Monday, October 1, 2012

ഇരിക്കുന്ന ചില്ലകള്‍ വെട്ടി വീഴ്ത്തുമ്പോള്‍ !



അതിര്‍ത്തികള്‍ തിരിച്ചു വേലി കെട്ടിയ പല പ്രദേശങ്ങള്‍ പോലെയാണ് ഇന്നത്തെ മുസ്ലീം  സമൂഹം. വേലികള്‍ ദൃശ്യമല്ലെങ്കിലും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ സമൂഹത്തില്‍ വ്യക്തമാണ്. ആശയങ്ങളുടെയും  ആചാരങ്ങളുടെയും പേരില്‍ കലഹിച്ചു നില്‍ക്കുന്ന ഹൃദയങ്ങലാണ്  ഓരോ അതിര്‍വരംബുകല്‍ക്കുള്ളിലും.  മാതൃകാ പരമായ ഒരു മുന്നേറ്റത്തിനു ചാലകമാകെണ്ടിയിരുന്ന  ഒരു സമൂഹത്തിന്റെ ക്രിയാ ശേഷിയെ ഈ അതിര്‍വരമ്പുകള്‍ എത്രത്തോളം തകര്‍ത്തു എന്നറിയണമെങ്കില്‍ സ്വയം ഒരു പുനര്‍ ചിന്തനം നടത്തണം, ഓരോ നേതൃത്വവും !

തങ്ങള്‍ ഏക സൃഷ്ടാവില്‍ വിശ്വസിക്കുന്നു എന്ന് എല്ലാവരും ആവര്‍ത്തിക്കുന്നു. പ്രവാചക ചരിത്രത്തെ എല്ലാവരും ഉള്പുളകത്തോടെ പരിചയപെടുത്തുന്നു. എങ്കിലും ഭിന്നതകള്‍ക്കുള്ള ആശയങ്ങള്‍ കണ്ടെത്തി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്ര്‍ജ്ജം സംഭരിച്ചു വളരുക എന്ന ലക്‌ഷ്യം മാത്രമാണ് സംഘടനകള്‍കുള്ളത്. ഒരു സമൂഹത്തിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ അവരെ  ഭിന്നിപ്പിച്ചാല്‍ മതിഎന്നു   രണ്ടാടുകള്‍ക്കിടയില്‍ ഒരു ചെന്നായ  വളരെ കൃത്യമായി നമ്മളെ കഥയിലൂടെ പരിച്ചയപെടുതീയിട്ടുണ് ട്.   പക്ഷെ ഇന്ന് ചെന്നായയുടെ ആവശ്യമില്ല. അതൊക്കെ ആടുകള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. തല തമ്മിലിടിച്ചു കൂടുതല്‍ അങ്ങോട്ടും ഇങ്ങോട്ടും പരിക്കേല്‍പ്പിച്ചു ആനന്ദം കണ്ടെത്തുന്നതിലാണ് അവയുടെ സായൂജ്യം.  അപ്രകാരം ഭിന്നിപ്പുകളെ പാലൂട്ടി വളര്‍ത്തുക എന്ന കൃത്യം അതിന്റെ ആളുകള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. ലോക രാഷ്ട്രീയത്തില്‍ സാമ്രാജ്യത്വങ്ങള്‍  അങ്ങിനെയാ ണ്.  അതിന്റെ ചെറിയ പതിപ്പുകള്‍  നമ്മുടെ സമൂഹത്തില്‍ വളരെ സുന്ദരമായി പണ്ഡിത നേതൃത്വങ്ങള്‍ ചെയ്യുന്നു എന്നാണ് നിലവിലെ ഇസ്ലാമിക സമൂഹം നമ്മോടു പറയുന്നത്.

ഏതൊരു പ്രവര്തനന്തിന്റെയും ലക്‌ഷ്യം സമൂഹത്തിന്റെ നന്മയില്‍ അധിഷ്ടിതമായ ബൌധിക പുരോഗതിയായിരിക്കണം. ഒരു ഉത്തമ സമൂഹ സൃഷ്ടി അങ്ങിനെയാണ് രൂപപെടുക.  ഈ ലക്‌ഷ്യം നേടണമെങ്കില്‍ തര്‍ക്കങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം സമൂഹത് തില്‍ തങ്ങളുടെ വൈജ്ഞാനിക തലങ്ങളെ  മനോഹരമായി സമര്‍പ്പിക്കാന്‍ പണ്ഡിതര്‍ക്കു കഴിയണം. അവിടെ ഭിന്നതകള്‍ക്കുള്ള ഇടങ്ങള്‍ സൃഷ്ടിക്കലാകരുത് ലക്‌ഷ്യം. ആരോഗ്യകരമാകേണ്ട യഥാര്‍ത്ഥ സംവാധങ്ങള്‍ക്ക് പകരം  പരിഹാസ-ആക്ഷേപ തലങ്ങളിലേക്ക്  മാത്രം മാറി പോയ തര്‍ക്കങ്ങള്‍ ആണ് ഇന്നത്തെ സംവാദങ്ങള്‍.  പരസ്പരം ആക്ഷേപ്പിച്ചു തങ്ങളുടെ വാദത്തെയും, വാദങ്ങളിലൂടെ അനുയായികളെയും തങ്ങളുടെ വേലിക്കകത്ത് നില നിര്‍ത്തിയപ്പോള്‍ സമൂഹത്തില്‍ ഭിന്നതകളുടെ ആഴം കൂടി. ഈ ഭിന്നതകള്‍ നഷ്ടപെടുത്തിയ സാമൂഹിക വികാസം തങ്ങള്‍ പരിക്കേല്‍പ്പിച്ച നിലവിലെ അവസ്ഥകള്‍ വെച്ചു വിലയിരുത്താന്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക്‌ കഴിയേണ്ടതു ണ്ട്.

വിഭാഗീയതയില്‍ നിന്നു കൊണ്ടുള്ള പഠനമോ, അവ പുറത്തു വിടുന്ന പണ്ഡിത വര്‍ഗ്ഗമോ തങ്ങളുടെ യഥാര്‍ത്ഥ ദൌത്യത്തെ തിരിച്ചറിയില്ല. മീഡിയകളുടെ അതിപ്രസരമുള്ള ഈ കാലത്ത് ഇസ്ലാമിനെതിരെ വരുന്ന വ്യാജ പ്രചാരണങ്ങളെ ആശയ തലത്തില്‍ പ്രതിരോധിക്കാന്‍ ഇസ്ലാമിക സമൂഹത്തിനു കഴിയേണ്ടതുണ്ട്. പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള വിഭാഗീയതകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലല്ല പാണ്ടിത്യം നില കൊള്ളേണ്ടത്‌. അറിവ് സമൂഹത്തെ ഒരുമിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാകണം എന്ന ബോധം പ്രധാനമാണ്. പാണ്ടിത്യം സമൂഹത്തെ ചൂഷണം ചെയ്യാന്‍ കഴിയുന്ന ഒരു മേഖലയായി കാണുന്നവരാണ് വിഭാഗീയതക്കുള്ള കാരണങ്ങള്‍ സൃഷ്ടിക്കുന്നത്. തങ്ങള്‍ സൃഷ്ടിക്കുന്ന അത്തരം കാരണങ്ങള്‍ക്ക് അമിത ഗൌരവം നല്‍കി സമൂഹത്തെ തങ്ങള്‍ക്കു പിറകില്‍ അണിനിരത്തുന്ന തന്ത്രവുമാണ് ഇതിലൂടെ പ്രകടമാകുന്നത്. പൊതു സമൂഹത്തില്‍ ദൃശ്യമാകുന്ന ഈ സമീപനങ്ങള്‍ ഇസ്ലാമിനെ കുറച്ചൊന്നുമല്ല പരിക്കെല്‍പ്പി ക്കുന്നത്. 

ശരിയെ സ്ഥാപിച്ചു കൊണ്ടു തെറ്റുകളെന്തെന്നു ബോദ്യപെടുതുകയായിരുന്നു പ്രവാചകന്മാര്‍. ഭിന്നിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയായിരുന്നില്ല  അവര്‍. അന്ജരായ സമൂഹത്തിന്റെ മേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിലല്ല  പാണ്ടിത്യം നിലകൊള്ളേണ്ടത്. പക്ഷെ  ഇന്നത്തെ പാണ്ടിത്യത്തിന്റെ മഹത്വങ്ങള്‍ അങ്ങിനെയാണ്. സ്ഥാപനവല്‍ക്കരിക്കപെടുന്ന പണ്ടിതരാണ് വിഭാഘീയതയുടെ മാര്കട്ടുകള്‍ രൂപപെടുതുന്നത്.  അനുയായികളെ  തന്റെ മാര്കട്ടിംഗ് ഉത്‌പന്നമോ, ഉപബോക്താവോ  ആക്കി മാറ്റുന്ന രീതിയിലാണ് ഇസ്ലാമിക സമൂഹത്തിലെ ഇന്നത്തെ പാണ്ടിത്യങ്ങള്‍. വിഭാഗീയതയില്‍ നിന്നിരുന്ന സമൂഹത്തെ ഒരൊറ്റ ആദര്‍ശത്തില്‍ വാര്‍ത്തെടുത്ത ഒരു പ്രവാചകന്റെ അനന്തര അവകാശം എങ്ങിനെയാണ് ഈ പണ്ഡിത ഗണത്തില്‍ വന്നു ചേരുക എന്ന ചോദ്യത്തിനു അവര്‍ തന്നെ സ്വയം ഉത്തരം പറയേണ്ടതുണ്ട്. അതുകൊണ്ട്  ധിഷണാശാലികളായ  പണ്ടിതരെ സമൂഹം സ്വയം തിരിച്ചരിയേണ്ടാതുണ്ട്. സമൂഹത്തിനു അങ്ങിനെയുള്ള പണ്ഡിതരെയാണ് ആവശ്യവും.

വിഭാഗീയതകള്‍ക്ക് ഓരോരുത്തര്‍ക്കും കാരണങ്ങള്‍ ഉണ്ടാകും. പറയുന്ന കാരണങ്ങള്‍ക്ക് കൊടുക്കുന്ന  ഗൌരവം ഒരു സമൂഹത്തിന്റെ ഭിന്നിപ്പിനു വളമെകുന്നുന്ടെങ്കില്‍ അത്തരം സമീപനം ഒഴിവാക്കപെടെണ്ടാതുണ്ട്. ആശയങ്ങള്‍ മനസ്സിലാകുന്ന വിധം സമൂഹത്തില്‍ സമര്‍പ്പിക്കപെടനം. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന അപ്രധാന വിഷയങ്ങളെ  ഒഴിവാക്കണം. സമൂഹം പലവിധ സാമൂഹിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലാത്ത വിധം അതൊക്കെ അവഗണിച്ചു തിരുകേശം,  ജിന്ന്, തുടങ്ങിയവയുടെ പിന്നാലെ പോയ ചര്‍ച്ചകള്‍ ഭിന്നിപ്പുകള്‍ക്ക് മൂര്‍ച്ച നല്കിയവയാണ്. പ്രവാചകന്റെ ചര്യകളില്‍ നിന്നോ, അതെന്ന പേരിലോ  തങ്ങള്‍ക്കു സൌകര്യപൂര്‍വ്വം ഉപയോഗിക്കാവുന്നവ മാത്രം എടുത്തു അതിന്റെ വ്യാക്യനത്തില്‍ നിന്നു കൊണ്ടാണ് പല തര്‍ക്കങ്ങളും ഇടം പിടിക്കുന്നത്‌. പ്രപഞ്ച സൃഷ്ടാവിന്റെ ഒരു വ്യവസ്ഥയെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തി, പകരം  തങ്ങളുടെ വേഷഭൂഷാദികളില്‍, വിരല്‍ അനക്കങ്ങളില്‍, ഐചിക ആരാധനകളിലെ ബാഹ്യ പ്രകടനങ്ങളില്‍ നിന്നു കൊണ്ടു പൌരോഹിത്യ മതമെന്ന രീതിയില്‍ ഇസ്ലാമിനെ മനസിലാക്കിയപ്പോള്‍ സമൂഹത്തിനു അന്യമായത്  പ്രവാചകന്റെ അനന്തരമെടുക്കേണ്ട സമൂഹത്തെയാണ്.

 സമൂഹത്തില്‍ ഐക്യത്തിന്റെ പുതിയൊരു  പ്രഭാതം വരണം. ഇസ്ലാമിക സമൂഹത്തിന്റെ ദൌത്യം ഇനിയെങ്കിലും സമൂഹത്തില്‍ നിര്‍വഹിക്കപെടനം. വിഭാഗീയതയില്‍ സ്ഥാപിച്ചെടുത്ത സ്ഥാപനങ്ങളോ, മത കലാലയങ്ങലോ, സംഘടനയുടെ ആസ്തികളോ  അല്ല വികാസം എന്ന് തിരിച്ചറിയണം. അവ പിറകോട്ടു വലിച്ച മുന്നേറ്റത്തെ ഓരോ രംഗത്തും അടയാളപെടുതാന്‍ വിഭാഗീയതയില്‍ നിലകൊള്ളുന്ന നേതൃത്വങ്ങള്‍ ശ്രമിക്കണം. ഒരു സമൂഹത്തിന്റെ ചിന്താശേഷിയും, ക്രിയാശേഷിയും വളര്‍ത്തുന്ന സമീപനങ്ങള്‍ ആയിരിക്കണം സംഘടനകളുടെ ലക്‌ഷ്യം. പ്രതിയോഗികളെ സൃഷ്ടിച്ചു  ആക്ഷേപവും പരിഹാസവും വേദികളില്‍ നടത്തുമ്പോള്‍ അത്‌ കേട്ടു കയ്യടിച്ചു വികാരം കൊള്ളുന്ന ഒരു സമൂഹത്തെയാണ് വിഭാഗീയതകള്‍ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ തങ്ങള്‍ ശീലിച്ച പ്രബോദന ശൈലികള്‍ മാറ്റി ഇനിയെങ്കിലും ഒരു ഐക്യത്തിന് വിത്ത് പാകുന്ന വിധം വേദികള്‍ പരിവര്തിക്കപെടനം.  തുറന്ന മനസ്സോടെ  പരസ്പരം കേള്‍ക്കുവാനും, സംവദിക്കാനും, സഹകരിക്കുവാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപെടനം. തങ്ങള്‍ ആണ് ശരി എന്നും മറ്റുള്ളവയൊക്കെ ശരികെടെന്നുമുള്ള സമീപനം മാറേണ്ടതുണ്ട്. ശരിയും, ശരികേടും തങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ എത്തിച്ചേരുന്ന സത്യങ്ങള്‍ ആണ്. അവര്‍ ആരായാലും പ്രതികൂട്ടില്‍ നിര്‍ത്തി ആക്ഷേപിക്കുന്ന സമീപനം ശരിയല്ല.  തര്‍ക്ക വിഷയങ്ങള്‍ തുടര്‍ന്നു പോകുന്നതിന്റെ ഒരു കാരണം വ്യക്തതയില്ലായ്മയോ, അല്ലെങ്കില്‍ ഉള്‍കൊള്ളാനുള്ള കഴിവില്ലായ്മയോ ആയിരിക്കും. പരിഹാസവും, അധിക്ഷേപങ്ങലുമായി വേദിയില്‍ നിരയുന്നവരെ  ഉപദേശിക്കാനും, യഥാര്‍ത്ഥ പ്രബോധന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനും ഓരോ സംഘടനകളും തയാറാകണം. അത്തരക്കാരെ ഒഴിവാക്കിയാല്‍ തന്നെ സാമൂഹിക മണ്ഡലം ശുധിയാകും.   അതുകൊണ്ട് വിഭാഗീയതകള്‍ അന്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍  സംഘടനാ പണ്ഡിത നേതൃത്വങ്ങള്‍ ഇനിയെങ്കിലും മുന്നോട്ടു വരേണ്ടതുണ്ട്.

വിഭാഗീയതകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ എല്ലാവരും തങ്ങളുടെ ജീവിത സൌകര്യങ്ങള്‍ക്ക് നിലവിലെ വ്യ്വവസ്ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതില്‍ യാതൊരു തര്‍ക്കവും ഉണ്ടാകാറില്ല. അതൊക്കെ ആശ്ലെഷിക്കുംപോള്‍ അതിലൊന്നും പ്രവാചക ചര്യ വെച്ചു സൂക്ഷ്മ നിരീക്ഷനങ്ങലോന്നും തര്‍ക്കിക് കാനുള്ള മത വിഷയങ്ങള്‍ വലിചിടുന്നവര്‍  നടത്താറില്ല. സാമൂഹിക പുന സൃഷ്ടിക്കു വേണ്ടിയുള്ള നീതിയുടെയും, നന്മയുടെയും പ്രവാചക ഇടപെടലുകളെ ഗൌരവത്തില്‍ പഠന വിദേയമാക്കുകയോ, അതിന് വേണ്ടി ഐക്യപെടുകയോ ചെയ്യാറില്ല. തര്‍ക്ക വിഷയങ്ങളില്‍ മാത്രം ഒരു സമൂഹത്തിന്റെ ഊര്‍ജ്ജവും, സമയവും കേന്ദ്രീകരിക്കപെട്ടപ്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിക അധ്യാപനങ്ങളുടെ ഗുണവും, അങ്ങിനെയൊരു മാതൃക സമൂഹവുമാണ് അന്യമായത്.  അതുകൊണ്ട് ഇസ്ലാമിക ലക്ഷ്യമായ ഒരു മാതൃക സമൂഹം ഇന്നത്തെ ജനസമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ആ സമൂഹം തിന്മകള്‍ക്കെതിരെ നിലകൊള്ളുകയും, നന്മയുടെ ചാലക ശക്തിയാവുകയും ചെയ്യേണ്ടതുണ്ട്.

ക്രിയാത്മകമായ രീതിയില്‍ ഇടപെടാന്‍ കഴിയുന്ന പ്രവര്‍ത്തന രീതികള്‍  തങ്ങള്‍ ഇടപെടുന്ന മേഖലകളെ മുന്നില്‍ വെച്ചു കൊണ്ടു ഓരോ സംഘടനകളും രൂപപെടുതെണ്ടാതുണ്ട്.  കൈവിട്ടു പോയ ഒരു വൈജ്ഞാനിക കാലഘട്ടത്തെ ഇല്സാമിലേക്ക് തിരിച്ചു കൊണ്ടു വരുന്ന  രീതിയില്‍ ഇസ്ലാമിക അധ്യാപനങ്ങളില്‍  നിന്നു കൊണ്ടു  ഒരു  വിജ്ഞാന വിസ്ഫോടനനതിനു തുടക്കമിടുന്ന നിരീക്ഷണ, ഗവേഷണങ്ങള്‍  സമൂഹത്തില്‍ നിന്നും വരേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസ വിജ്ഞാനിക മേഖലകളില്‍ ഒരു സമവായം സാധ്യമാക്കി കാലഘട്ടത്തിനു യോജിച്ച ഒരു ഉത്തമ വിദ്യാഭ്യാസ സമുച്ചയത്തിനു വേണ്ടി യോജിച്ച പ്രവര്‍ത്തനം ആവശ്യമായിരിക്കുന്നു. സമൂഹം വിദ്യാഭ്യാസത്തിന്റെ ഉപഭോക്താവുന്നതിനു പകരം അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള പ്രയാണമായിരിക്കണം  തലമുറകള്‍ക്ക് നല്‍കേണ്ടത്.  സൃഷ്ടി രഹസ്യങ്ങളുടെ ഏടുകള്‍ അറിവിലേക്ക് തുറക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഭൂമിയില്‍ തന്റെ ദൌത്യം പൂര്തീകരിക്കപ്പെടുകയുള്ളൂ. ഒരു പാരമ്പര്യ വിശ്വാസതിനപ്പുറം സൃഷ്ടാവിനെ ഉള്കൊള്ളുവാന്‍ ഖുര്‍ആന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്തും അങ്ങിനെയൊരു വൈജ്ഞാനിക മേഖലയെ മുന്നില്‍ തുറന്നിട്ടുകൊണ്ടാണ്.   കാലാതിവര്‍ത്തിയായ ഗ്രന്ഥം എന്നത് അന്വര്തമാകണമെങ്കില്‍ മനുഷ്യന്‍ ഈ ദൌത്യം എത്റെടുത്തെ മതിയാകൂ. അതിന് തടസ്സമാകുന്ന തരത്തില്‍ മതത്തില്‍ ആരോപിക്കുന്ന ഏത് കാഴ്ചപാടുകളും ഇസ്ലാമിക വിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ.

ഈ കാലഘട്ടത്തിലെ വൈജ്ഞാനിക, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച് മദ്രസ വിദ്യാഭ്യാസവും അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചു യോജിച്ച പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. നിലവില്‍ മദ്രസ സിലബസുകള്‍ വളരെ ശോചനീയമാണ്. ഗൌരവമേറിയ പാഠഭാഗങ്ങള്‍ ഉള്കൊള്ളിക്കാതെ വളരെ ദുര്‍ബലമായ സിലബസ്സുകലാണ് അവതരിപ്പിക്കുന്നത്‌. ഈ കാലഘട്ടത്തിലെ കുട്ടികളുടെ മാനസികവും, ബുദ്ധിപരവുമായ വളര്‍ച്ച പരിഗണിക്കാതെയുള്ള പഠന രീതികളും സിലബസ്സുകലുമാനു പരിഹാസ്യമായ ഒരു തലത്തിലേക്ക് മദ്രസ പഠനത്തെ മാറ്റിയത്. മദ്രസ വിധ്യാഭ്യാസതോട് പുറം തിരിഞ്ഞു നില്‍ക്കുവാനുള്ള ചോധന മാത്രമാണ് കുട്ടികള്‍ക്ക് അവ നല്‍കുന്നതെന്ന് അവരെ നിരീക്ഷിച്ചെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. വിഭാഗീയതയുടെ വിത്തുകള്‍ പാകി വളര്‍ന്ന് വരുന്ന തലമുറയെ പോലും ദുര്‍ബലമാക്കുന്ന  നിലവിലെ പഠന സംപ്രധായങ്ങള്‍ മാറേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു തലമുറയുടെ ഉയര്‍ച്ചക്ക്  വേണ്ടി എല്ലാ സംഘടനാ നേതൃത്വങ്ങളും യോജിച്ചു കൊണ്ടു ഒരു പൊതു മദ്രസ വിദ്യാഭ്യാസ കാഴ്ച്ചപാടിലെക്കും, അതിന്റെ സാക്ഷാല്‍ക്കാരതിലെക്കും വരേണ്ടതുണ്ട്.

തങ്ങളുടെ അജണ്ടാകല്‍ക്കനുസരിച്ചു പല പേരുകളിലും, സ്ഥലങ്ങളിലുമായി ചിതറി കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘടനാ സങ്കുചിതത്വത്തില്‍  നിന്നും സ്വതന്ത്രമാക്കി ഒരു പൊതു ധാരയിലേക്ക് അവയുടെ നേതൃത്വങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.   നിലവിലെ സാമൂഹിക ജീര്‍ണതകളെയും, അശ്ലീലതകള്‍ വ്യാപകമായ സാഹചര്യങ്ങളെയും വിപാടനം ചെയ്യുന്ന ലക്ഷ്യത്തില്‍ നിന്നു കൊണ്ടു സംഘടനകള്‍ ജീവിതത്തെ സമഗ്രമായി ഉള്‍കൊള്ളുന്ന തൌഹീദ്, പ്രവാചക ചര്യ എന്നിവ അടിസ്ഥാനമാക്കി ഒരേകീകൃത പ്രവര് ‍ത്തനത്തിനു തുടക്കമിട്ടെങ്കില്‍ മാത്രമേ സമൂഹത്തില്‍ അതിന്റെ ഫലം ദൃശ്യമാകുകയുള്ളൂ. പരസ്പരമുള്ള  ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ വേദികള്‍ സൃഷ്ടിച്ചു കൊണ്ടു മാത്രമേ യഥാര്‍ത്ഥ സാമൂഹിക മുന്നേറ്റം സാധ്യമാകുകയുള്ളൂ. രണ്ടു വിഭാഗം എ പി / ഇ കെ സമസ്ത സുന്നികളും, മുജാഹിദ് ഗ്രൂപ്പുകളും, ജമാഅത്തെ  ഇസ്ലാമിയടക്കമുള്ള  സംഘടനകള്‍ പരസ്പരം ഐക്യപെടുന്ന രീതിയില്‍ പൊതു ധാരയിലേക്ക് മുന്നേറാനുള്ള കൂട്ടായ പരിശ്രമം ഇനിയെങ്കിലും നടത്തണം. അങ്ങിനെയൊരു സാമൂഹിക, വൈജ്ഞാനിക, മുന്നേറ്റത്തിനു ഇനിയെങ്കിലും കാലം സാക്ഷിയാകട്ടെ !

Saturday, August 18, 2012

റമദാന്‍ പോയി പെരുന്നാള്‍ വന്നൂ...

എല്ലാവരും നോമ്പെടുത്തു ! ഇഫ്താര്‍ എല്ലാ സംഘടനകളും തകൃതിയായി നടത്തി. ഒന്നിച്ചിരുന്നു ഓരോ സംഘടനക്കാരും നോമ്പ് തുറന്നു. എല്ലാവരും പ്രാര്‍ഥിച്ചു. ചിലര്‍ പ്രാര്തനകളുടെ സമ്മേളനങ്ങള്‍ വരെ നടത്തി. മൈക്കുകള്‍ വിശ്രമിക്കാത പ്രാര്തനകളെ ഉച്ചത്തില്‍ പുറത്തേക്കു വിട്ടു. ചിലര്‍ കൈകള്‍ നെഞ്ചില്‍ കയറ്റി വെച്ച് നമസ്കരിച്ചു. ചിലര്‍ സാധാരണ രീതിയില്‍ കൈകെട്ടി നമസ്കരിച്ചു. ചിലര്‍ തൊപ്പി വെച്ച്, ചിലര്‍ തൊപ്പി വെക്കാതെ പ്രാര്‍ഥിച്ചു. ചിലര്‍ താടി വെച്ച്, ചിലര്‍ താടി വെക്കാതെ പ്രാര്‍ഥിച്ചു. ചിലര്‍ തരാവിഹ് നിസ്കരിച്ചു, ചിലര്‍ ഇരുപത് നിസ്കരിച്ചു, ചിലര്‍ എട്ടു നിസ്കരിച്ചു, ചിലര്‍ ഒന്നും നിസ്കരിക്കാതെ നടന്നു. ചിലര്‍ കുര്‍ ആന്‍ ഓതി, ചിലര്‍ മുഴുവന്‍ ഓതി. ചിലര്‍ ഒന്നും ഓതാതെ നടന്നു. അങ്ങിനേം, ഇങ്ങിനേം ഒക്കെ പ്രാര്‍ഥിച്ചു കുര്‍ആന്‍ അവതീര്‍ണമായ ഒരു മാസം അങ്ങിനെ തീര്‍ന്നു.
ആ മാസത്തില്‍ അവതീര്‍ണമായെന്നു എല്ലാവരും ആവര്‍ത്തിച്ചു ഓതുന്ന കുര്‍ ആനിലൂടെ പ്രപഞ്ച സൃഷ്ടാവ് ഈ മനുഷ്യരോട് ഒരു റിക്വെസ്റ്റ് നടത്തുന്നുണ്ട്. "അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്" (3:103).
ആരു കേള്‍ക്കാന്‍ ?? അത് മനസ്സിലാക്കി മനുഷ്യരെ വഴി നടത്തേണ്ട പണ്ഡിതര്‍ അതിനെതിരെയുള്ള ഹോള്‍സെയില്‍ ഡീലേഴ്സ് ആകുമ്പോള്‍............!


ഇന്ന് മനുഷ്യന്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ നിരവധിയാണ്. നന്മയും, തിന്മയും തിരിച്ചറിയാത്ത വിധം സമൂഹം മലീമസമായിരിക്കുന്നു. രാഷ്ട്രീയവും, സംസ്കാരികവുമൊക്കെ മൊത്തം "ചളമായി" കിടക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് എല്ലാ ആഘോഷങ്ങളും ഉപരിപ്ലവമായി അരങ്ങേറുന്നത്. ആഘോഷമെന്നാല്‍ ചാനല്‍ പരിപാടികള്‍ മാത്രമെന്ന രീതിയില്‍ അതൊക്കെ പുറത്തു വിടുന്ന തട്ട് പൊളിപ്പന്‍ പരിപാടികളും, എഴുതി തയ്യാറാക്കിയ സന്ദേശങ്ങളിലുമൊക്കെ ഒതുങ്ങി, ചുരുങ്ങി ആഗോഷ ദിനങ്ങള്‍ പതിവ് കാഴ്ചകളില്‍ ഒതുങ്ങും.


ഇവിടെ ഈദ് അങ്ങിനെയൊരു പതിവ് കാഴ്ചയില്‍ മങ്ങി പോകരുത്. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെടാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥ നമ്മളില്‍ ഉണ്ടായി തീരെണ്ടാതുണ്ട്. നീതിയുടെ, നന്മയുടെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഇവിടെ വേണ്ടത് മനുഷ്യരാണ്. സങ്കുചിതത്വ വിമര്‍ശനങ്ങള്‍ ചുമന്നു നടക്കുന്ന വിഭാഗീയതകള്‍ അല്ല. നിങ്ങള്‍ "ഭിന്നിച്ചു പോകരുത്" എന്ന കുര്‍ ആന്റെ വചനത്തെ അവഗണിച്ചു സമൂഹത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടി "ശബ്ദ മലിനീകരണം" നടത്തുന്നവരെ മാറ്റി നിറുത്തി സമൂഹം ശുധീകരിക്കപെടെണ്ടാതുണ്ട്. റമദാനില്‍ കരഗതമായ ഊര്‍ജ്ജവും, വിശ്വാസത്തിന്റെ കരുത്തും ഒരു മാതൃകാ സമൂഹ സൃഷ്ടിക്കു ഇനിയെങ്കിലും അടിത്തറ പാകട്ടെ !


ആ അര്‍ത്ഥത്തില്‍ എല്ലാവര്ക്കും ഈദിന്റെ നിറവില്‍ ഊഷ്മളമായ ആശംസകള്‍ !!! അല്ലാഹു അക്ബര്‍, ......വലില്ലാഹില്‍ ഹംദ് !!
_______________________________________
നിങ്ങള്‍ക്കുമാകാം സ്വര്ഗാവകാശി ! 
ഇതാ നിങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്ന പണ്ടിതര്‍ക്കും, അനുയായികല്‍ക്കുമുള്ള വേഗ വിരല്‍ ചോദ്യം.."അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക നിങ്ങള്‍ ഭിന്നിക്കരുത്"" ഇത് ഏതു ഗ്രന്ഥത്തില്‍ , ഏതു അധ്യായത്തില്‍ , എത്രാമത്തെ വചനം ??

Tuesday, August 14, 2012

പ്രവാചകചര്യയും, സ്വലാത്തും !!


ഒരു കോഴിമുട്ട, പത്തു രൂപ ! അമ്പത് രൂപ !
നൂറു രൂപ, അഞ്ഞൂറ്, ആയിരം.....പതിനായിരം.
പതിനായിരം ഒരു വാക്, രണ്ടു വാക് , മൂന്നു വാക്ക്  !
ഇത് പണ്ടത്തെ കാലം. ചിലര്‍ കൊടുക്കുന്ന സാധനങ്ങള്‍ വഅള് പരിപാടികളില്‍ ലേലം വിളിച്ചു പൈസ കണ്ടെത്തിയിരുന്ന കാലം. അതൊക്കെ ഇപ്പോള്‍ മാറിയിരിക്കുന്നു. ഇന്ന് എല്ലാ മഹല്ലുകളിലും, ഓലപുരകള്‍ക്ക് പകരം ഒന്നും, രണ്ടും, മൂന്നും നിലകള്‍ ഉള്ള ടെറസ് കെട്ടിടങ്ങള്‍ ! മിനാരങ്ങള്‍  ഉയര്‍ന്നു നില്‍ക്കുന്ന മസ്ജിദുകള്‍ !  

സമ്പത്തിന്റെ പൊലിമ പണ്ഡിത, പുരോഹിതരടക്കം എല്ലാവരെയും ഗ്രസിച്ചിരിക്കുന്നു.  ആത്മീയ പരിപാടികള്‍ക്കുള്ള സ്ടെജുകള്‍ പോലും ആത്മീയതക്ക് നേരെ കൊഞ്ഞനം കുത്തുന്ന വിധമാണ് അലമ്കരിക്കപെടുന്നത്. ആത്മീയ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പോലും മത്സരബുധിയാണ്. സത്യത്തിനും, നീതിക്കും വേണ്ടി, അനീതിക്കും, അസമത്വത്തിനും, അശ്ലീലതക്കും എതിരെ ഒരു സമൂഹത്തില്‍ തന്റെ ജീവിതത്തെ സമര്‍പ്പിക്കുവാന്‍ ഏറ്റെടുത്ത ഒരു ദര്‍ശനത്തിന്റെ പ്രവാചകന്‍ ഇന്ന് സ്വലാത്ത്  സമ്മേളനങ്ങളിലേക്ക്  പറിച്ചു നടപെട്ടത്‌ എന്ത് കൊണ്ടാണ് ?? അതായിരുന്നോ പ്രവാചക ദൌത്യം അവശേഷിപ്പിച്ചത്, ഒരു അനുയായി സമൂഹത്തിനു മാത്രം സമ്മേളനങ്ങള്‍ നടത്തി ഉരുവിട്ടിരിക്കാന്‍ മാത്രമായിരുന്നോ പ്രവാചകന്റെ നാമം അവശേഷിച്ചത്  ??


നന്മയെത് തിന്മയെത് എന്നറിയാത്ത ഒരു ജാഹിലിയാ പ്രദേശത്തെ നന്മയിലേക്ക് നയിക്കുവാന്‍  പ്രവാചകന്‍ ഏറ്റെടുത്ത ദൌത്യം വിസ്മയകരമാണ്. ഒറ്റയാള്‍ പോരാട്ടമായി തുടങ്ങിയ തന്റെ ജീവിതം ഇരുട്ടിലായിരുന്ന ഒരു ജനതയെ   ഒരു മാതൃക സമൂഹത്തിലേക്കു പരിവര്തിപ്പിച്ചതിന് പിറകില്‍  വേദനകളുടെയും, പ്രയാസങ്ങളുടെയും, ത്യാഗങ്ങളുടെയും, ഒരു ചരിത്രമുണ്ട് ! വരും തലമുറയ്ക്ക് പാടം ഉള്‍കൊള്ളാന്‍ പാകത്തിലുള്ള ജീവിക്കുന്ന ചരിത്രം ! 
ആ ചരിത്രം കടന്നു പോയ വഴികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും എന്നത് കൊണ്ടാണ് പ്രവാചകദൌത്യവും, കുര്‍ആനും എന്നും പ്രസക്തമാകുന്നത്. സത്യാ സത്യാ വിവേചനത്തിന്റെ ഈ ദര്‍ശനം ചുറ്റും നിലനില്‍ക്കുന്ന  തിന്മകളോട് സമരം ചെയ്തു കൊണ്ടേയിരിക്കുന്നു. പക്ഷെ ഇന്ന് അവയൊക്കെ എത്രമാത്രം സാമൂഹിക ഗതിയെ നിര്‍ണയിക്കുന്നതില്‍ ദര്‍ശനം നല്‍കുന്നു എന്നതിന് തിന്മകളുടെ വിള നിലമായ സാമൂഹിക സാഹചര്യങ്ങള്‍ സാക്ഷിയാണ് ! 

ഒരു സ്വലാത്ത് വേദി !!
"നിങ്ങള്‍  നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക" എന്ന നിര്‍ദേശം വിശ്വാസികള്‍ തങ്ങളുടെ മുഴുജീവിതത്തിന്റെ ഭാഗമായിട്ടാണ് കരുതേണ്ടത്. ജീവിതത്തെ പൂര്‍ണമായി നബി ചര്യക്കനുസരിച്ചു പാകപെടുത്തുക എന്നതിന്റെ പൂര്നതയായിരിക്കണം സ്വലാത്ത്. സഹാബികള്‍ അങ്ങിനെയായിരുന്നു. ജീവിതത്തെയും സമൂഹത്തെയും സംസ്കരിച്ചു കൊണ്ടും, മലീമസമാക്കുന്ന സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ശബ്ദിച്ചു കൊണ്ടും അവര്‍ മാതൃകയായിരുന്നു. "ഞാന്‍ നിങ്ങളിലേക്ക് രണ്ടു കാര്യം അവശേഷിപ്പിക്കുന്നു. കുര്‍ആനും, എന്റെ ചര്യയും. നിങ്ങള്‍ അതിനെ അനുധാവനം ചെയ്യുക, മറ്റുള്ളവര്‍ക്ക് പരിചയപെടുതുക, നിങ്ങള്‍ വിജയികളാകും" എന്ന പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം സമൂഹത്തോട് പറയുന്നത്  മറ്റൊന്നല്ല   ഇന്ന് തിന്മകള്‍ വ്യാപകമാണ്. പുതിയ തലമുറ അവയൊക്കെ ജീവിതത്തിന്റെ ഭാഗമായി പരിചയപെട്ടു കൊണ്ടിരിക്കുന്നു. ഇരകളാക്കപെടുന്ന സാമൂഹിക, കുടുന്പാന്ധരീക്ഷങ്ങള്‍. എല്ലാ മേഖലയിലും ചൂഷണങ്ങള്‍. പ്രവാചകന്റെ ജന്മ ദേശത്ത് പോലും കാണാത്ത സ്വലാത്ത് സമ്മേളങ്ങള്‍ നടക്കുന്നതിന്റെ ലക്ഷ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമായി നിലകൊള്ളുന്ന സാമൂഹിക സാഹചര്യമാണ്, മേഖലകള്‍ ആണ് !

വിശ്വാസിയുടെ മനസ്സില്‍ പ്രവാചകനോടുള്ള സ്നേഹം ഏത് സമയവും ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളുടെ അനുസ്മരണ യോഗങ്ങളോട് സമാനത പുലര്‍ത്തുന്ന സമ്മേളനങ്ങള്‍ അല്ല വിശ്വാസി സമൂഹത്തിന്റെ പ്രവാചക സ്നേഹം. അതിന് വാര്ഷികങ്ങള്‍ ഇല്ല. ഒരു സ്ഥലത്ത് ഒത്തു ചേര്‍ന്ന് ശബ്ദ മുഖരിതമാക്കിയുള്ള ആള്കൂട്ടങ്ങളുടെ അന്തരീക്ഷമല്ല സൃഷ്ടിക്കപെടെണ്ടത്.  തങ്ങളുടെ ജീവിതത്തെ പൂര്‍ണമായും സൃഷ്ടാവിന് സമര്‍പ്പിക്കാന്‍ വിശ്വാസത്തിന്റെ കരുത്തു പ്രവാചക ജീവിതത്തില്‍ നിന്നും  നേടുകയാണ്‌ ഓരോ സ്വലാത്ത് ഉരുവിടുന്നതിനപ്പുരം പ്രാവചക മാതൃക ആവശ്യപെടുന്നത്. ചലനങ്ങള്‍ സൃഷ്ടിക്കാതെ ഉപരിപ്ലവമായ പ്രകടനാത്മാകതയാണ് കച്ചവടവല്‍ക്കരിക്കപെട്ട വിശ്വാസം നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഗള്‍ഫിന്റെ നിറപകിട്ടു സമൂഹത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടു കൂടി ഇത്തരത്തിലുള്ള ആത്മീയ വ്യാപരങ്ങള്‍ക്കുള്ള അവസരങ്ങളെ മുതലെടുക്കുന്ന പരിപാടികളാണ് ഇന്ന് പല പേരുകളിലും അറിയപെടുന്നത്. വീടുകളില്‍ ഇരുന്നു സ്വലതും, ധിക്രും ആകാംഎന്നിരിക്കെ പുണ്യമെന്നു പേരിട്ടു തങ്ങള്‍ സ്ഥാപിക്കുന്ന ഓരോ പരിപാടികളിലെക്കും ആകര്‍ഷിക്കുകയാണ് വിശ്വാസത്തിലൂടെയുള്ള ആധുനിക പരീക്ഷണങ്ങള്‍ !  പ്രവാചക സ്നേഹം ഇങ്ങിനെയാണോ പ്രകടിപ്പിക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതെന്തു സ്നേഹം എന്ന് "അതെ" എന്നുള്ള മറുപടിയില്‍ തിരിച്ചു ചോദിക്കേണ്ടി വരും. 

സ്ഥാപന വല്ക്കരിക്കപെട്ട ശബ്ദ മുഖരിതമായ കൂട്ട സ്വലാത്ത് കേന്ദ്രങ്ങള്‍ ! ആയിരങ്ങളും, പതിനായിരങ്ങളും, ലക്ഷങ്ങളും അതിനായി ഒരുക്കിയ പ്രത്യേക വേദികളിലേക്ക് ഒഴുകും..കാരണം വിശ്വാസികള്‍ അങ്ങിനെയാണ്. പുണ്യം കിട്ടുമെന്ന് അറിഞ്ഞാല്‍ ഇങ്ങിനെയൊക്കെ അവതരിപ്പിക്കേണ്ട താമസം അതൊക്കെ കണ്ണടച്ചു സീകരിക്കുന്ന വിശ്വാസികള്‍  അവിടെക്കെതുമെന്നതില്‍ ഇസ്ലാമിക വിശ്വാസവും അപവാദമല്ല !!  വിശ്വാസം അതല്ലേ എല്ലാം ! എങ്കില്‍ അതിന്റെ പേരില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ ആകാം എന്നതിന്റെ ആധുനിക പതിപ്പുകള്‍ ആണ് ഒരുകാലം വരെ ഇല്ലാതിരുന്ന സ്വലാത്ത്, ദിക്ര്‍ എന്നീ പേരുകള്‍ വിളിക്കുന്ന  സമ്മേളനങ്ങള്‍....!! 

സ്വലാത്ത് പ്രോല്സാഹിപ്പിക്കപെടെണ്ടാതാണ്, അത്‌ ഒരു മനുഷ്യന്റെ  ജീവിതത്തെ പരിപൂര്‍ണമായി പ്രവാചക ജീവിതത്തോട് സമരസപെടുന്നതിന്റെ സമവാക്ക്യമാകുംപോള്‍ പ്രത്യേകിച്ചും. പക്ഷെ പ്രകടന പരതയിലും, സമ്മേളന ആള്‍ക്കൂട്ടങ്ങളിലും സ്വലാത്ത്  ഒതുങ്ങിപോകുമ്പോള്‍ അത്‌ യഥാര്‍ത്ഥ പ്രവാചക ചര്യയെ നിഷ്ക്രിയമാക്കുകയാണ് ചെയ്യുന്നത്. അതാണ്‌ അത്തരമൊരു നേതൃത്വവും, അവരെ കേള്‍ക്കുന്ന സമൂഹവും അറിയാതെ പോകുന്നതും !


അല്ലയോ പ്രവാചകരെ താങ്കളുടെ ജീവിതം പ്രകാശ പൂര്‍ണമാണ്, താങ്കള്‍ ഇടപെട്ട മേഖലകള്‍ ഒരു ജീവിതതിനപ്പുരമാണ് ! പൂര്‍ണമായും അനുധാവനം ചെയ്യാന്‍ ആവശ്യപെടുമ്പോള്‍, ഈ സമൂഹം  എവിടെയാണ്....??എവിടെയാണ്..?? ""സ്വല്ലാല്ലാഹു അലാ മുഹമ്മദ്‌, സ്വല്ലല്ലാഹു അലൈഹി വസല്ലം....... """

Sunday, July 8, 2012

ഹിറ, ചരിത്രത്തിന്റെ ഉള്‍വിളികള്‍


ജ്യാമിതീയ രൂപമായ ക്യൂബ് പോലെ കഅബ കണ്മുന്നില്‍ മനോഹര ദൃശ്യമായി.  ലോകത്തിലെ ആദ്യത്തെ ആരാധനാലയം. മാലാഖമാര്‍ പ്രദക്ഷിണം ചെയ്യുന്ന ശാന്തിയുടെ തീരം. അവിടെ ഒരു നമസ്കാരം നിര്‍വഹിക്കപെടുകയാണ്. കഅബക്ക് ചുറ്റും തിരിഞ്ഞു കൊണ്ടിരുന്ന ജനസഞ്ചയവും രാഷ്ട്ര, ഭാഷ, വര്‍ണ, വര്‍ഗ്ഗ, ധനിക, ദരിദ്ര വിത്യാസമില്ലാതെ  അവിടെക്കൊഴുകിയെത്തിയവരും കഅബക്ക് ചുറ്റും സ്വയം വൃത്തമായി. ഒരു വൃത്തത്തിന്റെ  തരംഗങ്ങള്‍ പോലെ, പൂവിന്റെ ഇതളുകള്‍ പോലെ  ലോകം  സുജൂദില്‍ നിന്നും ഒരേ താളത്തില്‍ വിടരുന്ന കാഴ്ച. തികഞ്ഞ നിശബ്ദതയില്‍ ഏകാഗ്രമായ മനസ്സുകള്‍ ഒരേ ഭാഷയില്‍ സൃഷ്ടാവിനോട് സംസാരിക്കുകയാണ്.  നിലക്കാതെയുള്ള പ്രവാഹം അപ്പോഴും ഓരോ വൃത്തവും  പൂര്‍ണമാക്കി കൊണ്ടു അടുത്തതിലേക്ക് പ്രവേശിക്കുന്നുണ്ട്‌. 

നമസ്കാരം സമത്വത്തിനപ്പുറം സൃഷ്ടാവിന് മുന്നില്‍ ജീവിതത്തെ സമര്‍പ്പിക്കുന്നുവേന്നതിന്റെ നേര്‍ കാഴ്ചയാണ്. പല വിഭാഗീയതയും നടമാടുന്ന ആധുനിക ലോകത്ത് നിന്നു കൊണ്ടു വീക്ഷിക്കുമ്പോള്‍ ലോകത്തിലെ വിവിധ രാജ്യാങ്ങളില്‍ നിന്നുള്ളവര്‍ ഒരു മനസ്സാകുന്ന കാഴ്ചയില്‍ മക്ക ഒരു നിത്യവിസ്മയമാണ്.  നമസ്കാരത്തില്‍ നിന്നും വിരമിച്ചു കൊണ്ടു പല രാജ്യങ്ങള്‍, ഭാഷകള്‍, വര്‍ണ വര്‍ഗ്ഗ വിത്യാസമില്ലാതെ  ഒന്നായി ഹറമിന്റെ വാതിലുകളിലൂടെ പുറത്തേക്കൊഴുകി. അതിലൊരാളായി ഞാനും. 

വിശാലമായ ഹറമിന്റെ ചുറ്റുമുള്ള എല്ലാ വാതിലുകളും  ജനസഞ്ചയത്തെ  പുറത്തേക്കു  കടത് തിവിടുകയാണ്. തിരക്കുകളില്‍ പെട്ട് ഞാനും ഒരു വാതിലിലൂടെ പുറത്തെത്തി. ഈ വഴിയാകണം എന്റെ ചെരുപ്പുകള്‍ അഴിച്ചു വെച്ചു പ്രവേശിച്ചത്‌. ഞാനെന്റെ ചെരുപ്പ് അന്വേഷിക്കാന്‍ തുടങ്ങി. വെച്ച സ്ഥലത്ത് അവ കാണുന്നില്ല. നിലക്കാതെ ഒഴുകിയെത്തുന്ന  ഈ ജനലക്ഷങ്ങളില്‍ ആരെങ്കിലും മാറി എടുത്തു കാണണം. തിരക്കില്‍ നഷ്ടപെടാന്‍ സാധ്യതയുടെന്നരിഞ്ഞു കൊണ്ടു തന്നെ വിലകുറഞ്ഞ സ്ലിപ്പര്‍ ആണ് കരുതിയിരുന്നത്. അത്ര മാത്രം ചെരുപ്പുകള്‍ പുറത്തു ചുമരിനോട് കൂടി സ്ഥാപിച്ചിരിക്കുന്ന റാക്കുകളില്‍ നിറഞ്ഞിരിക്കുന്നു. ഒരു പക്ഷെ ഞാന്‍ മറ്റൊരു വാതിലില്‍ കൂടിയായിരിക്കണം പ്രവേശിച്ചത്‌. തിരക്കിനിടയിലൂടെ സംശയിക്കുന്ന ഭാഗത്തേക്ക് ഞാന്‍ നടന്നു. അവിടെയും ഫലം തഥൈവ  ! തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരേ പോലെയുള്ള പ്രവേശന മാര്‍ഗ്ഗങ്ങള്‍. ഇതുപോലെ ചുറ്റുഭാഗത്തും  95 വാതിലുകള്‍ ഉണ്ടെന്നാനരിഞ്ഞത്‌.  നഗ്ന പാദനായി പുറത്തെ വിശാലമായ  സ്ഥലത്തേക്ക് ഞാന്‍ നടന്നു...ചൂടിനെ അവഗണിച്ചു കൊണ്ടു  ഓരോ ഭാഗത്തും ആളുകളുടെ ഓരോ കൂട്ടങ്ങള്‍ ! അവര്‍ ചുറ്റും കൂടിയിരുന്നു അവരുടെ ഭാഷയില്‍ സംസാരിക്കുന്നു. സൂര്യന്‍ ചൂടിന്റെ കാഠിന്യം കുറച്ച്‌ കൊണ്ടു സയാഹ്നതിലെക്കുള്ള യാത്രയിലാണ്.

ഹറമിന് ചുറ്റും മലകളാണ്. ചരിത്രത്തിന്റെ സ്മരണകള്‍ ചില മലകള്‍ക്കൊക്കെ  ഉണ്ടായത് കൊണ്ടായിരിക്കണം അവ ഇപ്പോഴും നിശബ്ദമായി നിലകൊള്ളുന്നത്. ചിലത് കെട്ടിടങ്ങള്‍ നിറഞ്ഞു മലയുടെ രൂപം തന്നെ മാറ്റിയിരിക്കുന്നു.   മാര്ബ്ല്‍ ഫ്ലോറിലൂടെ സഅ'യ് ചെയ്യുമ്പോള്‍ ഹാജറ (റ ) ഓടി തളര്‍ന്ന മലകള്‍ക്ക് പകരം  ഹറമി നകത്ത് രണ്ടറ്റങ്ങള്‍  അടയാളപെ ടുത്തിയ ഭാഗം സഫ-മര്‍വ മലകളുടെതാനെന്നു  തിരിച്ചറിയാന് ‍ പോലും കഴിഞ്ഞില്ലെന്നത് ഓര്‍ത്തു.   എന്റെ നോട്ടം സമീപത്തുള്ള ഒരു കുന്നിന്റെ നേരെ തിരിഞ്ഞു. വികസനത്തിന്‌ വേണ്ടിയായിരിക്കണം ആ കുന്നിനു മുകളില്‍ ഒരു കാറ്റര്‍ പില്ലര്‍ പാറകളെ ഇടിച്ചു പൊട്ടിക്കുന്നുണ്ട്. ഒരു കുന്നു ഇല്ലാതാവുകയാണ്...അതിലെവിടെയോ ഉണ്ടായിരുന്ന ആവാസം നഷ്ടമായത് കൊണ്ടാവണം കുറച്ച്‌  പക്ഷികള്‍  അകലേക്ക്‌ പറന്നു പോകുന്നത് കാണാം...കുന്നിടിച്ചു നിരത്താന്‍ നമുക്കെന്തവകാശം...പ്രകൃതിയെ രൂപ ഭേദം വരുത്തുന്നതിന്റെ ന്യായീകരണം വികസനമാനെങ്കില്‍ അത്‌ പ്രകൃതി വിരുദ്ധമായ വികസനമല്ലേ ? സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നത് എത്രമാത്രം ശരിയാണ്...പരിസ്ഥിതിയോടുള്ള പ്രവാചകന്റെ തൌഹീദ് ഈ വികസനവുമായി  എങ്ങിനെ പൊരുത്തപെടും!  എന്റെ ചിന്തകളുമായി ഞാന്‍ ഒറ്റയ്ക്ക് വിശാലമായ ഹറമിന്റെ ഫ്ലോറിലൂടെ  നടന്നു കൊണ്ടിരുന്നു. ഓരോ ആള്കൂട്ടങ്ങളെയും കടന്നു ഞാന്‍ വാഹനങ്ങളുമായി ചീറി പായുന്ന റോഡിലെക്കെത്തി. 

പ്രവാചകന്‍ നടന്നു പോയ വഴികള്‍ മിനുസമാര്‍ന്ന റോഡായി മാറിയിരിക്കുന്നു. ആ പാദസ്പര്‍ശനങ്ങളൊക്കെ ഏറ്റു വാങ്ങിയ മണല്‍തരികള്‍ അതിനടിയില്‍ ഉണ്ടായിരിക്കാം. ഇനി പ്രവാചക ജീവിതത്തെ വരച്ചെടുത്ത  ജബല്‍ നൂറു കാണണം. ലോകത്തിന്റെ അന്ധകാരത്തിലേക്ക് പ്രകാശം പരത്തിയ പര്‍വതം!  മലകള്‍ക്കിടയിലെ വെറും ഒരു മലയല്ലല്ലോ ജബല്‍ നൂര്‍.   കുറച്ച്‌ മുന്നോട്ടു നടക്കവേ വലിയ  പാറകെട്ടിലെ  തുരങ്കത്തിലൂടെ ഒരു പാത കടന്നു പോകുന്നു. വിവിധ ഭാഷക്കാരായ ആളുകള്‍ സമീപത്തുകൂടി എതിരെയും കുറുകെയും പോകുന്നുണ്ട്. പെട്ടെന്ന് ഒരു ടാക്സി മുന്നില്‍ വന്നു നിന്നു. ഡ്രൈവര്‍ അറബിയാണ്. ഹിന്ദിയും അറബിയും കൂട്ടി കലര്‍ത്തി എന്നോട് എവിടെക്കെന്നു ചോദിച്ചു. ജബല്‍ നൂറിലെക്കെന്ന് പറഞ്ഞു ഞാന്‍ ടാക്സിയില്‍ കയറി. പതിനഞ്ചു മിനിട്ട് എടുക്കും അവിടെയെത്താന്‍. കാറ് അതിവേഗത്തില്‍ ഓരോ സിഗ്നലുകളും, തിരിവുകളും പിറകിലാക്കി മുന്നോട്ടു പോയ്കൊണ്ടിരുന്നു. ഡ്രൈവര്‍ താഇഫ്‌ കാരനെന്നു സ്വയം പരിചയപെടുത്തി.  പ്രവാചകനെ ഉപദ്രവിച്ച സമൂഹത്തിന്റെ നാട്. ആ പേരു കേട്ടപ്പോള്‍ രക്തം വാര്‍ന്നു തളര്‍ന്നു പാതയോരത്ത് ഇരിക്കുന്ന പ്രവാചകനെ ഓര്മ വന്നു. 

മക്കയിലെ ഉപദ്രവം കഠിനമായപ്പോള്‍ പ്രതീക്ഷയോടെ തന്റെ പ്രബോധന ദൌത്യവുമായി യാത്ര തിരിച്ച പ്രവാചകന്‍ താഇഫിലെത്തി. സന്ദേശം കേട്ടരിഞ്ഞവര്‍ പ്രവാചകനെ നാല് ഭാഗത്ത്‌ നിന്നും ആക്രമിച്ചു. തളര്‍ന്നിരുന്ന പ്രവാചകനെ ഭ്രാന്തന്‍ എന്ന് വിളിച്ചു വലിച്ചിഴച്ചു. മര്ധനതിന്റെ പാരമ്യത്തില്‍ ദാഹജലം പോലും നിഷേദിച്ചു. പൊള്ളുന്ന വെയിലില്‍ താഇഫുകാരുടെ മര്‍ദ്ദനത്തിന്റെ മുറിവും  പേറി മരച്ചുവട്ടിലിരുന്നു പ്രവാചകന്‍ പ്രാര്‍ഥിച്ചു. "അല്ലാഹുവേ നീ മര്‍ദ്ദിക്കപ്പെടുന്നവരുടെ നാഥനാണ്‌നീയാണെന്റെ നാഥന്‍, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധം എന്റെ അറിവ് പകര്‍ന്നു കൊടുക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് എന്നെ മനസ്സിലാക്കതിരുന്നത്‌അവരെ ശിക്ഷക്ക്‌ വിധേയമാക്കരുതേ..." 

പ്രവാചകന്റെ പ്രാര്‍ഥനയുടെ ഫലം ! കല്ലെറിഞ്ഞു ആട്ടിയോടിച്ച ജനതയില്‍ നിന്നും ഈ മാറ്റതിലെക്കുള്ള പ്രയാണത്തിന് വേണ്ടി  പ്രവാച്ചകനേറ്റു വാങ്ങിയ വേദനകള്‍, മുറിവുകള്‍ ചരിത്രത്തില്‍ മായാതെ കിടക്കുന്നു.  പ്രവാചകനെ ഏറ്റു വാങ്ങിയ താഇഫ്‌ പ്രദേശത്ത് നിന്നും ഒരാള്‍ ഇപ്പോള്‍ ജബല് നൂറിലെക്കുള്ള എന്റെ വഴികാട്ടിയായി. സംസാരത്തി നിടെ ഞാന്‍ കേരളത്തില്‍ നിന്നാനെന്നരിഞ്ഞപ്പോള്‍  സംസാരം കേരളത്തെയും, മലയാളികളെയും കുറിച്ചായി. മലയാളികള്‍ നല്ലവരെന്നു സര്ടിഫികട്റ്റ് തന്നു. ആ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞില്ല ! മാര്‍ഗ മദ്ധ്യേ ഇടതു വശത്ത് പല ഭാഗത്തായി ചിതറിയ മലകള്‍ പ്രത്യക്ഷമായി തുടങ്ങി. പരസ്പരം തൊട്ടു തൊട്ടു ചെറുതും, വലുതുമായ ഓരോ കുന്നുകള്‍. കാണുന്നത്ര അടുത്തല്ല അവയൊന്നും. ആരൊക്കെയോ നടന്നു കയറി പോകുന്നത് അവ്യക്തമായി കാണാം. പറഞ്ഞ സമയം അടുത്തെത്തി. അവിടെയവിടെയായി കുറച്ച്‌ കടകള്‍. വാഹനത്തിന്റെ സ്പീഡ് കുറച്ച്‌ കൊണ്ടു ഡ്രൈവര്‍ കൈ ചൂണ്ടി പറഞ്ഞു. അതാ ആ കാണുന്നതാണ് ജബല്‍ നൂര്‍ !

കാര്‍ ജബല്‍ നൂറിലേക്ക് തിരിഞ്ഞു പോകുന്ന റോഡിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ടാക്സി ചാര്‍ജ് കൊടുത്തു പരസ്പരം സലാം പറഞ്ഞു ഞാന്‍ കാറില്‍ നിന്നും ഇറങ്ങി മുന്നോട്ടു  നടന്നു.  നല്ല ഉയരത്തില്‍ ജബല്‍ നൂര്‍. സന്ദര്‍ശകര്‍  മലയുടെ മുകളിലേക് കും, താഴെക്കുമായി ചലിച്ചു കൊണ്ടിരിക്കുന്നു. പ്രവാചക ദൌത്യത്തിന്റെ ചരിത്രം പറയുന്ന ജബല്‍ നൂറിനു അതിന്റെ പേരിലുള്ള ചൂഷണം ഒഴിവാക്കാനായിരിക്കണം പ്രത്യേക പരിവേഷമോന്നും നല്കീയിട്ടില്ല!    ഇനിയും കുറച്ച്‌ നടക്കണം മലയുടെ അടിവാരത്തിലെത്താന്‍. ഞാന്‍ റോഡിലൂടെ മുന്നോട്ടു  നടന്നു മലയുടെ സമീപം എത്തി. ഒന്നു രണ്ടു ചെറിയ ഷോപ്പുകള്‍. ഒരു ഗ്രാമാന്തരീക്ഷത്തിന്റെ സുഖം. ആ നാട്ടുകാരായ കുറച്ച്‌ പേര്‍ കടയില്‍ നിന്നും എന്തൊക്കെയോ വാങ്ങുന്നു. ആ കടയില്‍ നിന്നും വെള്ളവും, മറ്റെന്തൊക്കെയോ വാങ്ങി കിറ്റിലാക്കി എനിക്ക് മുന്നില്‍ ആരൊക്കെയോ മലയിലേക്കു കയറുവാന്‍ തുടങ്ങുകയാണ്. ഞാനും രണ്ടു  കുപ്പി വെള്ളം വാങ്ങി കയ്യില്‍ വെച്ചു. താഴെ നിന്നു കൊണ്ടു നിന്നു മുകളിലേക്ക് ഒന്നു കൂടി നോക്കി.  പൊട്ടുപോലെ തോന്നുന്ന  മനുഷ്യര്‍ മലയുടെ  നെറുകയിലേക്ക് കയറി പോകുന്നുണ്ട്. ഞാന്‍ മല കയറാന്‍ ആരംഭിച്ചു. അഞ്ചോ ആറൊ ചുവടു മുന്നോട്ടു നീങ്ങിയപ്പോഴാണ് കുത്തനെയുള്ള കയറ്റം കാലുകള്‍ക്ക്  അത്ര എളുപ്പമായിരിക്കില്ല എന്ന് മനസ്സിലായത്. കുറച്ച്‌ നേരം കണ്ണടച്ചു നിന്നു. പ്രവാചകന്റെ പദസഞ്ചലനം ഒരു ഗദ്ഗദമായി മനസ്സില്‍ നിറഞ്ഞു. 

ആരും ഇല്ലാതെ ഏകനായി മല കയറി പോകുന്ന ഒരു പ്രവാചകന്‍  മനസ്സില്‍ തെളിഞ്ഞു. ഇന്ന് കാണുന്ന  സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തില്‍ ഈ മലയിലേക്കു കയറി പോകാനുള്ള പ്രചോദനം  എന്തായിരിക്കണം. ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു കയറാന്‍ തുടങ്ങിയപ്പോള്‍ നേരിയ കിതപ്പും, ശ്വാസഗതി വേഗത്തില്‍ ആകാനും തുടങ്ങി. കിതപ്പില്‍  നിന്നും ഞാനറിയാതെ ഒരാത്മഗതം വന്നു. അല്ലയോ പ്രവാചകാ, അങ്ങെന്തിനായിരുന്നു ദുര്‍ഘടം പിടിച്ച ഈ മല മുകളിലേക്ക് കയറി പോയത് ?  ജീവിത സായാഹ്നത്തിലും  അങ്ങയെ കാണാന്‍ വഴി ദൂരം താണ്ടി ഭക്ഷണ പാത്രവുമായി നടന്നു കയറിയ അങ്ങയുടെ പത്നിയെ ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സജലങ്ങളാകുന്നു. കാലുകള്‍ തളരാതെ അവര്‍ ഒറ്റയ്ക്ക്  എത്ര വട്ടം ഈ മലയുടെ ഉയരവും, താഴ്ചയും താണ്ടിയിട്ടുണ്ടാകണം.  ഞാന്‍ വെറും കാഴ്ചക്കാരന്‍. എനിക്ക്  മല കയറുവാനുള്ള ഊര്‍ജ്ജം നല്‍കുന്നത് ഒരു ചരിത്രമാണല്ലോ. അതൊന്നുമില്ലാതെ ഉത്തുംഗമായ    ഗിരി ശ്രുംഗതിലേ ക്ക്   അങ്ങയെ  അവാഹിച്ചത് ഏത് ഊര്‍ജ്ജമാണ്. ഓരോ കിതപ്പിനോടൊപ്പം  ഞാന്‍ പ്രവാചകനെ സ്വയം അനുഭവിക്കുകയായിരുന്നു, അറിയുകയായിരുന്നു ! 

ആളുകള്‍ മല കയറിയതിനെ തുടര്‍ന്നാകണം ദുര്‍ഘടമെങ്കിലും ഒരു വഴി രൂപപെട്ടു വന്നത്.  കയറുവാനുള്ള എളുപ്പത്തിനായി  ചിലയിടങ്ങളില്‍ പാറകഷ്ണങ്ങള്‍ പാകിയിട്ടുണ്ട്. കയറ്റതിനിടയിലുള്ള  ഓരോ വിശ്രമഘട്ടങ്ങളില്‍ നില്‍ക്കുന്ന  മല കയറുന്നവരെ നോക്കി ഇടയ്ക്കിടയ് ക്ക് അംഗവൈകല്യം ബാധിച്ച മനുഷ്യര്‍ ദൈന്യതയോടെ  സഹായം ചോദിചു കൊണ്ടിരിക്കുന്നത് കാണാം.  തീര്‍ഥാടനസ്ഥലമെന്ന പോലെ അവിടേക്ക് വരുന്നവരെ ചൂഷണം ചെയ്യുന്ന ഏതോ സംഘം ആയിരിക്കണം ആരോഗ്യമുള്ളവര്‍ പോലും  കയറാന്‍ ബുദ്ധിമുട്ടുന്ന ഈ മല  മുകളിലേക്കുള്ള ഓരോ വഴിയിലും ഇവരെ ഇരുത്തിയിരിക്കുന്നത്. പ്രവാചകനെ കുറിച്ചുള്ള ചിന്തയില്‍ നിന്നും മനസ്സിനെ  കുറച്ച്‌ നേരത്തേക്ക് അവര്‍ നടത്തുന്ന യാചന  വഴിതിരിച്ചു വിട്ടു. യാചിച്ചു വന്നവനോട്‌   അയാളുടെ പക്കല്‍  അവശേഷിച്ചിരുന്ന  പുതപ്പു വിറ്റ്  മഴു വാങ്ങി കൊടുത്തു അദ്വാനിച്ചു ജീവിക്കാ ന്‍ ഉപദേശിച്ച പ്രവാചകന്‍ വീണ്ടും ചിന്തയിലേക്ക് വന്നു.    

എത്ര ദൂരം പിന്നിട്ടുവെന്നറിയാന്‍   ഞാന്‍ താഴേക്കു നോക്കി. പകുതിയോളം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള വഴി ശ്രമകരമാണ്. ഞാന്‍ വീണ്ടും ഉയരങ്ങളിലേക്ക് നടന്നു കയറി കൊണ്ടിരുന്നു. ജബല്‍ നൂറിന്റെ നിറുകയില്‍ എത്തി ഹിറ കണ്ടു തിരിച്ചു വരുന്ന സംഘങ്ങള്‍ എതിരെ വരുന്നുണ്ട്. അവര്‍ക്ക് വഴിയോതുങ്ങി ഞാന്‍ നടന്നു കയറി. ഒരുവേള  പാതി വഴിയില്‍ നിറുത്തി തിരിച്ചു പോയാലോ എന്ന് മുന്നോട്ടുള്ള കയറ്റം ചിന്തിപിച്ചു ! പക്ഷെ ഹിറയുടെ അനുഭവം നല്‍കുന്നത് എന്തായിരിക്കും എന്ന ആകാംഷയില്‍  പിന്തിരിയെണ്ടാതില്ലെന്നു തീരുമാനിച്ചു മുന്നോട്ടു കയറി.

സൂര്യന്‍ അസ്തമയതോടടുക്കുകയാണ്. മല കയറി തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇനി ഉച്ചിയില്‍ എത്താന്‍ കുറച്ച്‌ കൂടി മാത്രം. ഞാന്‍ താഴേക്കു നോക്കി. താഴ്വാരത്തില്‍ മനുഷ്യര്‍ അവ്യക്തമായ രൂപങ്ങളായി. ഹിറയുടെ സാമീപ്യം അടുത്തെന്നു തോന്നുന്നു.  ഹിറ കണ്ടു  കഴിഞ്ഞു തിരിച്ചു വരുന്നവരുടെയും, കാണാന്‍ വേണ്ടി കയറുന്നവരുടെയും തിരക്ക്. ഞാന്‍ മുകളിലെത്തി ! പ്രവാചകന്‍ ധ്യാന  നിരതനായിരുന്ന ഹിറയുടെ മുമ്പില്‍ ! കൂറ്റന്‍ പാറകളാല്‍ അടുക്കിവേചെന്ന പോലെ രൂപപെട്ട ഒരാള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയുന്ന ഒരു ഗുഹ. മലയുടെ ഏറ്റവും ഉച്ചിയില്‍ അങ്ങിനെയൊരു സ്ഥലം അല്ഭുതപെടുത്തി.  അങ്ങകലെ ഹറമിന്റെ മിനാരങ്ങള്‍  ഉയര്‍ന്നു കാണാം. കെട്ടിടങ്ങള്‍ നിറഞ്ഞു മക്കാ പ്രദേശം...ഹൈവേകളിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍ കളിപാട്ടങ്ങള്‍  പോലെ തോന്നിച്ചു.   പ്രവാചക കാലഘട്ടാതില്‍ നിന്നും ഈ നാട് എത്രയോ വികാസം പ്രാപിച്ചിരിക്കുന്നു. 

എന്റെ മനസ്സ്‌ ഗതകാലത്തിലേക്ക്‌ ചിറകടിച്ചു.   മുന്നില്‍ കണ്ട എല്ലാ ആധുനിക സൌകര്യങ്ങളും വാഹനങ്ങളുടെ ഇരംബലുകളും, തിരക്കുകളും അപ്രത്യക്ഷമാക്കി യാത്രക്കും മറ്റുമായി ഒട്ടകങ്ങളും , കുതിരകളും  മാത്രമുള്ള ഒരു കാലഘട്ടതിലേക്ക് പ്രവേശിച്ചു.  അവിടെയവിടെയായി ആണ് പനയോല കൊണ്ടും, മണ്ണുകൊണ്ടും നിര്‍മിച്ച വീടുകള്‍ ഉണ്ടായിരുന്നിരിക്കണം.  വിനോദങ്ങളിലും, ചൂഷനങ്ങളിലും, അടിമ കച്ചവടങ്ങളിലും, അശ്ലീലതകലിലും അഭിരമിക്കുന്ന മക്കയുടെ തെരുവുകള്‍.  മരുഭൂമിയെ തഴുകി കൊണ്ടു  ചെറിയൊരു കാറ്റു വീശി. ഒരു ഒട്ടകം പ്രത്യക്ഷമായി...അതിനെ തഴുകി കൊണ്ടു ഒരു മനുഷ്യന്‍ !  

കഅബ പല പേരിട്ടു വിളിക്കുന്ന വിഗ്രഹങ്ങളെ പൂജിക്കുന്ന ആരാധന കേന്ദ്രമാണ് അന്ന്.  ആരാധിക്കപെടാനായി പല പേരുകളില്‍ ഉള്ള ദൈവങ്ങള്‍ വിഗ്രഹങ്ങളായി ഇന്നു പല നാട്ടിലും ഉള്ളത് പോലെ അന്ന് ഈ സമൂഹത്തിലും ഉണ്ടായിരുന്നു എന്നത് ഇപ്പോള്‍ ഒരു ചരിത്രം  മാത്രമായിരിക്കുന്നു.  അന്ധവിശ്വാസങ്ങളുടെ കേന്ദ്രങ്ങളായിരുന്നു ആരാധനാ ലയങ്ങള്‍.  പരസ്പരം പോരടിച്ചു രക്തമൊഴുക്കുന്ന അറബ് ഗോത്ര സമൂഹങ്ങള്‍. മദ്യത്തിലും, എല്ലാ വിധ ചൂഷനതിലും, സ്ത്രീ പീടനങ്ങളിലും തിമിര്ത്താടുന്ന അറബികള്‍.  മദ്യലഹരിയില്‍  കവിതകളും, നൃത്തങ്ങളും ആസ്വദിക്കുന്ന തെരുവില്‍ അടിമകളെ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്നവരുടെ തിരക്ക്. അതില്‍ നിന്നൊക്കെ വേറിട്ട്  ചിന്താമഗ്നനായി ഒരാള്‍ മക്കയുടെ തെരുവിലൂടെ പോകുന്നുണ്ട്. മുഹമദ് ഇബ്നു അബ്ദുല്ലഹ് !തെരുവിന്റെ പ്രലോഭനങ്ങളില്‍ നിന്നകന്നു മനസ്സിനെ കലുഷിതമാക്കുന്ന കാഴ്ചകളില്‍ നിന്നൊക്കെ  മാറി ഏകനായി നടന്നു നീങ്ങുമ്പോള്‍ അതൊരു മാറ്റത്തിനുള്ള തുടക്കമായിരുന്നു. 

ജബല്‍ നൂറിനെ ലക്ഷ്യമാക്കി പ്രവാചകന്‍ നടക്കുകയാണ് തന്റെ ദൌത്യം എന്തെന്നറിയാതെ.  പ്രവാചകന്റെ കാഴ്ചയില്‍ ആകാശത്തിന് കീഴെ ഉയര്‍ന്നു നില്‍ക്കുന്ന ജബല്‍ നൂര്‍ ദൃശ്യമായി. പ്രവാചകന്റെ പദ സഞ്ചലനത്തിന്       കാതോര്തീട്ടാവണം ജബല്‍ നൂര്‍ ധ്യാനനിരതമെന്നപോലെ നിശബ്ദമാണ്. ഓരോ കാല്‍ ചുവടുകളും  ജബലിന്റെ ഉയരങ്ങളിലേക്ക്  അടുപ്പിച്ചു കൊണ്ടിരിക്കുന്നു. 

ജബല്‍ നൂറിന്റെ ഉച്ചിയില്‍ കൂറ്റന്‍ പാറകളാല്‍  ഒരു ഗുഹാമുഖം. തികഞ്ഞ നിശബ്ദത. എവിടെയോ വീശിയ തണുത്ത കാറ്റ് മല മുകളിലൂടെ സ്പര്‍ശിച്ചു പോകുന്നു.   സൂര്യന്റെ അസ്തമയ ശോഭയില്‍ മുങ്ങി നില്‍ക്കുന്ന മക്ക പ്രദേശം അങ്ങകലെ കാണാം.  ഏകാന്തമായ അന്തരീക്ഷത്തില്‍ പ്രവാചകന്‍ ഗു ഹക്കകത്തേക്ക് പ്രവേശിച്ചു,  തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ അന്ധകാ രതിലാനെന്ന ചിന്തയില്‍ ഒരു പുതിയ പ്രഭാതത്തെ പ്രതീക്ഷിച്ചു കൊണ്ടു പ്രവാചകന്‍ ധ്യാന നിരതനാ യി ഇരുന്നു.  ആകാശത്ത് ചുമന്ന ശോഭ പടര്‍ത്തി സൂര്യന്‍ മറയുകയാണ്. ചുറ്റും ഇരുട്ട് പരക്കുന്നു. 

"വായിക്കുക !!" രണ്ടാമനായി ഒരാള്‍ ഈ മലയുടെ മുകളില്‍ ഇല്ലാതിരിക്കെ  ആ ശബ്ദം കേട്ടു ധ്യാനത്തില്‍  നിന്നും കണ്‍ തുറന്നു നോക്കി. ഒരു രൂപം തന്റെ മുന്നില്‍.  "എനിക്ക് വായിക്കാന്‍ അറിയില്ല" എന്ന് ഭയന്ന് വിറച്ചു മറുപടി നല്‍കി.  പ്രവാചകന്‍ പ്രതിവചിച്ചത്  കേട്ടു  ആ രൂപം വീണ്ടും ആവര്‍ത്തിച്ചു. "വായിക്കുക ! നിന്നെ സൃഷ്ടിച്ച നിന്റെ സൃഷ്ടാവിന്റെ നാമത്തില്‍ ! " അവന്‍ നിന്നെ രക്ത പിന്ടത്തില്‍ നിന്നും സൃഷ്ടിച്ചു." പ്രവാചകനെ ആശ്ലേഷിച്ചു ദിവ്യ സന്ദേശം നല്‍കി കൊണ്ടു ആ രൂപം ഹിറയില്‍ നിന്നും അപ്പ്രത്യക്ഷമായി.  തനിക്കു അജ്ഞാതമായിരുന്ന  ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ച ആ വചനത്തെ നല്‍കിയ  ശക്തി ആരായിരിക്കണം, എന്തിനായിരിക്കണം ?

ജിബ്രീല്‍ ! മോശക്കും, ജീസസിനും ദൈവിക സന്ദേശം നല്‍കിയ അതെ സന്ദേശ വാഹകന്‍ തന്നെ എന്ന് പ്രിയ പത്നി സംശയ നിവൃത്തി വരുത്തി. അഗതികളെ സഹായിക്കുകയും, കുടുംബ ബന്ധങ്ങളെ ചേര്‍ക്കുകയും ചെയ്യുന്ന താങ്കളെ സൃഷ്ടാവ് കൈവെടിയുകയില്ലെന്ന് അവര്‍ ആശ്വസിപ്പിച്ചു. ഹിറയില്‍ നിന്നും കേട്ട  വചനങ്ങള്‍ പ്രവാചകന്റെ ഹൃദയത്തില്‍ പ്രധിധ്വനിച്ചു കൊണ്ടിരുന്നു.  "വായിക്കുക !" അവന്‍ നിന്നെ രക്ത പിന്ടത്തില്‍ നിന്നും സൃഷ്ടിച്ചു." നിരക്ഷരനായ താന്‍ ഇരുട്ടില്‍ നിന്നും അറിവിന്റെ ലോകത്തേക്ക് വരുന്നതിന്റെ ലക്‌ഷ്യം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു.  

ചൂഷണങ്ങളും, അശ്ലീലതകളും ഉള്ള സാമൂഹിക വ്യവസ്ഥിതിയോട് രാജിയാകെണ്ടാതല്ല  തൌഹീദ് എന്ന് പ്രവാചകനില്‍ നിന്നു സമൂഹം അറിഞ്ഞപ്പോള്‍  ശത്രുക്കള്‍ വാളെടുത്തു. അധികാര കേന്ദ്രങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി  സ്ഥാനങ്ങളടക്കം മനോഹര വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. പക്ഷെ തൌഹീദിനു സമം തൌഹീദ് മാത്രമെന്ന അലംഘനീയമായ യാഥാര്‍ത്ഥ്യം അതിന് വിരുദ്ധമായ എല്ലാ വാഗ്ദാനങ്ങളെയും അവഗണിച്ചു. മഹത്തായ ഒരു വിപ്ലവത്തിന്റെ അനന്തരവകാശത്തില്‍ ഒരു ജനത തങ്ങളെ ചുറ്റി വരിഞ്ഞിരുന്ന ചങ്ങലകളെ തിരിച്ചറിഞ്ഞു പൊട്ടിചെറിയുകയാ യിരുന്നു.   
ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ  വിപ്ലവത്തി ന്റെ അഗ്നി സ്ഫുലിന്കങ്ങള്‍ ഹിറയില്‍ നിന്നും ഇടിമിന്നല്‍ പോലെ ലോകത്തേക്ക് പടര്‍ന്നത് എത്ര വേഗമാണ്. എല്ലാം ഓര്‍ത്തെടുക്കുന്ന പോലെ ഹിറ ശാന്തമായി. ഓരോ  ഋതുവിനെയും സീകരിച്ചു കൊണ്ടു സന്ദര്‍ശകരുടെ പാദ ചലനത്തില്‍ തീഷ്ണമായ ഒരു ചരിത്രത്തെ പങ്ക് വെക്കുകയാണ് ഹിറ. 

സൂര്യന്‍ അടുത്ത പ്രഭാതത്തിനായി അസ്തമിച്ചിരിക്കുന്നു. മഗ്രിബിന്റെ ബാങ്ക് ബിലാലുബ്നു റബാഹില്‍ നിന്നും  അനന്തരമെടുത്ത  ശബ്ദത്തിലൂടെ അന്തരീക്ഷത്തില്‍ പരന്നൊഴുകുന്നുണ്ട്. ഹിറയില്‍ നിന്നും നോക്കിയാല്‍ വൈദ്യുതി ദീപങ്ങളാല്‍ മിന്നി തിളങ്ങുന്ന മക്ക ഹറമിന്റെ മിനാരങ്ങളെ തൊട്ടു കാണിക്കുന്നു. കഅബക്ക് ചുറ്റും  അടുത്ത നമസ്കാരത്തിന് പല രാജ്യങ്ങള്‍, പല ഭാഷകള്‍ ഇപ്പോള്‍ വൃത്തമായി കാണണം ! 

Wednesday, May 9, 2012

മഹല്ലുകൾ 'കൃഷി ബക്കറ്റ് ചലഞ്ചിനു' തുടക്കം കുറിക്കുക.

ആധുനിക സൌകര്യങ്ങളുടെ മലവെള്ളപാച്ചിലിൽ മനുഷ്യന്‍ അവനറിയാത്ത വിധം ഉപഭോഗസംസ്കാരത്തിന് അടിമപെട്ടിരിക്കുന്നു.

എളുപ്പത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ എങ്ങിനെ പൂര്തീകരിക്കാം എന്നാണ് വിപണി മനുഷ്യനെ അടിമയാക്കിയതിലൂടെ ചെയ്യുന്നത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും വിപണിയാണ്. മനുഷ്യ ചിന്തയെ തങ്ങള്‍ക്കനുകൂലമായി രൂപപെടുത്തുന്ന പരസ്യങ്ങളും, സിനിമകളും, ടെലിവിഷന്‍ പരിപാടികളുമാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ട്രോളികളില്‍ നിറയെ സാധനങ്ങള്‍ നിറച്ചു മാര്‍കറ്റില്‍ നിന്നും വീടുകളിലേക്ക് തിരിച്ചു പോകുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങിയിരിക്കുന്നു. ഉത്പന്നങ്ങളെ കുറിച്ച് യാഥാര്‍ത്ഥ്യം മറച്ചു വെച്ചു കൊണ്ടു അസത്യങ്ങള്‍ സത്യമായി പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതും, അവയൊക്കെ കണ്ണടച്ചു ആസ്വദിക്കുന്നതും ദിനചര്യയെന്നപോലെ സമൂഹം പരിചയപെട്ടിരിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം എല്ലാം സര്‍വസാധാരണമായ ഒരു സാഹചര്യത്തിലാണ് ഇസ്ലാമിക സമൂഹം പോലും ! തന്റെ സമൂഹത്തില്‍ ധനം കുന്നുകൂടുന്നതിനെ കുറിച്ചുള്ള ആശങ്ക പ്രവാചക വചനത്തില്‍ ഇന്നത്തെ സാഹചര്യവുമായി തുലനം ചെയ്യുമ്പോള്‍ ദുരന്തം വ്യക്തമാണ്. നന്മയും തിന്മയും വ്യക്തമാകാത്ത വിധം അന്ധത ബാധിച്ച വെറും ഉപഭോക്താക്കള്‍ മാത്രമായി മാറിയിരിക്കുന്നു ഇസ്ലാമിക സമൂഹം !

മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റും വിധം എന്തിനും ഏതിനും 
 ചലന്ച്ചുകളുടെ കാലമാണ് ! ഇവിടെ മഹാല്ലുകളിലെ കുടുംപങ്ങളെ കൃഷിബകട്ടു ചലഞ്ചിനു പ്രേരിപ്പിക്കാൻ കഴിയുന്ന പ്ലാറ്റ് ഫോം മഹല്ല് സംവിധാനങ്ങല്ക്ക് ക്രിയാത്മകമായി ചെയ്യാൻ കഴിയും. കാര്ഷിക മേഖല പ്രതിസന്ധി നേരിടുന്ന ഇക്കാലത് കാര്ഷിക മേഖലയിലും ഇസ്ലാമിക അധ്യാപനങ്ങളെ പ്രവര്തിപധത്തിൽ കൊണ്ട് വരാൻ കഴിയുന്ന നവീന ആശയങ്ങളെ പരിചയപ്പെടുത്താൻ മഹല്ലുകൾ ഇടപെടെണ്ടാതുണ്ട്. പുതു തലമുറയെ കൃഷി ഒരു കലയായി പരിചയപ്പെടുത്തുന്ന രീതികള അവലംഭിക്കുന്നതിലൂടെയും, ചിന്തകള് സജീവമാക്കുന്നതിലൂടെയും അശ്ലീല വല്ക്കരിക്കപ്പെടുന്ന മനസ്സുകളെ നേരായ ദിശയിലേക്കു നയിക്കുന്നതിന് കൂടി ഇത്തരം ശ്രമങ്ങള്ക്ക് കഴിയും. 

"ഒരു മനുഷ്യന്‍ ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സൃഷ്ടാവ് പരിഗണിക്കുമെന്ന്" പ്രവാചകന്‍ സമൂഹത്തെ ഉണര്തിയീട്ടുണ്ട്. ഇങ്ങിനെയൊക്കെ സമൂഹത്തെ ഉദ്ബോധിപ്പീചീട്ടും ഇന്നത്തെ ഇസ്ലാമിക സമൂഹം കാര്‍ഷിക രംഗത്ത്‌ വളരെ പിറകിലാണ്. അംബര ചുംബികളായ മിനാരങ്ങള്‍ കേട്ടിയുയര്തുന്നതില്‍ മത്സരിക്കുന്ന പുരോഹിത നേതൃത്വങ്ങളുടെ അനുയായികളായി സമൂഹം മാറിയിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, അതിന് പരിഹാരമായി ഹൈബ്രിഡ് വിത്തുകള്‍ കൃഷികളില്‍ ഉപയോഗിച്ച് കുത്തകകള്‍ പ്രകൃതി ദത്തമായ, ജൈവിക കൃഷിയെ വിസ്മ്രുതിയിലാക്കുകയാണ്. ഇവിടെ, പൌരോഹിത്യം തങ്ങള്‍ക്കു നല്‍കുന്ന മന്ത്ര സദസ്സുകള്‍ക്ക് ശേഷം വയറു നിറച്ചാല്‍ മതി എന്ന് മാത്രം ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ നിര്മിതിയിലാണ്. അവരില്‍ നിന്നും നിന്നും കാര്‍ഷിക മേഖലയിലേക്കുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൌട്യമായിരിക്കും ! പ്രത്യേകിച്ചും, തിരുകെശങ്ങളിലൂടെ ഹോള്‍ സെയിലായി തങ്ങള്‍ കൊണ്ടുവരുന്ന അനുഗ്രഹങ്ങളില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന സാമൂഹിക സൃഷ്ടിയിലാണ് പൌരോഹിത്യത്തിന്റെ ശ്രദ്ധയെന്നിരിക്കെ !


ഇനിയെങ്കിലും കാര്യങ്ങള്‍ മാറേണ്ടതുണ്ട്. സമൂഹം ചിന്തിക്കേണ്ടതുണ്ട്. തരിശായി കിടക്കുന്ന കൃഷി ഭൂമികള്‍ പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് കൊടുത്ത ഉമര്‍ (റ)വിന്റെ പാതയെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും, നമ്മുടെ കൈവശമുള്ള ഭൂമിയില്‍ കൃഷി ചെയ്യാനും പ്രേരണയാകെണ്ടാതുണ്ട്. മഹല്ലുകളിലൂടെ കാര്‍ഷിക രംഗത്തെ ഇസ്ലാമിക ഇടപെടല്‍ ഗൌരവമായി നടത്തേണ്ടതുണ്ട്. വിശ്വാസികളെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും, ആരോഗ്യകരമായ കൃഷി രീതിയെ കുറിച്ചും പരിചയപ്പെടുതെണ്ടാതുണ്ട്. നിര്‍ജീവമായി കിടക്കുന്ന ഭൂമിയെ കിളച്ചു മറിച്ച്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തമായ സസ്യങ്ങളെ കൃഷി ചെയ്യേണ്ടതുണ്ട്. അതിനായി മഹല്ലു സംവിധാനങ്ങള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും!

"കൃഷി ബക്കറ്റ് ചലഞ്ച്"

മഹല്ല് കുടുമ്പങ്ങൾ തങ്ങളുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യുക, ചെയ്യാൻ പോകുന്നതിനു മുമ്പ്, മഹല്ല് നിയോഗിച്ച വ്യക്തികളുടെയും മറ്റുള്ളവരുടെയും  സാനിധ്യത്തിൽ അടുത്തയാളെ ചലഞ്ച് ചെയ്യുക..എത്റെടുക്കാത്തവർ മഹല്ല് നിശ്ചയിച്ച ഒരു തുക കൃഷി ചെയ്യുന്ന ആള്ക്ക് നല്കുക, അങ്ങിനെ കാര്ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വേദികളും, അനുയോജ്യമായ രീതികളും അവലംഭിക്കുക.

കൂടാതെ മഹല്ലുകള്‍ക്ക് ചെയ്യാവുന്നവ !
_______

  • മഹല്ലുകളില്‍ കൃഷി-തൊഴില്‍ മേഖലയില്‍ സമൂഹത്തെ സജീവമാക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു സഹകരണസംഘം രൂപീകരിക്കുക. 
  • കൃഷിയും ഇസ്ലാമും തമ്മിലുള്ള പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക 
  • കുതുബകളില്‍ ആരാധനയും കൃഷിയും തമ്മിലുള്ള ബന്ധത്തെ വിഷയമാക്കുക 
  • ജൈവ കൃഷിയെ ഇസ്ലാമിക മാനത്തില്‍ പ്രോത്സാഹിപ്പിക്കുക. 
  • വീട്ടു വളപ്പില്‍ ചെയ്യാന്‍ കഴിയുന്ന കൃഷികളെ പരിചയപെടുതുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 
  • മൂന്നു മാസം കൂടുമ്പോള്‍ അംഗങ്ങള്‍ യോഗം കൂടി തങ്ങളുടെ പുരോഗതിയെ/പ്രതിസന്ധികളെ കുറിച്ച് പരസ്പരം ഷയര്‍ ചെയ്യുക. 
  • രൂപമാറ്റം ചെയ്ത ഹൈബ്രിഡ് വിത്തുകളെ ബഹിഷക്കരിക്കുകയും, സൃഷ്ടി പ്രകൃതിയെ നിലനിര്‍ത്തുന്ന വിത്തുകളെ സംരക്ഷിച്ചു കൃഷിയില്‍ വ്യാപകമാക്കുക. 
  • മഹല്ലുകളില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുകയും, തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി നല്‍കാന്‍ തയ്യാറുള്ളവരെയും, ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തയ്യാരാകുന്നവരെയും ബന്ധപെടുത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുക ! 
  • മഹല്ലുകളില്‍ കൃഷി വകുപ്പുമായി ബന്ധപെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിത്തുകള്‍ വിപണനം ചെയ്യുക ! 
  • രണ്ടോ മൂന്നോ പേരെ ജൈവ കൃഷി സാന്ഘേതിക പരിശീലനത്തിന് തിരഞ്ഞെടുത്തു അവരുടെ കഴിവുകള്‍ മഹല്ലിലെ കൃഷിക്കുള്ള ഉപദേശ, നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കുക. 
  • സ്ത്രീകള്‍ക്ക് ഒഴിവു സമയം ചെയ്യാന്‍ കഴിയുന്ന, ക്രാഫ്ടുകളും, കൃഷിയും, നാടന്‍ കോഴി, വളര്‍ത്തു മൃഗ പരിശീലനവും, അവ വീടുകള്‍ തോറും നല്‍കാനുള്ള സംവിധാനങ്ങളും ചെയ്യുക. 
  • മഹല്ലിന്റെ കീഴില്‍ നാടന്‍ ഉത്പന്ന മേളകള്‍ സംഘടിപ്പിച്ചു സമൂഹത്തെ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ സംഘടിപ്പിക്കുകയും, സജീവമാക്കുകയും ചെയ്യുക. 
  • യുവതലമുറയ്ക്ക് കാര്‍ഷിക ക്ലാസുകള്‍ നല്‍കുക, അവരുടെ സമയത്തെ ഫലപ്രദമായ രീതിയില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങളെ കണ്ടെത്തി നിര്‍ദേശിക്കുക. 
  • പാടം (കൃഷി ഭൂമി) നികത്തുന്നവരെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുക. 

കാര്‍ഷിക രംഗത്തുള്ള ഇടപെടല്‍ പ്രകൃതിയോടും, അല്ലാഹുവിന്റെ സൃഷ്ടികളോടും, തലമുറകളോടും, ജീവിതത്തോടുമുള്ള ബാധ്യതയാണ്. അത്തരമൊരു മുന്നേറ്റത്തിനു ഇനിയെങ്കിലും കളമൊരുങ്ങേടതുണ്ട്. അല്ലെങ്കില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹൈബ്രിഡ് ഉല്പന്നങ്ങളുടെ ഉപഭോക്താക്കളായി സ്വന്തം ശരീരത്തെ രോഗാതുരമാക്കി ജീവിക്കുന്ന ഒരു സമൂഹമായി ഇനിയും മുന്നേറി കൊണ്ടിരിക്കും.

"തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു."(33 :72)


ജീവിതത്തിന്റെ മുഴു സമയ വ്യവഹാരത്തില്‍, കര്‍മ മണ്ഡലങ്ങളില്‍ ഇസ്ലാം സജീവമാകേണ്ടതുണ്ട്. ഇതര മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വിത്യസ്തമാക്കുന്നത് അതിന്റെ സര്‍വ മേഘലകളിലും ഉള്ള ഇടപെടലുകളാണ്. ഇസ്ലാം എന്നത് സൃഷ്ടാവിനുള്ള പരിപൂര്‍ണമായ സമര്പനമാകുന്നത് അങ്ങിനെയാണ്. പൌരോഹിത്യത്തെയും, പൌരോഹിത്യ ഉദരപൂരണതിനെയും ഇസ്ലാം പടിക്ക് പുറത്തു നിര്ത്തുന്നു. ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന അത്തരക്കാരെ കുര്‍ആന്‍ താക്കീത് ചെയ്തീട്ടും, അതെ പൌരോഹിത്യത്തിന്റെ വായില്‍ നിന്നു തന്നെയാണ് ഈ വചനം പൌരോഹിത്യം മറ്റെന്തോ ആണെന്ന രീതിയില്‍ വരുന്നത്. സാമൂഹിക മേഖലകളില്‍ വരേണ്ട ചിന്തകളെ നിഷ്ക്രിയമാക്കി തങ്ങളുടെ വിഷയങ്ങള്‍ മരിച്ചവരോട് പ്രാര്‍ത്തിക്കാമോ, ജിന്നുകളോട് പ്രാര്‍ത്തിക്കാമോ, അവര്‍ കാണുമോ, കേള്‍ക്കുമോ, അവര്‍ക്ക് വേദനിക്കുമോ, പ്രവാചകന്‍ സാധാരണ മനുഷ്യനാണോ, മുടി ഒറിജിനലാണോ, അല്ലെ, നമസ്കരിക്കുമ്പോള്‍ കൈ എവിടെ വെക്കണം...എന്നിടത്താണ് ! ഇത്തരത്തിലുള്ള "അനവധി ഗവേഷണ, നിരീക്ഷണ" തര്‍ക്കങ്ങളില്‍ കിടന്നു പൌരോഹിത്യത്തിന്റെ തടവറയില്‍ കിടന്നു മാതൃകയാകേണ്ട ഇസ്ലാമിക സമൂഹം ഇതര സമൂഹത്തില്‍ അപഹസിക്കപ്പെടുകയാണ്.


“ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് സൃഷ്ടാവ് മഴ വര്‍ഷിപ്പിച്ചു തന്നീട്ടു നിര്‍ജ്ജീവ അവസ്തുക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തു വര്ഗ്ഗങ്ങളെയും, വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികല്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപെടുന്ന മേഘത്തിലും ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ തീര്‍ച്ചയായും ധാരാളം ദൃഷ്ടാന്തങ്ങള്‍ ഉണ്ട് “(അല്‍ ബക്കറ-164).


കൃഷിക്കനുയോജ്യമായ സസ്യങ്ങളും, അവ വളരുന്നതിനുള്ള സാഹചര്യങ്ങളും ഒരേ സമയം കൃത്യമായ അനുപാതത്തില്‍ പ്രകൃതിക്ക് നല്‍കിയിട്ടുണ്ട്. കൃഷി ചെയ്യാതെ ഭൂമിയെ നിഷ്ക്രിയമാക്കി കൈവശം വെക്കുന്നവര്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മനപ്പൂര്‍വം തനിക്കും, സമൂഹത്തിനും സ്വയം നിഷേധിക്കുന്നതിലൂടെ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നത് ! ഒരു തുള്ളി ജലത്തിന്റെ സാദ്യതയെ അന്യഗ്രഹത്തില്‍ അന്വേഷിക്കുന്ന ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്കു ചുറ്റുമുള്ള സൃഷ്ടാവിന്റെ എണ്ണമറ്റ അനുഗ്രഹത്തെ വിശ്വാസികള്‍ കണ്ണ് തുറന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇനിയെങ്കിലും പുരോഹിത നേതൃത്വങ്ങളുടെ ജല്പ്പനങ്ങള്‍ക്കും, അജണ്ടാകള്‍ക്കും അടിമപെടാതെ പണ്ഡിതര്‍ സമൂഹത്തെ ശരിയായ കര്‍മ കര്‍മമേഖലകളിലേക്ക് നയിക്കെണ്ടതുണ്ട്.

Monday, January 16, 2012

ശഅറെ മുബാറക് ആണെങ്കില്‍ !

ശഅറെ മുബാറക് എതിര്‍ക്കെപെടെണ്ട ഒന്നല്ല ! പ്രവാചകന് മുടി ഉണ്ടായിരുന്നു !
പക്ഷെ ഇപ്പോള്‍ ഈ പറക്കി കൂട്ടി പിടിച്ചു കൊണ്ടു വന്ന മുടി ശഅറെ മുബാറക് ആണോ ?
ആണെങ്കില്‍ !
ഈ മുടിയുടെ ദര്‍ശന സൌഭാഗ്യത്തില്‍ അനുഗ്രഹം ലഭിക്കും !
മുടി കൈവശം ഉള്ളവര്‍ അങ്ങിനെയാണ് സമൂഹത്തില്‍ അവതരിപ്പിക്കുന്നത്‌ ! ഇങ്ങിനെയൊന്ന് ഇസ്ലാമില്‍ ഇല്ല !
ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് ! ഷിയാ ഇസത്തില്‍ ! അങ്ങിനെ കടം കൊണ്ട പലതും നമ്മുടെ നാട്ടില്‍ സുലഭം !
ആണ്ടു നേര്ച്ചകള്‍ !
അതിന്റെ ഭക്ഷണ വിതരണങ്ങള്‍ !
ഔലിയാ മഖ്ബറ പരിപാടികള്‍ !
രാതീബുകള്‍!
മൌലീടുകള്‍ !
പക്ഷെ സമൂഹം കണ്ടു പരിചയിച്ചു പോന്ന അതൊക്കെ പ്രവാചകന്റെ സുന്നതെന്ന രീതിയില്‍ സമൂഹത്തെ കൊണ്ടു ചെയ്യിച്ചു അതാണ്‌ ദീന്‍ എന്ന് പുരോഹിതര്‍ അവതരിപ്പിച്ചു !
സമൂഹം അതൊക്കെ കണ്ണടച്ച് "പുണ്യം" കിട്ടുമല്ലോ എന്നൊക്കെ ആമീന്‍ പറഞ്ഞു ചെയ്ത് പോന്നൂ. എന്നാല്‍ ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഷിയാ വിശ്വാസികളുടെ ആചാരങ്ങളില്‍ നിന്നും നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്താണെന്ന് വ്യക്തമാകും. ഇതൊന്നും അറിയാതെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ പുരോഹിതരുടെ അവതരണങ്ങളില്‍ വിശ്വസിച്ചു അവര്‍ പറയുന്നത് അമൃതായി, തിരുവായിക്ക് എതിര്‍ വായില്ലാതെ കേട്ടും, ചെയ്തും പോന്നു.
എന്തിനും ഹദീസുകള്‍ സുലഭം ! അറബി ഭാഷയും, ഗ്രന്ഥങ്ങളും ജനങ്ങള്‍ക്കറിയില്ല. (മദ്രസയില്‍ പഠിപ്പിക്കുന്ന അറബി മലയാളം ഈ ഗുട്ടന്സോന്നും അറബി വായിച്ചു മനസ്സിലാക്കാതിരിക്കാനാണോ എന്നറിയില്ല !)
തെളിവ് പറയുന്ന പ്രസംഗങ്ങളില്‍ അവയുടെ ഊരും പേരും, റിപ്പോര്‍ടെഡ് സ്പീച്ചും, ഇന്ടയരക്റ്റ് സ്പീച്ചും ഒക്കെ കേട്ടു ആളുകള്‍ വായും പൊളിച്ചിരുന്നു, അങ്ങിനെ റിപ്പോര്‍ട ചെയ്ത പേര് പറയുമ്പോള്‍ കൂട്ടത്തോടെ (റ) പറഞ്ഞു !
അ ! അവര്‍ അറബീല്‍ തെളിവ് പറഞ്ഞതല്ലേ! കണ്ണടച്ച് വിശ്വസിച്ചു കൂടെ കൊണ്ടു നടക്കാം ! എന്ന രീതിയിലാണ് സമൂഹത്തില്‍ ഇതൊക്കെ !
_____________________
മുടിയുടെ അനുഗ്രഹത്താല്‍ ഒരു തര്‍ക്കം കൂടി !
വേദിയില്‍ മൈക്ക് ടെസ്റ്റിംഗ് ! ഹലോ ഹലോ !
ആരും ബഹളം വെക്കരുത് !
ശഅറെ മുബാറക് ! ആണെന്ന് തെളിവുണ്ടോ ?
എതിര്‍ക്കുന്ന മരുഭാഗത്തിന്റെ ബുദ്ധിപരമായ ചോദ്യം !
തെളിവുണ്ട് ! ദേ ! ഈ മുടി !അല്ലാന്നു നിങ്ങള്‍ തെളിയിക്കു !
നിഴല്‍ ഉണ്ടെങ്കില്‍ പ്രവാചകന്റെ മുടിയല്ല !
പ്രശ്നമായി ! ഈ മുടിക്ക് നിഴല്‍ ഇല്ലാതിരിക്കണമെങ്കില്‍ ഇരുട്ടത്ത്‌ വെച്ചു നോക്കേണ്ടി വരും ! ആരോ ആത്മഗതം ചെയ്തു !
സനദ് കാണിക്കാം ! ദേ സനദ് !
അതാരാ ?
സനദ് ! മുടി കൈവശം വന്ന പരമ്പര കാണിക്കുന്ന രേഖയാണ് സനദ് ! ഇതൊക്കെ കേട്ടു നിന്ന ഒരാളുടെ സംശയം തീര്‍ത്തു !
ഇതിലെവിടെ സനദ് ! പരംബരയില്ല ! ഇത് സനടല്ല ! ഇത് നസബാ !!
നസബോ, അതെന്താ ? മറ്റൊരു സംശയം !
അതൊക്കെ പോട്ടെ, ഇതിപ്പോ എവിടെന്ന കിട്ട്യേ !
കേട്ടു നിന്ന ആരോ ഒരാള്‍ പറഞ്ഞു, അത്‌ ജാലിയന്‍ വാല ഭാഗെന്നോ മറ്റോ ഒരാളുടെ കയ്യില്‍ നിന്നും....!"
താന്‍ ഇതൊക്കെ കേട്ടു അവിടെ നിന്നോ ! എനിക്ക് വേറെ പണിയുണ്ട് !
__________________________
ശ അറെ മുബാറക് ! നാല്‍പതു കോടിയുടെ പള്ളി !
ചുറ്റും ക്നോലെജ് സിറ്റി !
അടിപൊളി പ്രോജെക്റ്റ്‌ ! റിയല്‍ എസ്റെറ്റുകള്‍ രോമാഞ്ചം കൊണ്ടു ! മരങ്ങളും, കുന്നുകളും അപ്രത്യക്ഷമാകുന്നത് ഭാവനയില്‍ കണ്ടു
എങ്ങിനെ നാല്‍പതു കോടി !
പൈസ വിശ്വാസികളില്‍ നിന്നും പിരിക്കും ! ഒരു മുസല്ല ആയിരം രൂപ ! ഷയര്‍ സെര്ടിഫികട്ടിന്റെ ആത്മീയ രൂപം !
പല അനുഗ്രഹങ്ങളും ഉണ്ടല്ലോ !
മുടിയിലൂടെ അനുഗ്രഹം ! ഇങ്ങിനെയൊന്ന് ഇതുവരെ ഇല്ലാതിരുന്നതിനാല്‍ വിശ്വാസികള്‍ ഒഴുകും തീര്‍ച്ച !
ഇതുവരെ ഇല്ലാതിരുന്ന ഒരു നഗരം അവിടെ ഉയരും ! ജന തിരക്ക് കൂടും ! ബിസിനസ് കൂടും !
ബില്ടിങ്ങുകള്‍, apartment സ്പേസുകള്‍, ലീസുകള്‍, വാടക, അങ്ങിനെ ഒരു ബില്ടിംഗ് റിയല്‍ എസ്റെറ്റ് മാനെജ്മെന്റ് !
മുബാരാക് ഹോ ! എന്തായാലെന്താ ! അടിപൊളി !
__________________________
ശഅറെ മുബാറക് ! കാന്തപുരം എന്ന പണ്ഡിതന്‍ ആയാലും, മുജാഹിദ് ആയാലും, ജമാ അത്‌ ആയാലും ഇതൊക്കെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരെ എതിര്‍ക്കേണ്ടത്
വിശ്വാസം എന്താണെന്ന് അറിഞ്ഞവര്‍ തന്നെയാണ് !
വിശന്നപ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഇല്ലാതെ കല്ല്‌ ദേഹത്ത് കെട്ടി പണിയെടുത്ത പ്രവാചകന്‍ !
നമസ്കാരം കഴിഞ്ഞു എഴുന്നേറ്റു പള്ളിയില്‍ ഒരു ധന കൂമ്പാരത്തെ നോക്കി, അതിനവകാശപെട്ട ദരിദ്രര്‍ എടുക്കട്ടെ എന്ന് പറഞ്ഞു അടുത്ത പള്ളി പണിയാതെ, പള്ളി പുതുക്കി പണിയാന്‍ തീരുമാനിക്കാതെ നടന്നകന്ന പ്രവാചകന്‍ !
ഉറങ്ങാന്‍ നല്ലൊരു മേതയില്ലാതെ ഉറങ്ങാന്‍ ഉപയോഗിച്ച പനയുടെ പട്ടയുടെ പാടുകള്‍ പ്രവാചകന്റെ ദേഹത്ത് കണ്ടു പ്രവാചകനെ നോക്കി കരയുന്ന അന്നത്തെ അനുയായികള്‍ !
ഇന്ന് !
പ്രവാചകന്റെതെന്നു പറഞ്ഞു ഒരു മുടി സ്ഥാപിക്കാന്‍ നാല്‍പതു കോടിയുടെ പള്ളി സ്ഥാപിക്കുന്നവര്‍ പ്രവാചകന്റെ ഏത് മാതൃകയാണ് പിന്‍പറ്റുന്നത് !
നാല്‍പ്പതു കോടി ! വെറും സിമന്റും, മണ്ണും തിന്നേണ്ട ധനമല്ല ! വിശ്വാസത്തിന്റെ പേരില്‍ എന്തും കൊടുക്കുന്ന സമൂഹമാണ് ചുറ്റും !
നാടും വീടും വിട്ടു ഓരോ മഹാല്ലുകള്‍ക്കും തങ്ങളെ കൊണ്ടായത് സംഭാവന ചെയ്യുന്ന കുറെ വേദനിക്കുന്ന മനസ്സുകള്‍ ഗള്‍ഫിലുണ്ട് ! ഓരോ ദിവസവും നാട് സ്വപ്നം കണ്ടു ! കുടുംപതോടൊപ്പം ജീവിതം സ്വപ്നം കണ്ടു !
അല്ലാഹുവിന്റെ ആയിര കണക്കിന് വരുന്ന ഏതെങ്കിലും ഒരു പള്ളിയില്‍ മുടി വെച്ചു സ്നേഹിക്കുന്നവര്‍ക്ക് സ്നേഹിച്ചാല്‍ മതിയല്ലോ ! പുതിയൊരു മന്ദിരം എന്തിനു ??
ഈ പിരിപ്പിക്കുന്ന നാല്‍പതു കോടി ചിലവഴിക്കുന്നു എങ്കില്‍ , അത്‌ ഏതെങ്കിലും വ്യവസായ സ്ഥാപനം സമൂഹത്തില്‍ സ്ഥാപിച്ചു , വിദേശ വാസം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു തൊഴില്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അതായിരിക്കും അല്ലാഹുവിനോടും, പ്രവാചകനോടും ചെയ്യുന്ന നീതിയും, പ്രതിഫലാര്‍ഹാവും ! ഒരു പണ്ടിതനില്‍ നിന്നും അതാണ്‌ ഉണ്ടാകേണ്ടത് !