
Thursday, November 26, 2009
Tuesday, November 17, 2009
ചരിത്രം ആവശ്യപെടുന്നത്

ജനപഥങ്ങള്‍ ഒഴുകുകയാണ്.
ചരിത്രത്തിന്റെ കാലടി പാടുകള്‍ പിന്തുടര്‍ന്ന്.
മനസ്സുകളില്‍ വിശ്വാസത്തിന്റെ തീവ്രമായ അലയടികള്‍ അവരില്‍ ഓരോരുത്തരിലും ഉയരുന്നുണ്ടാകണം.
അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ഒരിക്കല്‍ ജീവിതത്തില്‍ വിശ്വാസിയോട് ചെയ്യണമെന്നു ആവശ്യപെടുന്നതും, എന്നാല്‍ സമ്പൂര്‍ണമായ ജീവിത കര്‍മങ്ങള്‍ സമ്മേളിക്കുന്നതുമായ സമയങ്ങള്‍, അര്‍ത്ഥപൂര്‍ണമായ ഇസ്ലാമിന്റെ പ്രായോഗിക ധര്ശനങ്ങള്‍ക്ക് ഉത്തമ ഉദാഹരണം തന്നെ.
"നമസ്കാരം"
"സക്കാത്ത്"
അതിലും സമത്വം, സാമൂഹിക നീതി പ്രകടമാകുന്നു.
ഇസ്ലാം അങ്ങിനെയാണ്.
വിശ്വാസം വാക്കുകളിലുള്ള വെറും വിശ്വാസികളെ, ഭക്തരെ സൃഷ്ടിക്കുകയല്ല, വിശ്വാസം ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എപ്രകാരം ഒരു സമൂഹത്തെ സജീവമാക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. "നിങ്ങള്‍ മനുഷ്യര്‍ക്ക് ഉത്തമമായ മാതൃകയാണ് എന്ന് കുര്‍ ആന്‍ അടിവരയിടുന്നത് അത് കൊണ്ട് മാത്രമാണ്.
ഇതെല്ലാം സംഭവിക്കുന്നു എന്നും, മാതൃകയാകുന്നു ഞങ്ങളെന്നും പറയാന്‍ കഴിയുന്ന സമൂഹം എവിടെ !
ഇപ്പോള്‍, "നിന്റെ വിളിക്ക് ഉത്തരം ആയി ഞങ്ങള്‍ വന്നിരിക്കുന്നു" എന്നാ ശബ്ദം മുഖരിതമാകുന്നുണ്ടാകണം കഅബയില്‍ !
ചരിത്രത്തിന്റെ കാലടി പാടുകള്‍ക്ക് ജീവന്‍ വെക്കുകയാണ് ഇനിയുള്ള ഹറമിലെ ദിനങ്ങള്‍.
ഒരു സ്വപ്നത്തില്‍ തന്റെ എല്ലാമായതിനെ സൃഷ്ടാവിന്റെ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകന്‍. ഒരു സ്വപ്നം, അത് ഏറ്റെടുത്തു കൊണ്ട് മുന്നോട്ടുള്ള പ്രയാണം, അത് കൊണ്ട് തന്നെ ഇബ്രാഹിം പ്രവാചകനെ മാതൃകയാക്കി കാണിക്കുന്നു കുര്‍ ആന്‍.
അതെ കുര്‍ ആന്‍ സ്വപ്നതിലൂടെയല്ലാതെ, മനുഷ്യ സമൂഹത്തോട് ശക്തമായി പറയുന്നു. "നമസ്കാരവും, സക്കാത്തും കൃത്യമായി നിര്‍വഹിക്കുവാന്‍" അവരാണ് വിജയികള്‍ എന്നും ! ഇവിടെ ആരാണ് അത് ഏറ്റെടുക്കുന്നത്, ആരാണ് വരുമാനം കണക്കാക്കി സമ്പത്തില്‍ നിന്നും സക്കാത്ത് കൃത്യമായി അവകാശികള്‍ക്ക് കൊടുത്തു പവിത്രമാകുന്നത്. ആരാണ് തങ്ങള്‍ക്കു പ്രിയപ്പെട്ട സമ്പത്തിനെ പറഞ്ഞ പ്രകാരം ത്യജിക്കാന്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ദരിദ്രര്‍ തങ്ങളുടെ കഷ്ട്ടപാടുകളില്‍, കൊട്ടാര സമാനമായ വീടുകള്‍ കയ്യേറിയ കൃഷി സ്ഥലങ്ങല്‍ക്കുമപ്പുരം ഉഴലുന്നുണ്ടാകണം. തങ്ങള്‍ക്കന്ന്യമാക്കപെട്ട ധനത്തിന്റെ കൈകാര്യ കര്‍ത്താക്കളുടെ കച്ചവടങ്ങളും, റിയാല്‍ എസ്റ്റെ ററുകളും ഇല്ലാത്തൊരു ലോകത്ത്...
കഅബയില്‍ ആരാണ് സൃഷ്ട്ടാവിന്റെ വിളിക്ക് യഥാര്‍ത്ഥ ഉത്തരമായി എത്തുന്നത്.. അങ്ങിനെയാണെന്ന് നിങ്ങള്‍ പറഞ്ഞുവെങ്കില്‍.....!
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...................
Wednesday, September 23, 2009
വ്രതാനന്തര വാര്‍ത്തകള്‍ !
ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ് ആഘോഷിച്ചു.
സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ് ആഘോഷിച്ചു.
ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.
ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,
ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..
ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ് അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ് ആഘോഷിച്ചു.
ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ് ആഘോഷിച്ചു.
പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...
ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....
വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ
ഇനിയുള്ള ജീവിത രംഗങ്ങള്‍..
അതോ,
അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !
എക്സ് ക്യൂസ്മി.
....................................
Saturday, September 19, 2009
Monday, August 24, 2009
ഒരു റമദാന് കൂടി
നോമ്പ് തുറകളും , ഇഫ്താര് പാര്ട്ടികളും ഇനി തക്രുതിയാകും ,അതിലൂടെ നേടുന്ന തങ്ങള്‍ ആഗ്രഹിക്കുന്ന പേരും , പെരുമയും.സംഘടനകളും നേതൃത്വങ്ങളും തങ്ങളുടെ അനുയായികളുമായി ഈ പവിത്ര ദിനങ്ങളെ ആഘോഷ മാക്കുന്നിടത്തേക്ക് വ്രതത്തെ, ഇഫ്ത്താരുകളെ മാറ്റിയിരിക്കുന്നു .
വ്രതമാനുഷ്ടിക്കുന്നവര് ഒരുപാടുണ്ട് , പക്ഷെഈ കൂട്ട നോമ്പ് തുറകളും , ഇഫ്താര് പാര്ടികളും അര്ഹതപെട്ടവരെ അകറ്റി നിറുത്തുന്നില്ലേ !.
രാഷ്ട്രീയക്കാരുടെ ഇഫ്താര് ബഫെകള് വാര്ത്തകളില് നിറയുന്ന കാലം. തങ്ങളുടെ കച്ചവട രാഷ്ട്രീയ ഭിന്നതകള്‍ കുറക്കാന് ഈ ഭക്ഷണ മാമാന്കങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് അവരും മനസ്സിലാക്കി കാണും .
"നിങ്ങള്ക്ക് നോമ്പ് നിര്‍ബന്ധം ആക്കപെട്ടിരിക്കുന്നു , നിങ്ങള് കൂടുതല് ഭയ ഭക്തിയുള്ളവരാകുന്നതിനു " (വി. ഖുര്‍ആന്‍ )
പക്ഷെ............!
സക്കാത്തിന്റെ കാലം
ദരിദ്രര് നിരത്തുകളിലേക്ക് ഒഴുകുന്നുണ്ടാകും ഇപ്പോള്‍ ! ഈ
മാസത്തില് തങ്ങള്ക്കു ലഭിക്കുന്ന നാണയ തുട്ടുകള്ക്ക് വേണ്ടി.
സക്കാത്ത് കണക്കാക്കി പിരിച്ചു അര്ഹതയുള്ളവര്ക്ക് ഉപകാരമാകുന്ന രീതിയില് എത്തിച്ചു കൊടുക്കാന് കഴി യുമായിരുന്ന മഹല്ല് സംവിധാനങ്ങള് തേങ്ങാ പിരിവും , അരിപിരിവും വരി സംഖ്യയുമായി നടക്കുമ്പോള്‍ മഹല്ലുകളിലെ ദരിദ്രര്‍ സഹായത്തിനായി മറ്റു ഭാഗത്തേക്ക് പോകുന്നു.
“പണ്ഡിതര്‍ ” അധര വ്യായാമം നടത്തി മസ്ജിധുകളില്‍ മസ്അലകളുമായി സംഘടിത സകാതിനെതിരെ നിലകൊള്ളുന്നു.
ഒരു സാമ്പത്തിക സംതുലിതത്വം സൃഷ്ടിക്കുമായിരുന്ന അല്ലാഹുവിന്റെ സാമ്പത്തിക ശാസ്ത്രത്തെ തകിടം മറിച്ചു പൌരോഹിത്യം നിലകൊള്ളുമ്പോള്‍ ഇസ്ലാം വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു .
മാതൃക സൃഷ്ടിക്കുമായിരുന്ന മനുഷ്യ സമൂഹത്തിലെ ഒരു വിഭാഗം ഇങ്ങിനെയൊക്കെയാണ് ഇന്ന്.
ഈ റമദാന്‍ ഒരു പുനര്‍ വിചിന്തനത്തിനു നിമിത്തമാകട്ടെ.
Thursday, June 18, 2009
ടിഷ്യൂ കള്‍ച്ചര്‍ !
കുറച്ചു നാള്‍ മുമ്പ് ആത്മീയത ഒരു വിവാദ വിഷയമായിരുന്നു,
അതുവരെ നല്ല ആത്മീയത എന്ന പോലെ സമൂഹം അത് നുണഞ്ഞിരുന്നു .
ആരും ഒന്നും മിണ്ടിയില്ല,
നാല് കണ്ണുള്ള മീഡിയയും. എല്ലാവരും കണ്ണടച്ച് ധ്യാനത്തില്‍ അമര്നിരുന്നു.
"ആത്മീയതയുടെ" സ്റോക്ക് ഇന്ഡക്സ് കുത്തനെ ഉയര്ന്നു. പല പേരുകളില്‍ എല്ലാം "ഒര്‍ജിനല്‍" !
താടികള്‍ക്ക് വികാരത്തിന്റെ തീ പിടിക്കുന്നതും, അന്തരീക്ഷത്തില്‍ കരിഞ്ഞ മണം വരുന്നതും സമൂഹം അറിഞ്ഞു.. ആദ്യത്തെ കാഴ്ച പോലെ മീഡിയയും അതിന്റെ പിന്നാലെ കാമറയുമായി ആര്‍ത്തിയോടെ പാഞ്ഞു.
തങ്ങളുടെ "ഹിമാലയ സാനുക്കളില്‍ " നിന്നും നിന്ന നില്‍പ്പില്‍ പലരും അപ്രത്യക്ഷരായി.
പര്‍ണ്ണ ശാലകള്‍, പ്രാര്‍ഥനകള്‍ എല്ലാം നിശബ്ദമായി.
പിന്നെ, ഓരോ ദിവസവും ആളുകള്‍ അവരുടെ ആത്മീയവീര കഥകള്‍ വായിച്ചു, ഫോടോ കണ്ടു രസിച്ചു വ്യാജനെന്നും, ഒരിജിനലെന്നും ആളുകള്‍ പറയാന്‍ പഠിച്ചു. സമൂഹം പലതും കണ്ടും, പല വേഷവും, കോലവും. എല്ലാ മതത്തിലെയും വേഷങ്ങള്‍ അതിലുണ്ടായിരുന്നു.
ഒരു യദാര്‍ത്ഥ കൊപെരെടീവ് സോസൈടി !
ആത്മീയത അങ്ങിനെയാണ്. ഓരോ മതത്തിലും അതിന്റെ സാധ്യതകള്‍ എപ്രകാരം ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടത്തുന്ന "ബുദ്ധിമാന്മാര്‍" . അവര്‍ തങ്ങള്‍ക്കു വളക്കൂറുള്ള മണ്ണില്‍ തങ്ങളുടെ പണി ആയുധങ്ങളുമായി കൃഷിയിറക്കുന്നു. ഇറങ്ങേണ്ട താമസം ! ദാ വരുന്നു.. ദാസന്മാര്‍, ഭക്തന്മാര്‍, വിശ്വാസികള്‍, വിശ്വാസിനികള്‍. പിന്നെ കൊയ്തുല്സവം പൊടി പൊടിക്കുന്നു. നല്ല വിളവു!
നോ ബുസിനസ് മാനെജ്മെന്ടു തിയറി, നോ എം ബി എ. നോ ഫൌണ്ടേഷന്‍ കോഴ്സ്. പിന്നെ എങ്ങിനെ ഈ ബിസിനസ് സ്ട്രാ ടജി കൂളായി വിജയിച്ചു, വിജയിക്കുന്നു. പ്രോഫശനലായി കൊടുക്കുന്ന പരസ്യം, മീഡിയയിലും, പത്രത്തിലും,ഡിജിറ്റല്‍ എഫെക്ടില്‍ ബോര്‍ഡുകള്‍..എല്ലാവരും വായിക്കുന്നു, പലരും ഈ ആത്മീയ ആചാര്യന്മാരുടെ ഭക്തന്മാരാകുന്നു. രാഷ്ട്രീയവും, അധികാരവും, സാമൂഹികവും , കോര്‍ പരെറ്റ് ഭാഷയും , ആത്മീയതയും, എല്ലാം കൂട്ടി കുഴച്ച് വലിയ ഉരുളയാക്കി ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് കൊടുക്കുന്നു.
താനും അവരെ പോലെയുള്ള വെറും മനുഷ്യന്‍ മാത്രമാണെന്ന ചിന്ത മനസ്സില്‍ ഒളിപിച്ചു ഉള്ളില്‍ ചിരിച്ചു, മുഖത്ത് "ഭക്തി"യുടെ തിരി കത്തിച്ച് ആത്മീയ ദിവ്യന്‍ ചോദിക്കും,
എന്താണ് വേണ്ടത് ?
ഭക്തര്‍ തങ്ങള്‍ അനുഭവിക്കുന്ന കുറവുകളും, ആവശ്യങ്ങളും നിരത്തും, അരുള പാടിന് ചെവിയോര്‍ത്തു നില്‍ക്കുമ്പോഴും ആത്മീയന്‍ ഉള്ളില്‍ ചിരിക്കുന്നത് ആരറിയാന്‍.!
തങ്ങള്‍ക്കു സംഭവിച്ച നൈരാശ്യങ്ങളില്‍ നിന്നും, വീക്നെസ്സുകളില്‍ നിന്നും, രക്ഷ നേടുക എന്നതായിരിക്കണം ആത്മീയതുടെ കാതല്‍. അതിലൂടെ എല്ലാം നേടാമെന്ന ഒരു സാമ്പത്തിക ശാസ്ത്രം. വിധയാഭ്യാസമുള്ളവനും, പണക്കാരനും, രാഷ്ട്രീയകാരനും, ഉദ്യോഗ സ്തരും അങ്ങിനെ ഓരോരുത്തരും, അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ഒരു കേന്ദ്രം. ആ " ശൂന്യത" വളരെ ഫല പ്രദമായി കൈകാര്യം ചെയ്യുന്നു, ഈ ആത്മീയത. തന്റെ പ്രശ്നത്തിനുള്ള പരിഹാരമാണ് താന്‍ ചെയ്യുന്നതെന്ന് "ഈ ഭക്തന്മാര്‍" അറിയാതെ എത്രത്തോളം പോകുന്നു എന്നത് വരെയാണ് അതിന്റെ വിജയത്തിന്റെ ആയുസ്സ്. തട്ടിപ്പ് പുറത്തു വരുന്നത് വരെ അത് സത്യമായി സമൂഹം കണ്ടു കൊണ്ടിരിക്കും. പുറത്തു അറിഞ്ഞാല്‍ എല്ലാവരും ആര്‍ത്തു വിളിക്കും, വ്യാജന്‍ ...വ്യാജന്‍ ...!
മീഡിയ പേനയും, കാമറയുമായി പിന്നാലെ പായും.
അറിയേണ്ടത്: ആത്മീയത എന്നത് വ്യാജമാണ്. ആത്മീയതയെയും, അതിന്റെ വളക്കൂറു മുതലെടുത്ത് ജനങ്ങളെ ചൂഷണം ചെയ്യുന്ന പൌരോഹിത്യത്തെയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുക എന്നതായിരുന്നു, എന്നതാണ് ഇസ്ലാമിന്റെ ലക്‌ഷ്യം. അതിനായിരുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ വന്നത്. ഓരോ സമൂഹത്തെയും ചൂഷണം ചെയ്ത വ്യവസ്ഥിതികല്‍ക്കെതിരെയാണ് അവര്‍ നിലകൊണ്ടത്. ഇന്ന് നിലവിലുള്ള "സാമ്പത്തിക ആത്മീയതും" അതില്‍ നിന്ന് ഭിന്നമല്ല. എല്ലാ ഭൌതിക സൌകര്യങ്ങളും ഉപയോഗിച്ച് ആത്മീയത പ്രസംഗിച്ചു നടക്കുന്ന അഭിനവ പുരോഹിതര്‍. സമൂഹത്തെ നിഷ്ക്രിയരക്കി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നു. സമൂഹത്തിനു ദിശാ ബോധം നല്‍കുന്നതിനു ചാലകമാകെണ്ടിയിരുന്ന "സ്ഥാനത്ത്" സ്വയം അവരോധിച്ചു ഇതാണ് ഇസ്ലാം എന്നും ഇതാണ് ആത്മീയതയെന്നും പറഞ്ഞു സമൂഹത്തെ നയിച്ചു. സമൂഹത്തിനു മാര്‍ഗധര്‍ഷകമാകേണ്ട , മാതൃകയാകേണ്ട സമൂഹത്തെ, അവരുടെ ജീവിതത്തില്‍ എല്ലാ മേഖലയിലും "മറ്റുള്ളവരെ " മാതൃകയാക്കി ജീവിതത്തില്‍ സീകരിക്കേണ്ട ദുരവസ്ഥയില്‍ എത്തിച്ചു . ഇസ്ലാം എല്ലാ മേഖലയിലും നോക്ക് കുത്തിയായി. ടി വി ഹരാമാനെന്നു പറയുമ്പോഴും തങ്ങളുടെ വിഡി ത്വങ്ങള്‍ വിളമ്പുവാന്‍ അതുപയോഗപെടുത്തി. സമൂഹം ചാനലുകളില്‍ , സീരിയലുകളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ കണ്ടു പിടിച്ച ടെക്നോളജിയെ ഉപയോഗിച്ച് മാതൃകയാകുന്ന ഒരു ചാനല്‍ പോലും തുടങ്ങാന്‍ കഴിയാതെ വിഡ്ഢി വേഷം കെട്ടുന്ന നേതൃത്വങ്ങള്‍, പ്രായോഗിക മാകാത്ത കാര്യങ്ങള്‍ പറഞ്ഞു , വരട്ടു ആത്മീയതയുമായി സമൂഹത്തില്‍ നില നിലക്കുവോളം ഇസ്ലാമിന്റെ മാതൃക സമൂഹത്തിനു അന്യമായിരിക്കും, സമൂഹത്തില്‍ "യഥാര്‍ത്ഥ ഇസ്ലാമും" അന്യമായിരിക്കും. ഓരോ മനുഷ്യര്‍ക്കും കിട്ടിയ വിജ്ഞാനത്തെ, അറിവിനെ വിവേകം ഉപയോഗിച്ച് ചിന്തയെ മറ്റുള്ളവര്‍ക്ക് പണയം വെക്കാതെ സ്വതന്ത്രമായി ഉപയോഗിച്ചാല്‍ മാത്രമേ ഇസ്ലാം സമൂഹത്തില്‍ നിര്‍വഹിക്കേണ്ട റോളിനെ കുറിച്ച് , അത് ലക്‌ഷ്യം വെക്കുന്ന മാതൃക സമൂഹത്തെ കുറിച്ച് ബോധവാനാകാന്‍ കഴിയൂ. അതല്ലാതിടത്തോളം ഇസ്ലാം"മതം" മാത്രമായിരിക്കും.
പ്രവാചകന്‍ പറഞ്ഞു : വഴിയില്‍ നിന്ന് ഒരു തടസ്സം നീക്കി കളയുന്നത്...
അയല്ക്കാരന് ഭക്ഷണം നല്‍കുന്നത്.......
തനിക്കിഷ്ടപെട്ടത് മറ്റൊരാള്‍ക്ക് നല്‍കുന്നത്...
പുന്ചിരിക്കുന്നത്.....
രോഗിയെ സന്ദര്‍ശിക്കുന്നത്......
വിജ്ഞാനം നേടുന്നത്..............!
ചായ് ! ഇതെന്തു ആത്മീയത ! ഇത് ആത്മീയതയല്ല,
ഇത് ഭൌതിക മല്ലെ.. !
അതെ അതാണ് പ്രവാചകന്മാരുടെ പ്രായോഗിക "ആത്മീയത" ! അത് പുരോഹിതന്മാര്‍ക്ക് മനസ്സിലാകില്ല. അവരെ പിന്തുടരുന്ന സമൂഹത്തിനും.!
Thursday, May 21, 2009
പൂച്ചക്ക് ആര് മണി കൊട്ടും !

"വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ വരികള്‍ക്കിടയില്‍ ഇങ്ങിനെ പറഞ്ഞത് ഓര്‍മയില്‍ വരുന്നു , "
"മുസ്ലീന്കള്‍ ഒന്നിച്ചു ഒരു കുന്നിന്റെ മുകളിലിരുന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചു പോകുന്ന ശത്രുക്കളെ അവര്‍ക്കുള്ളൂ, പക്ഷെ, പക്ഷെ...അവര്‍ ഒന്നിച്ചിരുന്നു...ഒഴിക്കില്ല..."
എന്താണ് നിങ്ങള്ക്ക് ഒരുമിച്ചിരുന്നു മൂത്രമൊഴിക്കാന്‍ ......!?
താങ്കള്‍ പറഞ്ഞതു ശരിയാണ് ...
"..............................."
എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത് ! ഇങ്ങിനെ സംഭവിക്കുന്നത് !
അതിനു മാത്രം വിഭാഗിയമാകാന്‍ എന്ത് മാത്രം ഗൌരവമേറിയ പ്രശ്നങ്ങളില്‍ ആണ് ഈ ആശയങ്ങള്‍ എത്തി പെട്ടിരിക്കുന്നത്...?
ഒന്നായി മുന്നോട്ട് ഗമിക്കേണ്ട ഇസ്ലാമിക സമൂഹത്തില്‍ ഈ വിഘടന സിദ്ധാന്തങ്ങള്‍ക്ക് കാര്യ മാത്രാ പ്രസക്തി എത്രത്തോളമുണ്ട്. ഒരു വിഘടനം സൃഷ്ടിക്കുന്നതിനു മാത്രം അതിനൊക്കെ ന്യായങ്ങള്‍ കാണാന്‍ കഴിയുമോ ?
എന്നാല്‍ സത്യം വളരെ വ്യക്തമാണ് . ഒരു വിഘടനം സൃഷ്ടിക്കേണ്ട തരത്തിലുള്ള ഗൌരവ തരമായ ഒരു ആദര്‍ശ വ്യതിയാനങ്ങളും ആരിലും ഇല്ല എന്നതാണ് വസ്തുത. പിന്നെ ആരോക്കെയെ ഇതിനെ ഊതി വീര്പിച്ചു, വ്യാഖ്യാനിച്ചു സമൂഹത്തെ ദുര്ഭലപെടുതുന്ന രീതിയില്‍ ചരട് വലികള്‍ നടത്തുന്നു.
ഈ ആദര്‍ശ വൈജാത്യങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം, എന്നീട്ട് അതെ പറ്റി സ്വയം ഒരു വിശകലത്തിനു തയ്യാറാകാം.
പ്രബലമായ ഒരു അനുയായി വൃന്ടമുള്ള ഒരു സംഘടന, അനുഷ്ടാനങ്ങള്‍ കൊപ്പം പാരമ്പര്യ ആചാരങ്ങളും , പ്രവാചകനെ വര്‍ണിക്കുന്ന മൌലൂടുകളും, രാതീബ്, ദിക്ര്‍, സ്വലാത്ത്, എന്നിവ സംഘടിത രൂപത്തില്‍ നിര്‍വഹിച്ചു പോരുന്നു. ഖുതുബ അറബിയില്‍ തന്നെ വേണമെന്ന പോലെയുള്ള കാര്യങ്ങളില്‍ പോലും അവര്‍ കണിശത കാണിക്കുന്നു. അല്ലാഹുവിനു പുറമേ , ഔലിയാക്കളോട് ഉദ്ദിഷ്ട കാര്യത്തിനായി ഇടതെടി പ്രാര്തിക്കമെന്നും അനുയായികളോട് പറയുന്നു.
ആ സംഘടന പിന്നീട് പിളര്‍ന്നു രണ്ടു കഷണമായി, അതോടൊപ്പം അണികളും പിളര്‍ന്നു, ഓരോരുത്തര്‍ക്കും ഒരു നേതൃത്വവും, സ്ഥാപനങ്ങളുമായി നിലനിന്നു പോരുന്നു.
രണ്ടു, ഈ മേല്‍ പറഞ്ഞതിനെ പൂര്‍ണ്ണമായി അന്ഗീകരിക്കുന്നില്ലെന്കിലും, സൃഷ്ടാവായ അല്ലാഹുവിനോട് മാത്രമായിരിക്കണം പ്രാര്‍ത്ഥന എന്ന് സമൂഹത്തോട് പറയുന്നു. നമസ്കാരത്തില്‍ കൈ
അടുത്ത സംഘടന ,ഇസ്ലാമിന്റെ സംപൂര്‍ണതയെ കുറിച്ച് പറയുമ്പോള്‍ അവ എപ്രകാരം സംപൂര്‍നമാകുന്നു എന്ന് സമൂഹത്തെ ബോധ്യപെടുത്തുന്നു. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ ഇസ്ലാമിന്റെ അധ്യാപനങ്ങളെ കുറിച്ച് അപഗ്രഥിച്ചു പറയുന്ന ഇവര്‍ സമയം ആവശ്യപെടുന്ന, സാമൂഹിക, സാംസ്കാരിക രംഗ ങ്ങളിലും, ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തികൊണ്ടിരിക്കുന്നു.
ഇവിടെ പ്രസക്തമായ ഒരു വസ്തുത, ഈ സംഘടനയുടെ നേതൃത്വങ്ങളും, അനുയായികളും എല്ലാവരും ഇസ്ലാമിനെ ജീവിത ആദര്‍ഷമായി സീകരിച്ചിരിക്കുന്നു എന്ന് മാത്രമല്ല, എല്ലാവരും, ഏകനായ സൃഷ്ടാവിനെ അംഗീകരിക്കുകയും, അടിസ്ഥാന കര്‍മങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്നു. അതില്‍ യാതൊരു വിധ തര്‍ക്കങ്ങളും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഊതി വീര്പിച്ചു തര്‍ക്കിക്കാന്‍ വേണ്ടി സൃഷ്ടിച്ചെടുത്ത നിസ്സാര കാര്യങ്ങള്‍ മാത്രമായിരിക്കും. ഇത്തരം തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ ചില സംഘടനകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് പോകുന്ന തരത്തിലാനവ നില കൊള്ളുന്നത്. അത് നിലനിര്‍ത്തുക ഒരു അജണ്ട പോലെ തുടരുകയാണെന്ന് തോന്നും. തര്‍ക്കിക്കാന്‍ വേണ്ടി ബിരുടമെടുക്കുകയും, അതിനായി ഗവേഷണങ്ങളിലും, വാചക ങ്ങളുടെയും, ഉപമകളുടെയും ലോകത്ത് വിഹരിച്ചു പൊതു സമൂഹത്തില്‍ വാദ പ്രതിവാടങ്ങളിലും, ഉരുളക്കു ഉപ്പേരിയുമായി പരിപാടികളില്‍ കസറി സ്പെഷ്യ ലിസ്ടുകളായി മാറുന്നവരും സംഘടനകളുടെ പണ്ടിതരില്‍ കാണാം.ഇവര്‍ പറയുന്നത് കേട്ട് ഹരം കൊണ്ട് മറു വിഭാഗത്തെ ആക്ഷേപിച്ചും പരിഹസിച്ചും, നടക്കുന്നതും പതിവ് കാഴ്ചയാണ്. പറയുന്നതിനെ കണ്ണടച്ച് അംഗീകരിച്ചു സംഘടനകളുടെ പിന്നാലെ പോകുന്ന ഒരു അനുയായി വൃന്ടങ്ങലാണ് ഈ വിഘടനങ്ങള്‍ക്ക് ശക്തിയായി നേതൃത്വങ്ങള്‍ കാണുന്നത്. ഓരോ സന്ഘടനക്കും അവര്‍ നേടിയെടുത്ത സാമ്പത്തിക ആസ്തികളും, സ്ഥാപനങ്ങളും ഉണ്ട് എന്നതാണ് യോജിപ്പിന്റെ മേഖലക്ക് തടസ്സമാകുന്നത് എന്ന് അവ തന്നെ തെളിയിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ ഒരു സമൂഹത്തിനു സംഭവിച്ചു കൊണ്ടിരുക്കുന്ന നഷ്ടങ്ങള്‍ എത്രയാണെന്ന് ഇതിന്റെ നേതൃത്വങ്ങള്‍ മനസ്സിലാക്കുന്നില്ല. ആയത്തുകളും, ഹദീസുകളും പറയുമ്പോഴും വിഘടനത്തെ ന്യായീകരിക്കാനും ഇതിനെയൊക്കെ ഉപയോഗിക്കുകയും ചെയ്യും. തങ്ങളാണ് യഥാര്‍ത്ഥ മെന്നു പറഞ്ഞു അനുയായി വൃന്ടങ്ങലുമായി അവര്‍ കോരി തരിച്ചു നടക്കും.
ആരാണ് ശരി, ആരാണ് തെറ്റ്, ആരാണ് ശിര്‍ക്ക് ചെയ്യുന്നത്, ആരാണ് ശിര്‍ക്ക് ചെയ്യാത്തത്, എന്താണ് ശിര്‍ക്ക്.. എന്തല്ല ശിര്‍ക്ക്..ഇതൊന്നും അറിയാതെ ഓരോ നേതൃത്വവും പറയുന്നത് കേട്ട് എല്ലാ സംഘടനകളിലും ആളുകള്‍ സജീവമാണ്. ആരും നരകത്തില്‍ പോകാന്‍ ഇഷ്ടപെടുന്നവരല്ല എന്നതില്‍ എല്ലാവരും ഏക സ്വരവുമാണ് താനും !
അപ്പോള്‍ എന്താണ് പ്രശ്നം !ഈ സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ഇവര്‍ എന്ത് ചെയ്യുന്നു.പള്ളികളില്‍ നിന്നും ഖുതുബ പ്രസംഗം പതിവ് പല്ലവിയുമായി കേള്‍ക്കാം..
പലിശ ഹറാം....., വാങ്ങരുത്, കൊടുക്കരുത്, സാക്ഷി നില്‍ക്കരുത്...
മദ്യം ഹറാം.. വാങ്ങരുത്, കുടിക്കരുത്, അതിനായി കൃഷി ചെയ്യരുത്,
സ്ത്രീ ധനം കൊടുക്കരുത്.. സ്ത്രീക്ക് മഹര്‍ കൊടുക്കുക...വിവാഹം ലളിതമാക്കുക..ധൂര്‍ത്ത് അരുത്..
സിനിമ ഹറാം.. സീരിയല്‍ ഹറാം..
ഇങ്ങിനെ "ഹരാമുകള്‍ "കഥ കേള്‍ക്കുന്ന പോലെയായി സമൂഹം.
കുടുമ്പത്തിന്റെ, സമൂഹത്തിന്റെ അടിത്തറ നിലകൊള്ളുന്നത് സാമ്പത്തിക ത്തിലാണ്. സമ്പത്തിന്റെ വിനിമയവും, ഘടനയുമാണ് കുടുമ്പത്തിന്റെ ശരിയായ മൂല്യങ്ങള്‍ക്ക് അടിത്തറ പാകുന്നത്. അവിടെയാണ് ഇസ്ലാം ശക്തിയായി സമ്പത്തിനെ പലിശ മുക്തമാക്കി ശുദ്ധീകരിച്ചു ഒരു മൂല്യ, ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. പക്ഷെ, എവിടെയാണ് ഇസ്ലാമിക സമൂഹം !
മസ്ജിധുകളുടെ, ഇസ്ലാമിക ധര്‍മ സ്ഥാപനങ്ങളുടെ , സംഘടനകളുടെ ബാങ്ക് അക്കൌണ്ടുകള്‍ വരെ പലിശ കേന്ദ്രീകൃത സ്ഥാപനങ്ങളില്‍ ആണ് എന്നത് മേല്‍ പറഞ്ഞ കുതുബ പ്രസംഗ ങ്ങളിലെ വിഷയങ്ങള്‍ ക്ക് എന്ത് മാത്രം പ്രസക്തി സമൂഹത്തില്‍ ഉണ്ടെന്നു കാണിക്കുന്നു. പലിശ വാങ്ങിക്കുന്നില്ല എന്നാ ന്യായീകരണം പറയുമ്പോഴും ആ പലിശയെന്ന "ഫ്രൂട്ട്" നല്‍കുന്ന ആ മരത്തെ നനച്ചു കൊടുത്തു വളര്‍ത്തി വലുതാക്കാന്‍ എന്ത് മാത്രം സഹായമാണ് ഈ സമൂഹം ചെയ്തു കൊടുക്കുന്നത്. വാങ്ങാത്ത പലിശ യെന്ന ഫ്രൂട്ട് മറ്റുള്ളവരെ കൊണ്ട് തീറ്റിച്ചു സ്വയം കൈ കഴുകുമ്പോഴും, അതിനു ഇരകളായി കൊണ്ടിരിക്കുന്ന ദരിദ്ര സമൂഹത്തെ കണ്ടില്ലെന്നു നടിക്കുന്ന ദ്രോഹവും അതെ സമയം ചെയ്യുന്നുണ്ട്. ഇവിടെ സംഘടനകള്‍ സമൂഹത്തിനു യാതൊരു ദിശാ ബോധമോ, ഒരു പലിശ രഹിത മാതൃക സ്ഥാപനമോ സമര്‍പ്പിക്കാന്‍ പോലും കെല്‍പ്പില്ലാതെ മേല്‍ പറഞ്ഞ നിസ്സാര കാര്യങ്ങളില്‍ ഉഴറി കൊണ്ടിരിക്കുകയാണ്. സമൂഹം പലിശയിലും, അവ ഉള്‍കൊള്ളുന്ന ഇന്ശൂരന്‍സ് നിക്ഷേപങ്ങളിലും , സ്വകാര്യ കുറികംപനികളിലും യഥേഷ്ടം വിഹരിക്കുകയാനു. ഇതിനെതിരെ സംഘടനകളുടെ പണ്ഡിതര്‍ വെറുതെ ഗീര്‍ വാനങ്ങള്‍ വിടുമ്പോഴും ആ നഗ്ന യധാര്ത്യത്തെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല.!
എന്നാല്‍ ചില സംഘടനകള്‍ അണികളുമായി നിസ്സാരമായ കാര്യങ്ങളുടെ പിറകെയാണ്. അണികലാകട്ടെ അവരുടെ സാമ്പത്തികം ഇസ്ലാം നിരോധിച്ച വ്യവസ്തിയില്‍ നിക്ഷേപിച്ചു "ഈ വിഘടന കാര്യങ്ങളുമായി" നേതൃത്വത്തിന്റെ പിന്നാലെയുമാണ്.
ഈ സംഘടനകള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു. പ്രധാനമായതിനെ വിട്ടു നിസ്സാരമായ പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നതിന്റെ ഔചിത്യം പുനര്ചിന്തക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.ആശയ വൈജാത്യങ്ങള്‍ നിലനിര്‍ത്തി തന്നെ, പരസ്പരം അംഗീകരിച്ചു ഒരു ഐക്ക്യം സാധ്യമാക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ഒരേ വേദിയില്‍ നില കൊള്ളൂ ന്നുവേന്കില്‍ ഒരു സമൂഹം എന്ന നിലയില്‍ പലതും മാതൃകയായി പൊതു സമൂഹത്തിനു സമര്‍പ്പിക്കാന്‍ കഴിയും. അവിടെ ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ പൊതു സമൂഹത്തിനു വ്യക്തമാകുകയും ചെയ്യും.
വാല്‍ മുറി: ലക്ഷ്മണന്‍ ചേട്ടന്‍ മുസ്ലീമല്ല. അദ്ദേഹം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബര്‍ ആയി പണിയെടുക്കുന്നു. വിയര്‍പ്പു വറ്റുമ്പോള്‍ സമൂഹത്തെ നിരീക്ഷിച്ചു ചില സത്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തും.നേത്രുത്വങ്ങല്‍ക്കില്ലാതെ പോയ പ്രധാനപെട്ട എന്തോ ഒന്ന് അദ്ധേഹത്തിനു ഉണ്ട് എന്ന് ഒരുപക്ഷെ എന്നെപോലെ ബഹുമാന്യരായ സന്ദര്‍ശകരും സമ്മതിക്കും..!
