പ്രഭാതത്തെ പ്രതീക്ഷിച്ചു കൊണ്ടു പ്രവാചകന്‍ ധ്യാന നിരതനാ യി ഇരുന്നു.  ആകാശത്ത് ചുമന്ന ശോഭ പടര്‍ത്തി സൂര്യന്‍ മറയുകയാണ്. ചുറ്റും ഇരുട്ട് പരക്കുന്നു. 

"വായിക്കുക !!" രണ്ടാമനായി ഒരാള്‍ ഈ മലയുടെ മുകളില്‍ ഇല്ലാതിരിക്കെ  ആ ശബ്ദം കേട്ടു ധ്യാനത്തില്‍  നിന്നും കണ്‍ തുറന്നു നോക്കി. ഒരു രൂപം തന്റെ മുന്നില്‍.  "എനിക്ക് വായിക്കാന്‍ അറിയില്ല" എന്ന് ഭയന്ന് വിറച്ചു മറുപടി നല്‍കി.  പ്രവാചകന്‍ പ്രതിവചിച്ചത്  കേട്ടു  ആ രൂപം വീണ്ടും ആവര്‍ത്തിച്ചു. "വായിക്കുക ! നിന്നെ സൃഷ്ടിച്ച നിന്റെ സൃഷ്ടാവിന്റെ നാമത്തില്‍ ! " അവന്‍ നിന്നെ രക്ത പിന്ടത്തില്‍ നിന്നും സൃഷ്ടിച്ചു." പ്രവാചകനെ ആശ്ലേഷിച്ചു ദിവ്യ സന്ദേശം നല്‍കി കൊണ്ടു ആ രൂപം ഹിറയില്‍ നിന്നും അപ്പ്രത്യക്ഷമായി.  തനിക്കു അജ്ഞാതമായിരുന്ന  ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ച ആ വചനത്തെ നല്‍കിയ  ശക്തി ആരായിരിക്കണം, എന്തിനായിരിക്കണം ?

ജിബ്രീല്‍ ! മോശക്കും, ജീസസിനും ദൈവിക സന്ദേശം നല്‍കിയ അതെ സന്ദേശ വാഹകന്‍ തന്നെ എന്ന് പ്രിയ പത്നി സംശയ നിവൃത്തി വരുത്തി. അഗതികളെ സഹായിക്കുകയും, കുടുംബ ബന്ധങ്ങളെ ചേര്‍ക്കുകയും ചെയ്യുന്ന താങ്കളെ സൃഷ്ടാവ് കൈവെടിയുകയില്ലെന്ന് അവര്‍ ആശ്വസിപ്പിച്ചു. ഹിറയില്‍ നിന്നും കേട്ട  വചനങ്ങള്‍ പ്രവാചകന്റെ ഹൃദയത്തില്‍ പ്രധിധ്വനിച്ചു കൊണ്ടിരുന്നു.  "വായിക്കുക !" അവന്‍ നിന്നെ രക്ത പിന്ടത്തില്‍ നിന്നും സൃഷ്ടിച്ചു." നിരക്ഷരനായ താന്‍ ഇരുട്ടില്‍ നിന്നും അറിവിന്റെ ലോകത്തേക്ക് വരുന്നതിന്റെ ലക്‌ഷ്യം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു.  

ചൂഷണങ്ങളും, അശ്ലീലതകളും ഉള്ള സാമൂഹിക വ്യവസ്ഥിതിയോട് രാജിയാകെണ്ടാതല്ല  തൌഹീദ് എന്ന് പ്രവാചകനില്‍ നിന്നു സമൂഹം അറിഞ്ഞപ്പോള്‍  ശത്രുക്കള്‍ വാളെടുത്തു. അധികാര കേന്ദ്രങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി  സ്ഥാനങ്ങളടക്കം മനോഹര വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. പക്ഷെ തൌഹീദിനു സമം തൌഹീദ് മാത്രമെന്ന അലംഘനീയമായ യാഥാര്‍ത്ഥ്യം അതിന് വിരുദ്ധമായ എല്ലാ വാഗ്ദാനങ്ങളെയും അവഗണിച്ചു. മഹത്തായ ഒരു വിപ്ലവത്തിന്റെ അനന്തരവകാശത്തില്‍ ഒരു ജനത തങ്ങളെ ചുറ്റി വരിഞ്ഞിരുന്ന ചങ്ങലകളെ തിരിച്ചറിഞ്ഞു പൊട്ടിചെറിയുകയാ യിരുന്നു.   
ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ  വിപ്ലവത്തി ന്റെ അഗ്നി സ്ഫുലിന്കങ്ങള്‍ ഹിറയില്‍ നിന്നും ഇടിമിന്നല്‍ പോലെ ലോകത്തേക്ക് പടര്‍ന്നത് എത്ര വേഗമാണ്. എല്ലാം ഓര്‍ത്തെടുക്കുന്ന പോലെ ഹിറ ശാന്തമായി. ഓരോ  ഋതുവിനെയും സീകരിച്ചു കൊണ്ടു സന്ദര്‍ശകരുടെ പാദ ചലനത്തില്‍ തീഷ്ണമായ ഒരു ചരിത്രത്തെ പങ്ക് വെക്കുകയാണ് ഹിറ. 

സൂര്യന്‍ അടുത്ത പ്രഭാതത്തിനായി അസ്തമിച്ചിരിക്കുന്നു. മഗ്രിബിന്റെ ബാങ്ക് ബിലാലുബ്നു റബാഹില്‍ നിന്നും  അനന്തരമെടുത്ത  ശബ്ദത്തിലൂടെ അന്തരീക്ഷത്തില്‍ പരന്നൊഴുകുന്നുണ്ട്. ഹിറയില്‍ നിന്നും നോക്കിയാല്‍ വൈദ്യുതി ദീപങ്ങളാല്‍ മിന്നി തിളങ്ങുന്ന മക്ക ഹറമിന്റെ മിനാരങ്ങളെ തൊട്ടു കാണിക്കുന്നു. കഅബക്ക് ചുറ്റും  അടുത്ത നമസ്കാരത്തിന് പല രാജ്യങ്ങള്‍, പല ഭാഷകള്‍ ഇപ്പോള്‍ വൃത്തമായി കാണണം ! 

No comments: