Friday, January 22, 2010

സമൂഹ പുന:സൃഷ്ടിക്കൊരു ശാക്തീകരണം


പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ്‌ ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം സമൂഹത്തില്‍
നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.

സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.

കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്‍. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന്‍ തലമുറ‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്‍കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും.
അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.

Saturday, January 2, 2010

തൌഹീദിന്റെ പ്രായോഗികത

മനുഷ്യസമൂഹത്തിനു സാക്ഷിയായി നില കൊള്ളേണ്ട സമൂഹം. മാതൃകയാകേണ്ട സമൂഹം! സാമൂഹിക തിന്മ കള്‍ക്കെതിരെ ശബ്ദമുയര്തേണ്ട സമൂഹം !. സകല മേഖലകളിലും മാര്‍ഗ ദര്‍ശകമാകേണ്ട സമൂഹം !
അവര്‍ക്കിടയിലാണ് വാദ പ്രതിവാദങ്ങള്‍ക്കായി വിഷയങ്ങള്‍ ഉണ്ടാക്കി പരസ്പരം തര്‍ക്കിച്ചു 'ഒരു പണ്ഡിത വൃന്ദം' ഊര്‍ജ്ജം ചിലവഴിക്കുന്നത്. ആയത്തും , ഹദീതും തങ്ങളുടെ പെട്ടിക്കു സ്യൂട്ടാകുന്ന രീതിയില്‍ അവിടെ നിന്നും ഇവിടെ നിന്നും കട്ട് ചെയ്തു ഫിറ്റാക്കി ആ പെട്ടികളുമായി വിഷയങ്ങളുടെ സ്പെഷ്യ ലിസ്ടുകലായി വേദികളില്‍ നിന്നും വേദികളിലേക്ക് നീങ്ങുന്നു. അവര്‍ നിര്മിചെടുത്ത അണികലാകട്ടെ ഇതെല്ലം കേട്ട് 'ഹിസ്ടീരിയ' ബാധിച്ച പോലെ അവര്‍ക്ക് പിന്നാലെ ആവേശമായി നിലകൊള്ളുന്നു.

കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഭാഗമാകേണ്ട മാതൃകഎന്ന് പറയുന്ന സമൂഹത്തിന്റെ ഇന്നത്തെ പണ്ഡിത നേതൃത്വം ഇത്തരം വാദ പ്രതിവാദങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അണികള്‍ പരസ്പരം വിജയത്തിന്റെയും, പരാജയത്തിന്റെയും കണക്കുകള്‍ എടുത്തു കോള്‍മയിര്‍ കൊള്ളുന്നു. പിന്നെ പോസ്ടരുകള്‍, സീഡികള്‍ തെരുവുകളില്‍, വീടുകളില്‍ നിറയുന്നു.

ഇവര്‍ പറയുന്ന ആയത്തും , ഹദീതും എന്താണെന്നോ അതില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്തെന്നോ അറിയാതെ ഒരു സമൂഹം രൂപപെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ 'ഇവരുടെ കണ്ണില്‍ തൌഹീദില്ലെന്നു പറയുന്നവര്‍' തികച്ചും മനുഷ്യ സ്നേഹത്തിന്റെ പേരില്‍ തങ്ങളുടെ ആരോഗ്യവും, യൌവ്വനവും ചൂഷണത്തിനെതിരെ ആ സമൂഹത്തിനു പരിഹാരമായി, ഊര്‍ജ്ജമായി നിലകൊള്ളുന്നു. ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനു യാതൊരു പങ്കു വഹിക്കാനില്ലെന്ന മട്ടിലാണ് വാദ പ്രതിവാധങ്ങളുടെ നേതൃത്വങ്ങള്‍.

ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ പരിപൂര്‍ണത സമര്‍പ്പിക്കേണ്ട വിഭാഗത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ അനുഭവേദ്യമാകുംപോള്‍ ആ പരിപൂര്ന്നതയെ സകലതും ഉള്‍കൊള്ളുന്ന തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വിഭാഗത്തിനെ അനുകൂലിക്കുന്നതിന് പകരം 'പൊതു ശത്രുവെന്ന'പോലെ പല പേരുകള്‍ വിളിച്ചു തങ്ങളുടെ അണികളെ പിന്നില്‍ നിര്‍ത്തുന്നത്തിനാണ് നേതൃത്വങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങളില്‍ അവശ വിഭാഗത്തിനും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി നിലയുരപ്പിക്കേണ്ട യുവ ഊര്‍ജ്ജത്തെ ശണ്ടീകരിച്ചു മന്ത്രോചാരനങ്ങളിലും, തങ്ങളുടെ ധ്യാന-പ്രാര്‍ത്ഥന സദസ്സുകളിലും ആവാഹിച്ചു നിര്തുന്നവര്‍ പ്രവാചകര്‍ ഓരോ കാലഘട്ടങ്ങളിലും എതിര്‍ത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ പിന്തുടര്ച്ചകാര്‍ മാത്രമായി മാറുകയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്.

ചിന്തകളില്‍, കാഴ്ചകളില്‍ എവിടെയാണ് ഇവര്‍ക്ക് സൃഷ്ടാവിനെ, അവന്റെ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്‌.
അധര വ്യായാമമായി മാത്രം മാറുന്ന 'തൌഹീദ്' വെറും മുണ്ട് കേറ്റി ഉടുക്കുന്നതിലും, പല്ല് വൃത്തിയാക്കുന്നതിലും, പ്രാര്‍ഥനകളിലും മാത്രമായി ഒതുങ്ങി പോയത് എന്തുകൊണ്ടാണ്.

സാമൂഹിക പ്രശ്നങ്ങളില്‍ വിവേചനമില്ലാതെ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഇവരുടെ ചിന്തകള്‍ കുര്‍ആനില്‍ നിന്നും അകന്നു വെറും അറബി ഉചാരണങ്ങളില്‍ ഒതുങ്ങിയത് എന്താണ്!
' ' നിങ്ങള്‍ എനിക്ക് വിധേയമായികൊണ്ടോ , അല്ലാതെയോ ഉണ്ടായി വരുവിന്‍'' എന്ന് പ്രപഞ്ചത്തോട്‌ അവയുടെ സൃഷ്ടി ആരംഭത്തില്‍ സൃഷ്ട്ടാവ് പറഞ്ഞപ്പോള്‍ , അവ പറഞ്ഞു..'ഞങ്ങള്‍ ഇതാ നിനക്ക് വിധേയമായി {മുസ്ലീമായി} വന്നിരിക്കുന്നു.'
അല്ലാഹു പറയുന്നു ' 'ഇബ്രാഹിം, ഇസ്ഹാക്ക്, സാലിഹ്, മൂസ, ഈസ,.....അവര്‍ 'മുസ്ലീങ്ങളില്‍' പെട്ടവര്‍ ആയിരുന്നു''.
അവര്‍ നമ്മെളെ പോലെ പാരമ്പര്യമായി മുസ്ലീങ്ങള്‍ എന്നല്ല കുര്‍ ആന്‍ വിശേഷിപ്പിച്ചത്‌. അവര്‍ ആല്ലാഹുവിന്റെ വ്യ്വസ്ഥിതിയായ ഇസ്ലാം എന്നതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തനത്തില്‍ എര്പെട്ടത്തില്‍ കൂടിയാണ് ആ വിശേഷണം അല്ലാഹു 'മുസ്ലീങ്ങളില്‍ പെട്ടവര്‍' എന്ന് വിശേഷിപ്പിച്ചത്‌.


അപ്പോള്‍ ആ വിശേഷണത്തിന് അര്ഹമാകുന്ന പ്രവര്‍ത്തനത്തില്‍ കൂടിയാണ് 'ആ ഖൈര്‍ ഉമ്മയില്‍ ' ഒരു സമൂഹം ഉള്പെടുന്നത്. അതല്ലാതെ മന്ത്രങ്ങളില്‍ സംതൃപ്തിയടയുന്ന ഒരു ഏക സൃഷ്ടാവ് സങ്കല്പതിലൂടെയല്ല എന്ന് കുര്‍ ആന്‍ അടിവരയിട്ടു പ്രവാചക കാലഘട്ടത്തിലെ സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചു പറയുന്നു.
പക്ഷെ, സൃഷ്ട്ടാവിനെ , സൃഷ്ടാവിന്റെ ചിന്തയെ മനുഷ്യനേക്കാളും താഴ്ന്ന രീതിയില്‍ (വിശുദ്ധ ഖുര്‍ആന്‍: 48 - 6) വ്യാക്ക്യാനിച്ചു അവതരിപ്പിച്ചു നിലകൊള്ളുന്ന നേതൃത്വം , സമൂഹം, അതിന്റെ പാരായണത്തില്‍
മാത്രം മുഴുകിയിരിക്കുന്ന അവസ്ഥക്ക് കാരണമായത്തിനു ആരാണ് ഉത്തരവാദിയെന്ന് സ്വയം തിരിച്ചറിയുന്നത്‌ വരെ ചില്ലുകള്‍ എറിഞ്ഞു ഉടക്കലും, ഒട്ടിക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.

Thursday, December 24, 2009

ചില്ലുകള്‍ പൊട്ടുന്നത്

അവര്‍ പറഞ്ഞു, ഔലിയാക്കളോട് പ്രാര്‍ത്ഥിക്കാം. നമുക്ക് അവരോടു ശുപാര്‍ശ ചെയ്യിക്കാം! നേതാക്കന്മാരുടെ അടുത്ത് ചെറിയവര്‍ പോകാറില്ലല്ലോ, ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ കാര്യം നടക്കാന്‍ നമ്മള്‍ പിടിപാടുള്ളവരെ സമീപിക്കാറില്ലേ !!!!
സദസ്സ് ചിന്തിച്ചു, പറയുന്നത് ശരിയല്ലേ! അതെ സമീപിക്കാറുണ്ട്,
അപ്പോള്‍ പിന്നെ, അല്ലാഹുവിനോട് നമ്മുടെ കാര്യം നടക്കാന്‍ ഔലിയാക്കളെ വിളിച്ചു, അവരോടു ശുപാര്‍ശ ചെയ്യിപ്പിക്കുന്നതിലെന്താ കൊഴപ്പം!
സദസ്സ് വീണ്ടും ചിന്തിച്ചു; എന്താ കൊഴപ്പം, ഒരു കൊഴപ്പവുമില്ല !
അപ്പൊ കുഴപ്പമുണ്ടെന്നു പറയുന്നവര്‍ ആരാ..
ആരാ..?
രാതീബിനെ കുറിച്ച്...
ഒരാള്‍ രാതീബ് ഓതാന്‍ വന്ന "പണ്ടിതനോട്" ;
കുര്‍ആന്‍ പാരായണം ചെയ്യുന്നതാണോ, രാതീബ് ഓതുന്നതാണോ പുണ്യം ?
പണ്ഡിതന്‍: കുര്‍ ആന്‍ പാരായണം ചെയ്യുന്നത്.
എങ്കില്‍, കുര്‍ ആന്‍ പാരായണം ചെയ്‌താല്‍ പോരെ !
????
സൃഷ്ടാവിനെ തൃപ്തി പെടുത്താന്‍ രാതീബും, മൌലൂദും നടത്തുന്നത് കൊണ്ട് എന്താ കൊഴപ്പം ?
ക്രിസ്തുമസ് ക്രിസ്തുവിന്റെ ജന്മദിനമഘോഷമല്ലേ..ശ്രീ കൃഷ്ണ ജയന്തി ശ്രീ കൃഷ്ണന്റെ ജന്മദിനമല്ലേ ...?
അപ്പോള്‍ പ്രവാചകന്റെ ജന്മദിനം ?
നബിദിനം ആഘോഷിച്ചാല്‍ എന്താ കൊഴപ്പം ?
നബിദിനം ആഘോഷിക്കെന്ടെന്നു പറയുന്ന ഈ പറയുന്നവര്‍ ആരാ ..
ആരാ ..
അവരെ നമ്മള്‍ക്ക് "പുത്തന്‍ വാദികള്‍" എന്ന് വിളിക്കാം..നമ്മള്‍ ഒര്ജിനല്സ്..
ഈ "പുത്തന്‍ വാദികള്‍" പറയുന്നു.
അല്ലാഹു നൂറു സമാവാത്ത് വല്‍ അര്ള്....ആകാശ ഭൂമികളെ വലയം ചെയ്തിരിക്കുന്ന പ്രകാശമാണ് അവന്‍.
പ്രപഞ്ചത്തില്‍ ഓരോ അണുവും അവനറിയാതെ ഉണ്ടാകുന്നില്ല, ചിന്തിക്കാന്‍ പോകുന്നതും അവന്റെ അറിവിലുണ്ട്. ആ സൃഷ്ടാവിന്റെ വ്യവസ്ഥിതി സംപൂര്‍ണമാണ്..
എങ്കില്‍..
മറ്റു മനുഷ്യരുടെ ചിന്തയും, അവസ്ഥയും അറിയാത്ത മനുഷ്യ നേതാക്കളുമായി അല്ലാഹുവിനെ ഉപമിക്കുന്നവരുടെ "വിജ്ഞാനത്തിന്റെ" കേന്ദ്രത്തിനെ കുറിച്ച് എന്ത് പറയാന്‍..
രാതീബും, മൌലൂദും നടത്തിയാല്‍ തൃപ്തിയടയുന്ന ഒരു സൃഷ്ടാവ് സങ്കല്പം...
ഓരോ വിഷയങ്ങളെ പറ്റിയും വാദങ്ങളും, പ്രതിവാദങ്ങളും സമൂഹത്തില്‍ നടത്തി കൊണ്ടിരിക്കുന്നു.
പ്രസംഗങ്ങളും, സീഡിയും, ലഘുലേഖകളും, .....തെരുവുകളും, കവലകളും കയ്യടക്കുമ്പോള്‍ സമൂഹം ഭിന്നിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പോള്‍ പൊട്ടിയ ചില്ല് ഒട്ടിക്കാന്‍ സഞ്ചിയില്‍ നിന്നും സ്റ്റേജ് , കസേര, പോസ്റ്റര്‍, മൈക്ക് സെറ്റ് തുടങ്ങിയവ എടുത്തു ഒരു പണ്ഡിതന്‍ എത്തിയീട്ടുണ്ട്....
അനുയായികള്‍ എത്തികൊണ്ടിരിക്കുന്നു...

തുടരാം..

Tuesday, December 8, 2009

ചില്ലുകള്‍ പൊട്ടിക്കുമ്പോള്‍ !

ചാര്‍ളി ചാപ്ലിന്‍ സിനിമയിലെ ഒരു സീന്‍...
ജോലിയോന്നുമില്ലാതിരുന്ന ചാപ്ലിന്‍ ഒരു ദിവസം എന്തോ മനസ്സില്‍ ഉറപ്പിച്ചു രാത്രി എല്ലാവരും ഉറക്കമായെന്നു ഉറപ്പു വരുത്തി ഒരു സഞ്ചിയും തൂക്കി തെരുവിലൂടെ നടന്നു.
ഇരു വശവും ചില്ലിട്ട ജനലുകളുള്ള വീടുകള്‍.
ചാപ്ലിന്‍ സഞ്ചിയില്‍ കരുതിയിരുന്ന കല്ലുകള്‍ എടുത്തു വീടുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോയി.
നേരം വെളുത്തു..
എല്ലാവരും ഉണര്‍ന്നു...
തങ്ങളുടെ വീടിന്റെ ജനലുകള്‍ പൊട്ടിയതായി കണ്ടു..
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു അവര്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞു വരുന്നത് അവര്‍ കണ്ടത്.
"പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ, പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ...."
ഇവിടെ ഒട്ടിക്കാനുണ്ടേ....ഇങ്ങോട്ട് വരൂ..
അയാളെ ആളുകള്‍ വിളിച്ചു , പൊട്ടിയ ചില്ലുകള്‍ ഒട്ടിച്ചു തന്റെ ജോലിക്കുള്ള പ്രതിഫലം വാങ്ങി അയാള്‍ നടന്നു നീങ്ങി...
ഇതാണ് സിനിമയിലെ രംഗം.
പൊട്ടിച്ച അതെ ആള്‍ തന്നെയാണ് ചില്ലുകള്‍ ഒട്ടിക്കാനായി വിളിച്ചു പറഞ്ഞു വന്നത്. ...


ഒരു മാതൃക സമൂഹമാകെണ്ടിയിരുന്നവരിലെ നേതൃത്വങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥ ഇസ്ലാമിനെ ഇങ്ങിനെയൊക്കെയാക്കി മാറ്റി
ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എപ്രകാരം ഇതുമായി ബന്ധപെട്ട് കിടക്കുന്നു എന്നത് അടുത്ത പോസ്റ്റില്‍ !
ബി റെഡി ടു റീഡ് ..

Tuesday, November 17, 2009

ചരിത്രം ആവശ്യപെടുന്നത്



ജനപഥങ്ങള്‍ ഒഴുകുകയാണ്.
ചരിത്രത്തിന്റെ കാലടി പാടുകള്‍ പിന്തുടര്‍ന്ന്.
മനസ്സുകളില്‍ വിശ്വാസത്തിന്റെ തീവ്രമായ അലയടികള്‍ അവരില്‍ ഓരോരുത്തരിലും ഉയരുന്നുണ്ടാകണം.
അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ഒരിക്കല്‍ ജീവിതത്തില്‍ വിശ്വാസിയോട് ചെയ്യണമെന്നു ആവശ്യപെടുന്നതും, എന്നാല്‍ സമ്പൂര്‍ണമായ ജീവിത കര്‍മങ്ങള്‍ സമ്മേളിക്കുന്നതുമായ സമയങ്ങള്‍, അര്‍ത്ഥപൂര്‍ണമായ ഇസ്ലാമിന്റെ പ്രായോഗിക ധര്ശനങ്ങള്‍ക്ക് ഉത്തമ ഉദാഹരണം തന്നെ.
"നമസ്കാരം"
"സക്കാത്ത്"
അതിലും സമത്വം, സാമൂഹിക നീതി പ്രകടമാകുന്നു.
ഇസ്ലാം അങ്ങിനെയാണ്.
വിശ്വാസം വാക്കുകളിലുള്ള വെറും വിശ്വാസികളെ, ഭക്തരെ സൃഷ്ടിക്കുകയല്ല, വിശ്വാസം ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എപ്രകാരം ഒരു സമൂഹത്തെ സജീവമാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. "നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഉത്തമമായ മാതൃകയാണ് എന്ന് കുര്‍ ആന്‍ അടിവരയിടുന്നത് അത് കൊണ്ട് മാത്രമാണ്.
വിശ്വാസം സമ്പത്തിനെ തൊടുന്നു. സമ്പത്തില്‍ തൊട്ടാല്‍ പൊള്ളും. അതുകൊണ്ട് തന്റെ സമ്പത്തില്‍ വിശ്വാസം നോട്ടമിടേണ്ട എന്ന് പറയാന്‍ "വിശ്വാസിക്ക്" കഴിയില്ല, കാരണം വിശ്വാസിയെ വിശ്വാസിയാക്കുന്നത് അതൊക്കെയാണ്‌. സമ്പത്ത് വിശ്വാസത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു എന്നത് കൊണ്ട് സൃഷ്ടാവ് ആ "ക്യാപിറ്റ" ലില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. സാമ്പത്തിക അസമത്വം എവിടെയൊക്കെ സംഭവിക്കുന്നുവോ അവിടെയെക്കെ വിശ്വാസം വെറും നോക്ക്കുത്തിയാകുന്നു. ഭൌതിക സാമൂഹിക സംവിധാനങ്ങളില്‍ തങ്ങളുടെ ബൌദ്ധികമേഖലക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത
പൌരോഹിത്യവും , അവര്‍ സംവിധാനം ചെയ്യുന്ന ആത്മീയതയും സമൂഹത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
സമ്പത്തിന്റെ അടിസ്ഥാന സ്രോതസ്സ് സൃഷ്ടാവ് ആണെന്നും, അതിന്റെ കൈകാര്യ കര്‍ത്താവ്‌ മാത്രമാണ് മനുഷ്യരെന്നും വ്യക്തമാക്കിയാണ് സൃഷ്ടാവ് ഇസ്ലാമിനെ ഭൂമിയില്‍ സമര്‍പ്പിക്കുന്നത്. അവിടെ സമ്പത്തിന്റെ നീതി പൂര്‍വകമായ കൈമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്, ഹലാലുകള്‍ ഹരാമുകളെ നിഷ്കാസനം ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ സമ്പത്ത് ചൂഷണം ചെയ്യുന്ന സാമൂഹിക അവസ്ഥയെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിലൂടെ ഉള്ളവന്‍, ഇല്ലാത്തവന്റെ വളര്‍ച്ചക്ക് നിദാനമാകേണ്ടതുണ്ട്. പക്ഷെ..
ഇതെല്ലാം സംഭവിക്കുന്നു എന്നും, മാതൃകയാകുന്നു ഞങ്ങളെന്നും പറയാന്‍ കഴിയുന്ന സമൂഹം എവിടെ !
ഇപ്പോള്‍, "നിന്റെ വിളിക്ക് ഉത്തരം ആയി ഞങ്ങള്‍ വന്നിരിക്കുന്നു" എന്നാ ശബ്ദം മുഖരിതമാകുന്നുണ്ടാകണം കഅബയില്‍ !
ചരിത്രത്തിന്റെ കാലടി പാടുകള്‍ക്ക് ജീവന്‍ വെക്കുകയാണ് ഇനിയുള്ള ഹറമിലെ ദിനങ്ങള്‍.
ഒരു സ്വപ്നത്തില്‍ തന്റെ എല്ലാമായതിനെ സൃഷ്ടാവിന്റെ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകന്‍. ഒരു സ്വപ്നം, അത് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടുള്ള പ്രയാണം, അത് കൊണ്ട് തന്നെ ഇബ്രാഹിം പ്രവാചകനെ മാതൃകയാക്കി കാണിക്കുന്നു കുര്‍ ആന്‍.
അതെ കുര്‍ ആന്‍ സ്വപ്നതിലൂടെയല്ലാതെ, മനുഷ്യ സമൂഹത്തോട് ശക്തമായി പറയുന്നു. "നമസ്കാരവും, സക്കാത്തും കൃത്യമായി നിര്‍വഹിക്കുവാന്‍" അവരാണ് വിജയികള്‍ എന്നും ! ഇവിടെ ആരാണ് അത് ഏറ്റെടുക്കുന്നത്, ആരാണ് വരുമാനം കണക്കാക്കി സമ്പത്തില്‍ നിന്നും സക്കാത്ത് കൃത്യമായി അവകാശികള്‍ക്ക് കൊടുത്തു പവിത്രമാകുന്നത്. ആരാണ് തങ്ങള്‍ക്കു പ്രിയപ്പെട്ട സമ്പത്തിനെ പറഞ്ഞ പ്രകാരം ത്യജിക്കാന്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ദരിദ്രര്‍ തങ്ങളുടെ കഷ്ട്ടപാടുകളില്‍, കൊട്ടാര സമാനമായ വീടുകള്‍ കയ്യേറിയ കൃഷി സ്ഥലങ്ങല്‍ക്കുമപ്പുരം ഉഴലുന്നുണ്ടാകണം. തങ്ങള്‍ക്കന്ന്യമാക്കപെട്ട ധനത്തിന്റെ കൈകാര്യ കര്‍ത്താക്കളുടെ കച്ചവടങ്ങളും, റിയാല്‍ എസ്റ്റെ ററുകളും ഇല്ലാത്തൊരു ലോകത്ത്...
കഅബയില്‍ ആരാണ് സൃഷ്ട്ടാവിന്റെ വിളിക്ക് യഥാര്‍ത്ഥ ഉത്തരമായി എത്തുന്നത്‌.. അങ്ങിനെയാണെന്ന് നിങ്ങള്‍ പറഞ്ഞുവെങ്കില്‍.....!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...................

Wednesday, September 23, 2009

വ്രതാനന്തര വാര്‍ത്തകള്‍ !

ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ്‌ ആഘോഷിച്ചു.

സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ്‌ ആഘോഷിച്ചു.

ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.

ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,

ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..

ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ്‌ അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ്‌ ആഘോഷിച്ചു.

ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ്‌ ആഘോഷിച്ചു.

പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...

ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ

ഇനിയുള്ള ജീവിത രംഗങ്ങള്‍..

അതോ,

അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !

എക്സ്‌ ക്യൂസ്മി.

....................................