Tuesday, March 10, 2015

എന്താണ് 'തൗഹീദ്' ??

അവർ ചോദിച്ചു, എന്താണ് 'തൗഹീദ്' ??
നാം കരുതുന്നു, നമ്മൾ സമ്പൂര്ണ സ്വതന്ത്രർ എന്ന് . എന്നാൽ യഥാർത്ഥത്തിൽ 'സമ്പൂര്ണ സ്വാതന്ത്ര്യം' എന്തെന്ന് നമുക്ക് ഇപ്പോഴും അജ്ഞാതമാണ് ! അത് തിരിച്ചറിയാതെ പോകുന്നത് നമുക്ക് ഒരു മറു വശത്തെ കുറിച്ച് ചിന്തിക്കാനും, അതനുസരിച്ച് പ്രവര്തിക്കാനുമുള്ള സാമൂഹിക ഘടനയുടെ അഭാവം നിലനില്ക്കുന്നു എന്നത് കൊണ്ടാണ്. ഇവിടെ   തൗഹീദ്  അത്തരം സാമൂഹിക ഘടനയെ തിരിച്ചറിയാൻ കഴിയും വിധമുള്ള ഒരു മാറ്റത്തിന്റെ ചാലകമാണ് ! ചിന്തയിലും പ്രവര്ത്തിപഥത്തിലും ഉള്ള സമ്പൂര്ണ സ്വാതന്ത്ര്യം അത് നല്കുന്നു.  മനുഷ്യന് അതിരുകളില്ലാതെ ചിന്തിക്കാൻ കഴിയുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. മറ്റൊന്നിനും ഈ സ്വാതത്ര്യം അനുഭവിപ്പിക്കാൻ കഴിയില്ല. പ്രപഞ്ചമാണ്‌ അതിന്റെ പരിധി ! മറ്റാർക്കും ആരെയും
തങ്ങളുടെ താല്പര്യങ്ങൾക്ക് അധീനപ്പെടുത്താൻ കഴിയാത്ത വിധം ദൈവത്തിന്റെ എകാസ്ഥിത്വത്തിൽ സംഭവിപ്പിക്കുന്ന മൌലികമായ  മാറ്റമാണ് ഈ സ്വാതന്ത്ര്യം.

നമുക്ക് കുറുകെ വിലങ്ങു തടിയായി വിവിധ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. അവിടെ പ്രത്യക്ഷത്തിൽ ഇന്നത്തെ നമ്മുടെ ചിന്തകള് സ്വാതന്ത്ര്യം എന്ന് നമുക്ക് തോന്നും. യഥാർത്ഥത്തിൽ നമ്മൾ ചിന്തകള് പുറത്തേക്കു പോകാത്ത വിധം പല വിധ ചങ്ങലകെട്ടുകളിൽ ബന്ധിതതമായ അവസ്ഥയിലായിരിക്കും. ചൂഷണങ്ങൾ, തട്ടിപ്പുകൾ, മന്ത്ര-ധ്യാന 'പരിഹാര' കേന്ദ്രങ്ങൾ, ആത്മീയ കച്ചവടങ്ങൾ,അനീതികൾ, അക്രമങ്ങൾ...

അധികാര കേന്ദ്രങ്ങളുടെ താല്പര്യങ്ങൾക്ക് നിലനില്ക്കാൻ ആവശ്യമായ മേൽ പറഞ്ഞ ഘടകങ്ങളെ ഉൽപ്പാദിപ്പിക്കുക എന്നത് ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ്. അത് പലപേരുകളിൽ നിലനില്ക്കാം. താല്പര്യങ്ങൾ അവിടെ 'ദൈവങ്ങൾ' ആണ് ! വിശ്വാസങ്ങളെ വില്പ്പനക്ക് വെച്ച് ഒരു ബഹളമായി മാറുന്ന സാമൂഹിക വ്യവസ്ഥയിൽ, നന്മയും, തിന്മയും, അക്രമങ്ങളും, വേഷം കെട്ടിയാടുന്ന പൌരോഹിത്യ മന്ത്രോചാരനങ്ങൾക്കിടയിൽ സാധരണ കാഴ്ചയായി മാറുന്നു.

നോക്കൂ, നമുക്ക് ചുറ്റും പല ആള്കൂട്ടങ്ങളെയും കാണാം. ബുദ്ധിയും, ചിന്തയും അന്യമാക്കപെട്ടപോലെ അനുയായി വൃന്ദങ്ങൾ. അങ്ങിനെയാക്കിയ 'വിശ്വാസങ്ങളിൽ' ആള്കൂട്ടങ്ങൾ ഒരു ഹിസ്റ്റീരിയ പോലെ ആണ്. തങ്ങള് ബന്ധിക്കപെട്ടീട്ടുണ്ട് എന്ന് ഈ ആർതിരംബലിനിടയിൽ അവർ അറിയില്ല.

എനിക്ക് ഒന്നും മാനദണ്ടമാക്കാതെ അവരോടൊപ്പം ചേരാം. മനോഹരമാക്കി പൊതിഞ്ഞു കെട്ടി തരുന്ന എന്തും ഭോജ്യമാക്കാം. അത്രമാത്രം അരാഷ്ട്രീയമായി 'മനുഷ്യ ചിന്തകള്' അപ്രാപ്യമാക്കപെട്ട ഒരു സാഹചര്യത്തിന്റെ അടിമത്വമാണ് ഇന്ന്. നടന്നു പോകുന്ന വഴിയിൽ എന്റെ നേർക്ക്‌ ആര്തിരമ്പി വരുന്നവരെ ഇരു ഭാഗത്തേക്ക് വകഞ്ഞു മാറ്റി ഒരു ‘ചങ്ങല’കെട്ടിലും ബന്ധിതമാവാതെ തന്റെ പാത നിര്ണയിച്ചു മുന്നേറുക എന്നതാണ് തൗഹീദ് ! അവിടെ അറിയാത്ത ഭാഷകൾ ഭാഷാന്തരം ചെയ്യപ്പെടും ! പുതിയ പ്രവര്തിപഥങ്ങൾ തിരശീല നീക്കും !

സ്വാതന്ത്ര്യം എന്നത് യാധാര്ത്യങ്ങളെ വെളിവാക്കുന്ന 'ചിന്ത'കളാണ്. ഒന്ന് സ്വയം വിലയിരുത്തുക, സാഹചര്യങ്ങളെ, എത്രമാത്രം അവ നിങ്ങളെ ചിന്തിപ്പിക്കാൻ അനുവദിക്കുന്നു എന്ന് ! വിശാലമായ പ്രപഞ്ചത്തിൽ നിന്ന് കൊണ്ട് നിങ്ങൾ സംസാരിക്കുന്ന കാര്യം ഒരു പക്ഷെ ഒരു റൊട്ടിക്ക് വേണ്ടിയായിരിക്കാം. പത്തു പൈസ അമിത ലാഭം കിട്ടാൻ വേണ്ടി ചിന്തകളെ അത്തരം ഇടങ്ങളിൽ പരസ്പരം കുരുക്കിയിടുന്ന രണ്ടു പേരില് ഒരാളായിരിക്കാം നിങ്ങൾ ! അത്ര നിസ്സാരമായ ഇടങ്ങളിൽ ആണ് മനുഷ്യ ചിന്തകള് കെട്ടിയിട
പെട്ടിരിക്കുന്നത്.നിങ്ങളുടെ ദിവസങ്ങള് ശൂന്യമായി കടന്നു പോകുന്നത് നിങ്ങൾ പോലും അറിയില്ല.

സത്യത്തിൽ നാം എന്താണ് ചിന്തിക്കേണ്ടത് എന്ന് നമുക്ക് പോലും അറിയില്ല. ദൈവം എന്ന് ചില വിശ്വാസങ്ങൾ നിങ്ങളെ വിവിധ പേരിട്ടു വിളിക്കുന്ന ആരാധനലായങ്ങളിലേക്ക് വിളിക്കുന്നു. പ്രാര്തിക്കാൻ മാത്രം അവയെന്ന് നിങ്ങളെ ആരോ ചങ്ങലകിട്ടീട്ടുണ്ട്. ഒരു പ്രതിസന്ധി വരുമ്പോൾ, അല്ലെങ്കിൽ ഏതോ ഒരു ആഗ്രഹ സഫലീകരണത്തിന് ഒരു നേര്ച്ചയിട്ടു ധ്യാനമായാൽ മതിയെന്ന് നിങ്ങളെ വിശ്വാസങ്ങൾ കൂടെ കൊണ്ട് നടക്കുന്നുണ്ട്. ഒന്ന് വിളിച്ചാൽ ...നിങ്ങൾ നാലുപാടും ഈ ആരാധനലായങ്ങൾക്ക് ചുറ്റും വിവിധ പേരിട്ടു വിളിക്കുന്ന ആള്കൂട്ടമാകും. ആചാരങ്ങളിലേക്ക് കണ്ണോടിക്കുക നിങ്ങളുടെ ചിന്തകളെ എങ്ങിനെയാണ് ബന്ധിതമാക്കിയതെന്ന് !

മനുഷ്യൻ എന്നർത്ഥത്തിൽ ഏറ്റവും ആഘോഷിക്കപെടെണ്ടാത് സ്വാതന്ത്ര്യം തന്നെയാണ്. അതായത് തെരുവിൽ കൈവീശി നടക്കുന്നതോ, രണ്ടു പേരെ ചീത്ത പറയുന്നതോ, ഇഷ്ടപെട്ടത് വാങ്ങി ഭക്ഷിക്കുന്നതോ അല്ല സ്വാതന്ത്ര്യം എന്നത്. വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളിൽ മനുഷ്യ യുക്തിക്ക് പ്രതികൂലം എങ്കിൽ അവ നിങ്ങളുടെ ബോധത്തെ ശരിയായ ദിശയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയുന്നു എന്നതാണ് അതിന്റെ ഗൌരവം ! നിഷ്ക്രിയമായ ഒന്നിനെ തലയിൽ കൊണ്ട് നടക്കുമ്പോൾ കാഴ്ചകൾ പോലും ഭിന്നമാകും. ഈ കാഴ്ചകളെ സുവ്യക്തമാക്കുക എന്നതാണ് തൗഹീദ് ചെയ്യുന്നത്.അല്ലെങ്കിൽ യാഥാർത്ഥ്യം എന്ത് എന്നത് മനസ്സിലാക്കാൻ കഴിയാത്തത്ര അന്യമാകും !

യാധാര്ത്യങ്ങളെ ചുരുളഴിക്കുന്നത് തൗഹീദ് തന്നെയാണ്. "നിങ്ങൾ എന്ത് കൊണ്ടാണ് യാധാര്ത്യം ഗ്രഹിക്കാത്തത് " എന്ന കുർആന്റെ ചോദ്യം, ഈ ചോദ്യം നാം ആവര്ത്തിച്ചു സ്വയം ചോദിക്കേണ്ടതുണ്ട്. മനുഷ്യ സമൂഹം വെച്ച് പുലര്ത്തുന്ന കേവല വിശ്വാസത്തെയാണ് തൗഹീദ് ചോദ്യം ചെയ്യുന്നത്. അല്ലെങ്കിൽ അങ്ങിനെയോന്നിന്റെ അനിവാര്യത മനുഷ്യ സമൂഹത്തിൽ അവതരിപ്പിക്കപ്പെടെണ്ടാതില്ല. അനേകായിരം പ്രവാചകന്മാരെ സമൂഹ മധ്യത്തിൽ ഓരോ കാലഘട്ടത്തിന്റെ മലീമസമായ രാഷ്ട്രീയ ഭൂമികയിൽ ഉയര്തെണ്ടാതില്ല.  


രാഷ്ട്രീയങ്ങൾ നിലനില്ക്കുന്നത് എങ്ങിനെയെന്ന് സ്വതന്ത്രമായി നോക്കുക.പവിത്രമെന്നു ഒരു 'മൃഗത്തെ' ചൂണ്ടി അവയെ ഭക്ഷണ വസ്തു ആയി ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്ന ആധുനിക ലോകത്താണ് നമ്മൾ
 ! വിദ്യാ സമ്പന്നനായ നിങ്ങൾ ഇനി ആ 'മൃഗത്തെ' കുറിച്ച് അനുകൂലിച്ചും, പ്രതികൂലിച്ചും സംസാരിച്ചു കൊള്ളുക...ചിന്തകളെ ചങ്ങലക്കിടാൻ എത്ര എളുപ്പമാണ് ! മനുഷ്യ സമൂഹത്തെ ചങ്ങലക്കിടുന്ന അനേകം
പ്രതിസന്ധികൾ ഓരോ കാലന്ഘട്ടങ്ങളിലെ അധികാര കേന്ദ്രങ്ങളും, പുരോഹിത വൃന്ദങ്ങളും സംവിധാനം ചെയ്യുന്നത് ഈ ചിന്താ സ്വാതന്ത്ര്യത്തെ വഴി തിരിച്ചു വിട്ടുകൊണ്ടാണ്. പ്രശ്നങ്ങളും, പ്രതിസന്ധികളും സൃഷ്ടിച്ചു നിലനിര്ത്തുന്ന ഒരു സാമൂഹ്യ സാഹചര്യം രോഗാതുരമായ സമൂഹത്തെ നിര്മിക്കുന്നു. ഊര്ജ്വ സ്വലമാകേണ്ട ചിന്തകള് യുവത്വതിലെ ദാരിട്ര്യമാകുന്നു. ആരാധനാലയങ്ങൾ വ്യാപാര
സാധ്യതകളുടെ പുതിയ ഉറവിടങ്ങൾ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇനി തങ്ങള് നേരിടുന്ന പ്രതിസന്ധികളും, പ്രശ്നങ്ങളും പരിഹരിക്കേണ്ടത് ഭരണകൂടമല്ല, ആരാധിക്കപ്പെടുന്ന ദൈവമെന്നു പടിപ്പിക്കപ്പെടുന്നു.

ഒരു സമൂഹത്തെ ചങ്ങലക്കിടുവാൻ ഒരു പശുകുട്ടിയുടെ പ്രതിമ മാത്രം മതിയെന്ന 'സാമിരി' അത്തരം ഒരു രാഷ്ട്രീയ നിരിമിതിയുടെ ഭാഗമായിട്ടാണ് കുർആൻ വരച്ചിട്ടത്. നമ്രൂദിയൻ കാലത്തെ സമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെ തടഞ്ഞു നിർത്തിയ ആസറിന്റെ ബിംബങ്ങളെ കുർആൻ വിവസ്ത്രമാക്കിയത് എങ്ങിനെയാണ് ! അതുകൊണ്ട് തന്നെയായിരിക്കണം ചങ്ങലകെട്ടുകളിൽ പെട്ട് പോകുന്നതിനെതിരെ കുർ ആൻ മനുഷ്യന് നേരെ ജാഗ്രതമാകുന്നത്. 
ചിന്തകള് സ്വതന്ത്ര മാകാത്ത വിധം വരിഞ്ഞുകെട്ടിയിരിക്കുന്ന സമൂഹത്തെ  ചങ്ങലകെട്ടുകളിൽ  നിന്ന് മോചിപ്പിക്കുവാനാണ് പ്രവാചക നിയോഗങ്ങൾ എന്ന് അവരുടെ ഇടപെടലുകളിലൂടെ ഖുര് ആൻ ശബ്ദിക്കുന്നത്  കാണുക.

അന്ധകാരം എന്നത് വെളിച്ചം ഇല്ലാതാവുക എന്നത് മാത്രമല്ല, മറക്കപ്പെടുക, അല്ലെങ്കിൽ നിഷേദിക്കുക എന്നത് കൂടിയാണ്. വെളിച്ചത്തിലേയ്ക്കു നോക്കിയാൽ എല്ലാം പ്രത്യക്ഷമാകും. മങ്ങിയ വെളിച്ചത്തിൽ ദ്രിശ്യമാകുന്നത് വ്യക്തമല്ലാത്ത കാഴ്ചകൾ. സത്യത്തിൽ തൗഹീദ് വെളിച്ചമാണ്. എല്ലാം ദ്രിശ്യമാക്കുന്ന വെളിച്ചം. ചരിത്രത്തിലേക്ക് നോക്കുക. എങ്ങിനെയാണ് ഇബിനു സീനമാർ ഉണ്ടായതെന്ന്. ഇരുണ്ട യുഗത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്കു വഴി നടന്നതെന്ന്. അനേകം ശാസ്ത്രഞ്ഞന്മാര്ക്ക് ഉരുവം കൊടുത്തത് ഈ പ്രഭാവം തന്നെയായിരുന്നു.

ഇന്ന് തൗഹീദ് ചലനാത്മകത നഷ്ടപെട്ട വെറും ഒരു പൌരോഹിത്യ നിര് വചനമായി ഒതുങ്ങിയിരിക്കുന്നു. പ്രത്യക്ഷത്തിൽ നമ്മൾ വിധ്യാസംബന്നാർ എന്ന് സ്വയം സാക്ഷ്യപ്പെടുത്തും. നേടിയ അറിവിനെ ഉന്നതമെന്നും വിലയിരുത്തും. യഥാർത്ഥത്തിൽ ബാഹ്യമായ അറിവിന്റെ പുറം തോടുകൾ അണിഞ്ഞാണ് നമ്മൾ നടക്കുന്നത്. ഒരു സത്യത്തെ വ്യക്തതയോടെ അവതരിപ്പിച്ചാൽ പോലും അതംഗീകരിക്കാൻ കഴിയാത്ത 'മാനസികവളര്ച്ച' ഈ സമൂഹത്തിൽ പ്രകടമാണ്. എത്രമാത്രം വൈരുധ്യമാനത് !

തങ്ങള് വെളിച്ചം മറക്കപെട്ട ഒരു മങ്ങിയ പ്രകാശത്തിലാണ് എന്ന അജ്ഞത തിരിച്ചറിയണം എങ്കിൽ തൗഹീദ് എന്തെന്ന് വായിക്കേണ്ടതുണ്ട്. അതായത്, ആള്ദൈവ-ആത്മീയ കല്ട്ടുകൾക്ക് കീഴിലുള്ള വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നും ഡെലിവറി ചെയ്യപ്പെടുന്നവർ അത്തരമൊരു വിദേയത്വതെ തങ്ങളുടെ ബോധ മണ്ഡലത്തിൽ സൂക്ഷിക്കുന്നു. അവരുടെ ഉള്കാഴ്ച്ചകൾക്ക് അതോടെ മൂടുപടം വീഴുന്നു. ചിന്തകള്ക്ക് അതിര്ത്തി നിര്നയിക്കപ്പെടുന്നു. തങ്ങളുടെ അജണ്ടകൾക്ക് നിലനില്ക്കാനുള്ള 'ഉപഭോക്തൃ ഇടങ്ങളെ' സൃഷ്ടിക്കുക എന്നതിനപ്പുറം സൃഷ്ടാവിന്റെ തൗഹീദ് എന്ന സ്വാതന്ത്ര്യിലേക്ക് അവ പ്രവേശിക്കുന്നതിനെ തടയുക കൂടിയാണ് ഇത് ചെയ്യുന്നത്.

ആകാശ മണ്ടലങ്ങളെയും അവക്കിടയിലുള്ള സർവതിനെയും സൃഷ്ടിചീട്ടുള്ളത് വ്യക്തമായ അറിവോടും, ഉദ്ദേശത്തോടും കൂടിയാണ്. അവയിലേക്കു പ്രവേഷിക്കനെമെങ്കിൽ പൌരോഹിത്യ നിര് വചനങ്ങളുടെ പുറം തോടുകളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കെണ്ടാതുണ്ട്. മനുഷ്യ ബോധത്തോട് സംവദിക്കാൻ തൗഹീദ്, അതൊന്നിനു മാത്രമേ കഴിയൂ എന്ന തിരിച്ചറിവും, അതിനനുസരിച്ചുള്ള അന്വേഷണവും ആണ്  നമുക്ക് വേണ്ടത്.

സൃഷ്ടാവ് മനുഷ്യനെ , മനുഷ്യ ചിന്തയെ സ്വതന്ത്രമാക്കി ആകാശ ലോകങ്ങളിലേക്ക് ദൈവസ്ഥിക്യത്തിനു നേരെ വിരൽ ചൂണ്ടിയത് എത്ര മനോഹരമായിട്ടാണ്. 
തൗഹീദ് കേവല വിശ്വാസ-മന്ത്ര-തന്ത്ര-പ്രാര്ത്ഥന വൃത്തത്തിൽ ഒതുങ്ങുന്ന ചലനമറ്റ ഒരു ആരാഷ്ട്രീയതയല്ല, അത് പ്രതികൂല സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു മുന്നേറാൻ കഴിവുറ്റതാക്കുന്ന ഊര്ജ്ജവും, ഓരോരോ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന  മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള ചാലകശക്തിയുമാണ് !

“ആകാശ ഭൂമികളുടെ സംവിധാനത്തെക്കുറിച്ച് ഇക്കൂട്ടർ ഒരിക്കലും ചിന്തിച്ചിട്ടില്ലേ ?" (വി .ഖുര്ആൻ 7:185)