Monday, October 1, 2012

ഇരിക്കുന്ന ചില്ലകള്‍ വെട്ടി വീഴ്ത്തുമ്പോള്‍ !



അതിര്‍ത്തികള്‍ തിരിച്ചു വേലി കെട്ടിയ പല പ്രദേശങ്ങള്‍ പോലെയാണ് ഇന്നത്തെ മുസ്ലീം  സമൂഹം. വേലികള്‍ ദൃശ്യമല്ലെങ്കിലും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ സമൂഹത്തില്‍ വ്യക്തമാണ്. ആശയങ്ങളുടെയും  ആചാരങ്ങളുടെയും പേരില്‍ കലഹിച്ചു നില്‍ക്കുന്ന ഹൃദയങ്ങലാണ്  ഓരോ അതിര്‍വരംബുകല്‍ക്കുള്ളിലും.  മാതൃകാ പരമായ ഒരു മുന്നേറ്റത്തിനു ചാലകമാകെണ്ടിയിരുന്ന  ഒരു സമൂഹത്തിന്റെ ക്രിയാ ശേഷിയെ ഈ അതിര്‍വരമ്പുകള്‍ എത്രത്തോളം തകര്‍ത്തു എന്നറിയണമെങ്കില്‍ സ്വയം ഒരു പുനര്‍ ചിന്തനം നടത്തണം, ഓരോ നേതൃത്വവും !

തങ്ങള്‍ ഏക സൃഷ്ടാവില്‍ വിശ്വസിക്കുന്നു എന്ന് എല്ലാവരും ആവര്‍ത്തിക്കുന്നു. പ്രവാചക ചരിത്രത്തെ എല്ലാവരും ഉള്പുളകത്തോടെ പരിചയപെടുത്തുന്നു. എങ്കിലും ഭിന്നതകള്‍ക്കുള്ള ആശയങ്ങള്‍ കണ്ടെത്തി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്ര്‍ജ്ജം സംഭരിച്ചു വളരുക എന്ന ലക്‌ഷ്യം മാത്രമാണ് സംഘടനകള്‍കുള്ളത്. ഒരു സമൂഹത്തിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ അവരെ  ഭിന്നിപ്പിച്ചാല്‍ മതിഎന്നു   രണ്ടാടുകള്‍ക്കിടയില്‍ ഒരു ചെന്നായ  വളരെ കൃത്യമായി നമ്മളെ കഥയിലൂടെ പരിച്ചയപെടുതീയിട്ടുണ് ട്.   പക്ഷെ ഇന്ന് ചെന്നായയുടെ ആവശ്യമില്ല. അതൊക്കെ ആടുകള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. തല തമ്മിലിടിച്ചു കൂടുതല്‍ അങ്ങോട്ടും ഇങ്ങോട്ടും പരിക്കേല്‍പ്പിച്ചു ആനന്ദം കണ്ടെത്തുന്നതിലാണ് അവയുടെ സായൂജ്യം.  അപ്രകാരം ഭിന്നിപ്പുകളെ പാലൂട്ടി വളര്‍ത്തുക എന്ന കൃത്യം അതിന്റെ ആളുകള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. ലോക രാഷ്ട്രീയത്തില്‍ സാമ്രാജ്യത്വങ്ങള്‍  അങ്ങിനെയാ ണ്.  അതിന്റെ ചെറിയ പതിപ്പുകള്‍  നമ്മുടെ സമൂഹത്തില്‍ വളരെ സുന്ദരമായി പണ്ഡിത നേതൃത്വങ്ങള്‍ ചെയ്യുന്നു എന്നാണ് നിലവിലെ ഇസ്ലാമിക സമൂഹം നമ്മോടു പറയുന്നത്.

ഏതൊരു പ്രവര്തനന്തിന്റെയും ലക്‌ഷ്യം സമൂഹത്തിന്റെ നന്മയില്‍ അധിഷ്ടിതമായ ബൌധിക പുരോഗതിയായിരിക്കണം. ഒരു ഉത്തമ സമൂഹ സൃഷ്ടി അങ്ങിനെയാണ് രൂപപെടുക.  ഈ ലക്‌ഷ്യം നേടണമെങ്കില്‍ തര്‍ക്കങ്ങള്‍ക്കും, ആക്ഷേപങ്ങള്‍ക്കും പകരം സമൂഹത് തില്‍ തങ്ങളുടെ വൈജ്ഞാനിക തലങ്ങളെ  മനോഹരമായി സമര്‍പ്പിക്കാന്‍ പണ്ഡിതര്‍ക്കു കഴിയണം. അവിടെ ഭിന്നതകള്‍ക്കുള്ള ഇടങ്ങള്‍ സൃഷ്ടിക്കലാകരുത് ലക്‌ഷ്യം. ആരോഗ്യകരമാകേണ്ട യഥാര്‍ത്ഥ സംവാധങ്ങള്‍ക്ക് പകരം  പരിഹാസ-ആക്ഷേപ തലങ്ങളിലേക്ക്  മാത്രം മാറി പോയ തര്‍ക്കങ്ങള്‍ ആണ് ഇന്നത്തെ സംവാദങ്ങള്‍.  പരസ്പരം ആക്ഷേപ്പിച്ചു തങ്ങളുടെ വാദത്തെയും, വാദങ്ങളിലൂടെ അനുയായികളെയും തങ്ങളുടെ വേലിക്കകത്ത് നില നിര്‍ത്തിയപ്പോള്‍ സമൂഹത്തില്‍ ഭിന്നതകളുടെ ആഴം കൂടി. ഈ ഭിന്നതകള്‍ നഷ്ടപെടുത്തിയ സാമൂഹിക വികാസം തങ്ങള്‍ പരിക്കേല്‍പ്പിച്ച നിലവിലെ അവസ്ഥകള്‍ വെച്ചു വിലയിരുത്താന്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക്‌ കഴിയേണ്ടതു ണ്ട്.

വിഭാഗീയതയില്‍ നിന്നു കൊണ്ടുള്ള പഠനമോ, അവ പുറത്തു വിടുന്ന പണ്ഡിത വര്‍ഗ്ഗമോ തങ്ങളുടെ യഥാര്‍ത്ഥ ദൌത്യത്തെ തിരിച്ചറിയില്ല. മീഡിയകളുടെ അതിപ്രസരമുള്ള ഈ കാലത്ത് ഇസ്ലാമിനെതിരെ വരുന്ന വ്യാജ പ്രചാരണങ്ങളെ ആശയ തലത്തില്‍ പ്രതിരോധിക്കാന്‍ ഇസ്ലാമിക സമൂഹത്തിനു കഴിയേണ്ടതുണ്ട്. പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള വിഭാഗീയതകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലല്ല പാണ്ടിത്യം നില കൊള്ളേണ്ടത്‌. അറിവ് സമൂഹത്തെ ഒരുമിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാകണം എന്ന ബോധം പ്രധാനമാണ്. പാണ്ടിത്യം സമൂഹത്തെ ചൂഷണം ചെയ്യാന്‍ കഴിയുന്ന ഒരു മേഖലയായി കാണുന്നവരാണ് വിഭാഗീയതക്കുള്ള കാരണങ്ങള്‍ സൃഷ്ടിക്കുന്നത്. തങ്ങള്‍ സൃഷ്ടിക്കുന്ന അത്തരം കാരണങ്ങള്‍ക്ക് അമിത ഗൌരവം നല്‍കി സമൂഹത്തെ തങ്ങള്‍ക്കു പിറകില്‍ അണിനിരത്തുന്ന തന്ത്രവുമാണ് ഇതിലൂടെ പ്രകടമാകുന്നത്. പൊതു സമൂഹത്തില്‍ ദൃശ്യമാകുന്ന ഈ സമീപനങ്ങള്‍ ഇസ്ലാമിനെ കുറച്ചൊന്നുമല്ല പരിക്കെല്‍പ്പി ക്കുന്നത്. 

ശരിയെ സ്ഥാപിച്ചു കൊണ്ടു തെറ്റുകളെന്തെന്നു ബോദ്യപെടുതുകയായിരുന്നു പ്രവാചകന്മാര്‍. ഭിന്നിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയായിരുന്നില്ല  അവര്‍. അന്ജരായ സമൂഹത്തിന്റെ മേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിലല്ല  പാണ്ടിത്യം നിലകൊള്ളേണ്ടത്. പക്ഷെ  ഇന്നത്തെ പാണ്ടിത്യത്തിന്റെ മഹത്വങ്ങള്‍ അങ്ങിനെയാണ്. സ്ഥാപനവല്‍ക്കരിക്കപെടുന്ന പണ്ടിതരാണ് വിഭാഘീയതയുടെ മാര്കട്ടുകള്‍ രൂപപെടുതുന്നത്.  അനുയായികളെ  തന്റെ മാര്കട്ടിംഗ് ഉത്‌പന്നമോ, ഉപബോക്താവോ  ആക്കി മാറ്റുന്ന രീതിയിലാണ് ഇസ്ലാമിക സമൂഹത്തിലെ ഇന്നത്തെ പാണ്ടിത്യങ്ങള്‍. വിഭാഗീയതയില്‍ നിന്നിരുന്ന സമൂഹത്തെ ഒരൊറ്റ ആദര്‍ശത്തില്‍ വാര്‍ത്തെടുത്ത ഒരു പ്രവാചകന്റെ അനന്തര അവകാശം എങ്ങിനെയാണ് ഈ പണ്ഡിത ഗണത്തില്‍ വന്നു ചേരുക എന്ന ചോദ്യത്തിനു അവര്‍ തന്നെ സ്വയം ഉത്തരം പറയേണ്ടതുണ്ട്. അതുകൊണ്ട്  ധിഷണാശാലികളായ  പണ്ടിതരെ സമൂഹം സ്വയം തിരിച്ചരിയേണ്ടാതുണ്ട്. സമൂഹത്തിനു അങ്ങിനെയുള്ള പണ്ഡിതരെയാണ് ആവശ്യവും.

വിഭാഗീയതകള്‍ക്ക് ഓരോരുത്തര്‍ക്കും കാരണങ്ങള്‍ ഉണ്ടാകും. പറയുന്ന കാരണങ്ങള്‍ക്ക് കൊടുക്കുന്ന  ഗൌരവം ഒരു സമൂഹത്തിന്റെ ഭിന്നിപ്പിനു വളമെകുന്നുന്ടെങ്കില്‍ അത്തരം സമീപനം ഒഴിവാക്കപെടെണ്ടാതുണ്ട്. ആശയങ്ങള്‍ മനസ്സിലാകുന്ന വിധം സമൂഹത്തില്‍ സമര്‍പ്പിക്കപെടനം. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന അപ്രധാന വിഷയങ്ങളെ  ഒഴിവാക്കണം. സമൂഹം പലവിധ സാമൂഹിക പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലാത്ത വിധം അതൊക്കെ അവഗണിച്ചു തിരുകേശം,  ജിന്ന്, തുടങ്ങിയവയുടെ പിന്നാലെ പോയ ചര്‍ച്ചകള്‍ ഭിന്നിപ്പുകള്‍ക്ക് മൂര്‍ച്ച നല്കിയവയാണ്. പ്രവാചകന്റെ ചര്യകളില്‍ നിന്നോ, അതെന്ന പേരിലോ  തങ്ങള്‍ക്കു സൌകര്യപൂര്‍വ്വം ഉപയോഗിക്കാവുന്നവ മാത്രം എടുത്തു അതിന്റെ വ്യാക്യനത്തില്‍ നിന്നു കൊണ്ടാണ് പല തര്‍ക്കങ്ങളും ഇടം പിടിക്കുന്നത്‌. പ്രപഞ്ച സൃഷ്ടാവിന്റെ ഒരു വ്യവസ്ഥയെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തി, പകരം  തങ്ങളുടെ വേഷഭൂഷാദികളില്‍, വിരല്‍ അനക്കങ്ങളില്‍, ഐചിക ആരാധനകളിലെ ബാഹ്യ പ്രകടനങ്ങളില്‍ നിന്നു കൊണ്ടു പൌരോഹിത്യ മതമെന്ന രീതിയില്‍ ഇസ്ലാമിനെ മനസിലാക്കിയപ്പോള്‍ സമൂഹത്തിനു അന്യമായത്  പ്രവാചകന്റെ അനന്തരമെടുക്കേണ്ട സമൂഹത്തെയാണ്.

 സമൂഹത്തില്‍ ഐക്യത്തിന്റെ പുതിയൊരു  പ്രഭാതം വരണം. ഇസ്ലാമിക സമൂഹത്തിന്റെ ദൌത്യം ഇനിയെങ്കിലും സമൂഹത്തില്‍ നിര്‍വഹിക്കപെടനം. വിഭാഗീയതയില്‍ സ്ഥാപിച്ചെടുത്ത സ്ഥാപനങ്ങളോ, മത കലാലയങ്ങലോ, സംഘടനയുടെ ആസ്തികളോ  അല്ല വികാസം എന്ന് തിരിച്ചറിയണം. അവ പിറകോട്ടു വലിച്ച മുന്നേറ്റത്തെ ഓരോ രംഗത്തും അടയാളപെടുതാന്‍ വിഭാഗീയതയില്‍ നിലകൊള്ളുന്ന നേതൃത്വങ്ങള്‍ ശ്രമിക്കണം. ഒരു സമൂഹത്തിന്റെ ചിന്താശേഷിയും, ക്രിയാശേഷിയും വളര്‍ത്തുന്ന സമീപനങ്ങള്‍ ആയിരിക്കണം സംഘടനകളുടെ ലക്‌ഷ്യം. പ്രതിയോഗികളെ സൃഷ്ടിച്ചു  ആക്ഷേപവും പരിഹാസവും വേദികളില്‍ നടത്തുമ്പോള്‍ അത്‌ കേട്ടു കയ്യടിച്ചു വികാരം കൊള്ളുന്ന ഒരു സമൂഹത്തെയാണ് വിഭാഗീയതകള്‍ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ തങ്ങള്‍ ശീലിച്ച പ്രബോദന ശൈലികള്‍ മാറ്റി ഇനിയെങ്കിലും ഒരു ഐക്യത്തിന് വിത്ത് പാകുന്ന വിധം വേദികള്‍ പരിവര്തിക്കപെടനം.  തുറന്ന മനസ്സോടെ  പരസ്പരം കേള്‍ക്കുവാനും, സംവദിക്കാനും, സഹകരിക്കുവാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപെടനം. തങ്ങള്‍ ആണ് ശരി എന്നും മറ്റുള്ളവയൊക്കെ ശരികെടെന്നുമുള്ള സമീപനം മാറേണ്ടതുണ്ട്. ശരിയും, ശരികേടും തങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ എത്തിച്ചേരുന്ന സത്യങ്ങള്‍ ആണ്. അവര്‍ ആരായാലും പ്രതികൂട്ടില്‍ നിര്‍ത്തി ആക്ഷേപിക്കുന്ന സമീപനം ശരിയല്ല.  തര്‍ക്ക വിഷയങ്ങള്‍ തുടര്‍ന്നു പോകുന്നതിന്റെ ഒരു കാരണം വ്യക്തതയില്ലായ്മയോ, അല്ലെങ്കില്‍ ഉള്‍കൊള്ളാനുള്ള കഴിവില്ലായ്മയോ ആയിരിക്കും. പരിഹാസവും, അധിക്ഷേപങ്ങലുമായി വേദിയില്‍ നിരയുന്നവരെ  ഉപദേശിക്കാനും, യഥാര്‍ത്ഥ പ്രബോധന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനും ഓരോ സംഘടനകളും തയാറാകണം. അത്തരക്കാരെ ഒഴിവാക്കിയാല്‍ തന്നെ സാമൂഹിക മണ്ഡലം ശുധിയാകും.   അതുകൊണ്ട് വിഭാഗീയതകള്‍ അന്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍  സംഘടനാ പണ്ഡിത നേതൃത്വങ്ങള്‍ ഇനിയെങ്കിലും മുന്നോട്ടു വരേണ്ടതുണ്ട്.

വിഭാഗീയതകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ എല്ലാവരും തങ്ങളുടെ ജീവിത സൌകര്യങ്ങള്‍ക്ക് നിലവിലെ വ്യ്വവസ്ഥിതിയെ ആണ് ആശ്രയിക്കുന്നത്. അതില്‍ യാതൊരു തര്‍ക്കവും ഉണ്ടാകാറില്ല. അതൊക്കെ ആശ്ലെഷിക്കുംപോള്‍ അതിലൊന്നും പ്രവാചക ചര്യ വെച്ചു സൂക്ഷ്മ നിരീക്ഷനങ്ങലോന്നും തര്‍ക്കിക് കാനുള്ള മത വിഷയങ്ങള്‍ വലിചിടുന്നവര്‍  നടത്താറില്ല. സാമൂഹിക പുന സൃഷ്ടിക്കു വേണ്ടിയുള്ള നീതിയുടെയും, നന്മയുടെയും പ്രവാചക ഇടപെടലുകളെ ഗൌരവത്തില്‍ പഠന വിദേയമാക്കുകയോ, അതിന് വേണ്ടി ഐക്യപെടുകയോ ചെയ്യാറില്ല. തര്‍ക്ക വിഷയങ്ങളില്‍ മാത്രം ഒരു സമൂഹത്തിന്റെ ഊര്‍ജ്ജവും, സമയവും കേന്ദ്രീകരിക്കപെട്ടപ്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിക അധ്യാപനങ്ങളുടെ ഗുണവും, അങ്ങിനെയൊരു മാതൃക സമൂഹവുമാണ് അന്യമായത്.  അതുകൊണ്ട് ഇസ്ലാമിക ലക്ഷ്യമായ ഒരു മാതൃക സമൂഹം ഇന്നത്തെ ജനസമൂഹത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ആ സമൂഹം തിന്മകള്‍ക്കെതിരെ നിലകൊള്ളുകയും, നന്മയുടെ ചാലക ശക്തിയാവുകയും ചെയ്യേണ്ടതുണ്ട്.

ക്രിയാത്മകമായ രീതിയില്‍ ഇടപെടാന്‍ കഴിയുന്ന പ്രവര്‍ത്തന രീതികള്‍  തങ്ങള്‍ ഇടപെടുന്ന മേഖലകളെ മുന്നില്‍ വെച്ചു കൊണ്ടു ഓരോ സംഘടനകളും രൂപപെടുതെണ്ടാതുണ്ട്.  കൈവിട്ടു പോയ ഒരു വൈജ്ഞാനിക കാലഘട്ടത്തെ ഇല്സാമിലേക്ക് തിരിച്ചു കൊണ്ടു വരുന്ന  രീതിയില്‍ ഇസ്ലാമിക അധ്യാപനങ്ങളില്‍  നിന്നു കൊണ്ടു  ഒരു  വിജ്ഞാന വിസ്ഫോടനനതിനു തുടക്കമിടുന്ന നിരീക്ഷണ, ഗവേഷണങ്ങള്‍  സമൂഹത്തില്‍ നിന്നും വരേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസ വിജ്ഞാനിക മേഖലകളില്‍ ഒരു സമവായം സാധ്യമാക്കി കാലഘട്ടത്തിനു യോജിച്ച ഒരു ഉത്തമ വിദ്യാഭ്യാസ സമുച്ചയത്തിനു വേണ്ടി യോജിച്ച പ്രവര്‍ത്തനം ആവശ്യമായിരിക്കുന്നു. സമൂഹം വിദ്യാഭ്യാസത്തിന്റെ ഉപഭോക്താവുന്നതിനു പകരം അറിവിന്റെ പുതിയ മേഖലകളിലേക്കുള്ള പ്രയാണമായിരിക്കണം  തലമുറകള്‍ക്ക് നല്‍കേണ്ടത്.  സൃഷ്ടി രഹസ്യങ്ങളുടെ ഏടുകള്‍ അറിവിലേക്ക് തുറക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഭൂമിയില്‍ തന്റെ ദൌത്യം പൂര്തീകരിക്കപ്പെടുകയുള്ളൂ. ഒരു പാരമ്പര്യ വിശ്വാസതിനപ്പുറം സൃഷ്ടാവിനെ ഉള്കൊള്ളുവാന്‍ ഖുര്‍ആന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്തും അങ്ങിനെയൊരു വൈജ്ഞാനിക മേഖലയെ മുന്നില്‍ തുറന്നിട്ടുകൊണ്ടാണ്.   കാലാതിവര്‍ത്തിയായ ഗ്രന്ഥം എന്നത് അന്വര്തമാകണമെങ്കില്‍ മനുഷ്യന്‍ ഈ ദൌത്യം എത്റെടുത്തെ മതിയാകൂ. അതിന് തടസ്സമാകുന്ന തരത്തില്‍ മതത്തില്‍ ആരോപിക്കുന്ന ഏത് കാഴ്ചപാടുകളും ഇസ്ലാമിക വിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ.

ഈ കാലഘട്ടത്തിലെ വൈജ്ഞാനിക, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച് മദ്രസ വിദ്യാഭ്യാസവും അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചു യോജിച്ച പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. നിലവില്‍ മദ്രസ സിലബസുകള്‍ വളരെ ശോചനീയമാണ്. ഗൌരവമേറിയ പാഠഭാഗങ്ങള്‍ ഉള്കൊള്ളിക്കാതെ വളരെ ദുര്‍ബലമായ സിലബസ്സുകലാണ് അവതരിപ്പിക്കുന്നത്‌. ഈ കാലഘട്ടത്തിലെ കുട്ടികളുടെ മാനസികവും, ബുദ്ധിപരവുമായ വളര്‍ച്ച പരിഗണിക്കാതെയുള്ള പഠന രീതികളും സിലബസ്സുകലുമാനു പരിഹാസ്യമായ ഒരു തലത്തിലേക്ക് മദ്രസ പഠനത്തെ മാറ്റിയത്. മദ്രസ വിധ്യാഭ്യാസതോട് പുറം തിരിഞ്ഞു നില്‍ക്കുവാനുള്ള ചോധന മാത്രമാണ് കുട്ടികള്‍ക്ക് അവ നല്‍കുന്നതെന്ന് അവരെ നിരീക്ഷിച്ചെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. വിഭാഗീയതയുടെ വിത്തുകള്‍ പാകി വളര്‍ന്ന് വരുന്ന തലമുറയെ പോലും ദുര്‍ബലമാക്കുന്ന  നിലവിലെ പഠന സംപ്രധായങ്ങള്‍ മാറേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു തലമുറയുടെ ഉയര്‍ച്ചക്ക്  വേണ്ടി എല്ലാ സംഘടനാ നേതൃത്വങ്ങളും യോജിച്ചു കൊണ്ടു ഒരു പൊതു മദ്രസ വിദ്യാഭ്യാസ കാഴ്ച്ചപാടിലെക്കും, അതിന്റെ സാക്ഷാല്‍ക്കാരതിലെക്കും വരേണ്ടതുണ്ട്.

തങ്ങളുടെ അജണ്ടാകല്‍ക്കനുസരിച്ചു പല പേരുകളിലും, സ്ഥലങ്ങളിലുമായി ചിതറി കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘടനാ സങ്കുചിതത്വത്തില്‍  നിന്നും സ്വതന്ത്രമാക്കി ഒരു പൊതു ധാരയിലേക്ക് അവയുടെ നേതൃത്വങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.   നിലവിലെ സാമൂഹിക ജീര്‍ണതകളെയും, അശ്ലീലതകള്‍ വ്യാപകമായ സാഹചര്യങ്ങളെയും വിപാടനം ചെയ്യുന്ന ലക്ഷ്യത്തില്‍ നിന്നു കൊണ്ടു സംഘടനകള്‍ ജീവിതത്തെ സമഗ്രമായി ഉള്‍കൊള്ളുന്ന തൌഹീദ്, പ്രവാചക ചര്യ എന്നിവ അടിസ്ഥാനമാക്കി ഒരേകീകൃത പ്രവര് ‍ത്തനത്തിനു തുടക്കമിട്ടെങ്കില്‍ മാത്രമേ സമൂഹത്തില്‍ അതിന്റെ ഫലം ദൃശ്യമാകുകയുള്ളൂ. പരസ്പരമുള്ള  ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ വേദികള്‍ സൃഷ്ടിച്ചു കൊണ്ടു മാത്രമേ യഥാര്‍ത്ഥ സാമൂഹിക മുന്നേറ്റം സാധ്യമാകുകയുള്ളൂ. രണ്ടു വിഭാഗം എ പി / ഇ കെ സമസ്ത സുന്നികളും, മുജാഹിദ് ഗ്രൂപ്പുകളും, ജമാഅത്തെ  ഇസ്ലാമിയടക്കമുള്ള  സംഘടനകള്‍ പരസ്പരം ഐക്യപെടുന്ന രീതിയില്‍ പൊതു ധാരയിലേക്ക് മുന്നേറാനുള്ള കൂട്ടായ പരിശ്രമം ഇനിയെങ്കിലും നടത്തണം. അങ്ങിനെയൊരു സാമൂഹിക, വൈജ്ഞാനിക, മുന്നേറ്റത്തിനു ഇനിയെങ്കിലും കാലം സാക്ഷിയാകട്ടെ !